തിരുവനന്തപുരം: കേരളത്തിൽ വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ബിസിസിഐ അനുമതി നൽകി. മത്സരത്തിന് ഇനിയും മാസങ്ങൾ ബാക്കിയാണെങ്കിലും വേദി സംബന്ധിച്ച് തർക്കം വേറെ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.തിരുവനന്തപുരത്തെന്ന് ആദ്യം പ്രഖ്യാപിച്ച മത്സരം ഞൊടിയിടയിൽ കൊച്ചിയിലേക്കെന്ന് മാറ്റി തീരുമാനിച്ചു. കോടികൾ ചിലവഴിച്ച് സംസ്ഥാന സർക്കാർ അണ്ടർ 17 ലോകകപ്പിന് വേണ്ടി നിർമ്മിച്ച ടർഫ് എന്തിന് വേണ്ടിയാണ് മറ്റൊരു ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കുത്തിപ്പൊളിക്കുന്നതെന്ന് ചോദ്യവുമായി ഫുട്ബോൾ താരങ്ങൾ ഉൾപ്പടെ രംഗതെത്തിക്കഴിഞ്ഞു. കൊച്ചിയിലേക്ക് അനാവിശ്യമായ വാശിയുപയോഗിച്ച് ക്രിക്കറ്റ് മത്സരം എത്തിക്കുന്നത് വൻ തുക കമ്മീഷനായി അടിച്ചെടുക്കാൻ വേണ്ടിയാണെന്നാണ് ആരോപണം ഉയരുന്നത്.

കൊച്ചിയിലെ ഗ്രൗണ്ട് ഫുട്ബോൾ മത്സരങ്ങൾക്ക് അനിയോജ്യമായ രീതിയിൽ കഴിഞ്ഞ വർഷമാണ് മാറ്റി പണി കഴിപ്പിച്ചത്. കോടികൾ ചെലവാക്കിയാണ് ഫിഫ അംഗീകാരം ലഭിച്ച രാജ്യത്തെ ആറ് സ്റ്റേഡിയങ്ങളിലൊന്നായി പട്ടികയിൽ കൊച്ചിയും ഇടം പിടിച്ചത്.ഇവിടെയാണ് ഇപ്പോൾ ക്രിക്കറ്റിന് വേണ്ടി മുഴുവൻ കുത്തിപ്പൊളിക്കണമെന്ന് വാദിക്കുന്നത്. അതും എപ്പോൾ വേണമെങ്കിലും ക്രിക്കറ്റ് മത്സരം നടത്താൻ തയ്യാറായി തിരുവനന്തപുരത്തെ സ്റ്റേഡിയമുള്ളപ്പോൾ. ഒരു വേദി തയ്യാറായി കിടക്കുമ്പോൾ മറ്റൊന്നിനായി പണം മുടക്കുന്നതിന് പിന്നിൽ അഴിമതിയാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.

കൊച്ചിയിലെ സ്റ്റേഡിയം ക്രിക്കറ്റിന് അനിയോജ്യമാക്കി മാറ്റിയെടുക്കണമെങ്കിൽ കോടികളാണ് ചെലവ് വരുക. പിച്ച് നിർമ്മാണവും, വിഐപി ബോക്സ് ഒരുക്കവുമെല്ലാം ആദ്യം മുതൽ തുടങ്ങണം. ആദ്യം ഗ്രൗണ്ടിന്റെ ഘടന തന്നെ മുഴുവനായി മാറ്റേണ്ടി വരും. ഇപ്പോഴത്തെ പുൽ പ്രതലത്തിന്റെ കട്ടി തന്നെ കുറഞ്ഞത് നേരം പകുതിയായെങ്കിലും കുറയ്ക്കേണ്ടിവരും. ഗ്രൗണ്ടിലെ ഡ്രെയ്നേജ് സിസ്റ്റം മുഴുവനായി മാറ്റി പണിയകഴിപ്പിക്കേണ്ടി വരും. സ്റ്റേഡിയത്തിന്റെ സുരക്ഷയിലും കെട്ടുറപ്പിലും ഐഎസ്എൽ മത്സരങ്ങൾക്കിടയിൽ തന്നെ ആശങ്ക ഉയർന്ന സാഹചര്യത്തിൽ അതും പരിഹരിക്കേണ്ടി വരും. ക്രിക്കറ്റ് മത്സരത്തിന് ശേഷം വീണ്ടു ഫുട്ബോളിനായി പ്രതലം മാറ്റുമ്പോൾ വീണ്ടും ചെലവ് കോടികളാണ്.

ഇത്തരത്തിൽ അനാവിശ്യമായി നിർമ്മാണ പ്രവർത്തനം വേണ്ടി വരുമ്പോൾ കോടികളാണ് മുടക്കേണ്ടി വരിക. ഈ കരാറുകൾ നൽകുന്ന വൻ തുകയലെ കമ്മീഷൻ ഉൾപ്പടെയാണ് കെസിഎയിലെ ഒരു വിഭാഗത്തിന്റെ നോട്ടമെന്നും പരാതിയുയരുന്നുണ്ട്. മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ കാര്യത്തിൽ ക്രിക്കറ്റിന്ററെ കാര്യത്തിൽ കൊച്ചിയെക്കാൾ പതിന്മടങ്ങ് മുകളിലാണ് തിരുവനന്തപുരം. എപ്പോൾ വേണമെങ്കിലും മത്സരം നടത്താൻ തയ്യാറായി കിടക്കുകയാണ് ഗ്രൗണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കെസിയെക്ക് ഉള്ളിൽ തന്നെ ഇത് വരെ ഈ മത്സരത്തെക്കുറിച്ച് ധാരണയായിട്ടില്ല. വെറും രണ്ടാഴ്ച കൊണ്ട് നിസ്സാര തുക മുടക്കിയാൽ മത്സരത്തിന് തലസ്ഥാനം തയ്യാർ. കൊച്ചിയിൽ ഇതേ സ്ഥാനത്ത് വേണ്ടത് കുറഞ്ഞത് നാല് മാസവും പിന്നെ കോടികളുമാണ്.

എറണാകുളം, വടക്കൻ കേരള ലോബിയാണ് കേരള ക്രിക്കറ്റ് അസോസിയേഷനിലെ പ്രബല വിഭാഗം.ഇവരെടുക്കുന്ന തീരുമാനങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്ന മിണ്ടാപ്രാണികളാണ് തെക്കൻ കേരളത്തിൽ നിന്നുമുള്ളത്. വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റിയത് കെസിഎയിൽ പോലും ഒന്ന് ആലോചിക്കാതെയാണ്. സ്വന്തമായി മൈദാനമുണ്ടായിട്ടും വേദി മാറ്റിയതിനെ ചോദ്യം ചെയ്യാൻ ജില്ലാ അസോസിയേഷനോ അതിന്റെ ഭാഗമായുള്ള കെസിഎ പ്രതിനിധികളോ തയ്യാറായിട്ടില്ല.നാളെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ഐഎസ്എൽ ഷെഡ്യൂളും കൊച്ചിയിലെ ഏകദിനവും തമ്മിൽ തീയതികളിൽ പ്രശ്നമുണ്ടാകാതെ തീരുമാനം എടുക്കണം എന്ന വിഷയത്തിൽ ചർച്ച നടക്കും.

തിരുവനന്തപുരത്തിന് അനുവദിച്ച മത്സരം കൊച്ചിയിലേക്ക് മാറ്റിയതിനെ എതിർത്ത് ഫുട്ബോൾ താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗതെത്തിക്കഴിഞ്#ു. മത്സരം നടത്താൻ തയ്യാറായി തലസ്ഥാനത്തെ സ്റ്റേഡിയം ഉള്ളപ്പോൾ കൊച്ചിയിലേക്ക് മാറ്റാനുള്ള തരുമാനത്തെ അത്ഭുതകരമെന്നാണ് മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തിന്റെ എംപിയുമായ ശശി തരൂർ പ്രതികരിച്ചത്. ഇതിന് പിന്നിൽ എന്ത് നേട്ടമാണുള്ളതെന്നും വിഷയം ബിസിസിഐയുടെ ശ്രദ്ധയിൽ പെടുത്തിയതായും തരൂർ പറയുന്നു.അഴിമതതി ആരോപണമാണ് തരൂർ ഉന്നയിക്കുന്നതും.

ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീത്, റിനോ ആന്റോ, ഇയാൻ ഹ്യൂം എന്നിവരും മൈദാനം വെട്ടിപ്പൊളിക്കുന്നതിനെതിരാണ്. ക്രിക്കറ്റ് കളിക്കാൻ തിരുവനന്തപുരത്ത് അത്യാധുനിക മൈദാനമുള്ളപ്പോൾ എന്തിനാണ് കൊച്ചിയിൽ ഈ ക്രൂരതയെന്നും ഹ്യൂം ചോദിക്കുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഗ്രൗണ്ടിൽ മാറ്റം വരുത്തിയാൽ ഇത് പഴയ രീതിയിലാക്കാൻ ഏറെ പ്രയാസമാണെന്നും ഹ്യൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഫുട്‌ബോൾ മത്സരത്തിനായി സജ്ജമാക്കാൻ 6-8 ആഴ്ചകൾ വേണ്ടിവന്നു. അതിനായി ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇപ്പോഴും ഒരു ഫുട്‌ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല. എന്നിരുന്നാലും അണ്ടർ 17 ലോകകപ്പിനായും ഇന്ത്യൻ സൂപ്പർ ലീഗിനായും ഗ്രൗണ്ട് സജ്ജമാക്കാൻ ചെലവഴിച്ച പണം മുഴുവൻ ഒരു ക്രിക്കറ്റ് മത്സരത്തിനായി പാഴാക്കുന്നുവെന്നും ഹ്യൂം ചോദിക്കുന്നു.മുൻ ഇന്ത്യൻ നായകൻ ഐഎം വിജയനും ടർഫ് പൊളിക്കുന്നതിന് എതിരാണ്.

ഇനി ടർഫ് സമയത്ത് തിരികെ പണി തീർത്തുകൊടുക്കാമെന്ന് കെസിഎ ഉറപ്പ് നൽകിയാലും ഐഎസ്എൽ ഷെഡ്യൂൾ അതിന് ചേർന്ന പോകില്ല.അതിന് പുറമെ എഎഫ്സി ഏഷ്യാകപ്പ് ഫുട്ബോൾ മത്സരങ്ങളും ആരംഭിക്കുന്നുണ്ട്. യുഎഇയിൽ നടക്കുന്ന ഈ ടൂർണമെന്റിന് ഇന്ത്യയും യോഗ്യത നേടിയിട്ടുണ്ട്. ജനുവരി 5 മുതൽ ഫെബ്രുവരി 1 വരെ ഈ ടൂർണമെന്റ് നടക്കുമ്പോൾ ഐഎസ്എല്ലിന് ഇടവേള നൽകേണ്ടി വരുമെന്നതിനാൽ സെപ്റ്റംബർ അവസാനമോ ഒക്റ്റോബർ ആദ്യമോ ഐഎസ്എൽ ആരംഭിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ ക്രിക്കറ്റ് പിച്ച് നിർമ്മിക്കാൻ കൊച്ചിയിൽ വേണ്ട സമയം ലഭിക്കുകയുമില്ല. ഇത്രയും തടസ്സങ്ങളുള്ളപ്പോഴാണ് വേറൊരു മൈദാനം ക്രിക്കറ്റിനുണ്ടായിട്ടും കൊച്ചി എന്ന പിടിവാശി. ഈ പിടിവാശി കോടികൾ തട്ടാൻ വേണ്ടി തന്നെയാണ് എന്ന ആരോപണം അതച്കൊണ്ട് തന്നെ ശരിയാകുന്നു.

ഐഎസ്എൽ ഷെഡ്യൂൾ വരുന്നതോടെ ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നിന്ന മാറ്റേണ്ടിവരുമെന്നും കെസിഎയിലെ തന്നെ മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്. വിദേശത്ത് നിന്നുൾപ്പടെ വമ്പൻ താരങ്ങൾ എത്തുന്ന ലീഗ് നടക്കുന്ന ഒരു സ്റ്റേഡിയത്തിൽ ഫുഡ്‌ബോൾ കളിക്കുന്ന പുല്ല് ചെത്തിയിറക്കിയാൽ പിന്നീട് ഫുട്‌ബോൾ കളിക്കാർക്ക് പരിക്ക് പറ്റാൻ സാധ്യതയുമുണ്ട്.ഇതിനൊക്കെ പുറമെ ഈ വർഷം മുതൽ ഇന്ത്യൻ സൂപ്പർ കപ്പ് ഉൾപ്പടെ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കളിക്കാർക്ക് കൂടുതൽ വിശ്രമം ലഭിക്കുന്നതിനായി ഒക്ടോബർ ആദ്യം തന്നെ ഐഎസ്എൽ സീസൺ ആരംഭിക്കാനും സാധ്യതയുണ്ട്.

2014ൽ ഇന്ത്യ വെസ്റ്റിൻഡീസ് മത്സരം തന്നെയാണ് കൊച്ചിയിൽ അവസാനമത്സരം നടന്നതും. അത് ഐഎസ്എൽ സീസണ് ഒരാഴ്ച മുൻപായിരുന്നു. പിന്നീ് വീണ്ടും ഫുഡ്‌ബോൾ മതസരം നടത്താൻ വേണ്ട സമയം ലഭിക്കാതെ വന്നപ്പോൾ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെ ഇടപെട്ട് ആദ്യം എവേ മത്സരം നടത്തുകയായിരുന്നു. എന്നാൽ ഐഎസ്എൽ ഇപ്പോലഞ രൂപത്തിലും ഭാവത്തിലും ആകെ മാറിയ സ്ഥിതിക്ക് ഇനി ഒരു വേദിക്ക് വേണ്ടി മറ്റെ്‌ലലാ ഷെഡ്യൂളും മാറ്റാൻ അധികൃതർ തയ്യാറാകില്ല, അതിന് കാരണവും നിസ്സാരമാണ് കേരളത്തിൽ ക്രിക്കറ്റ് മത്സരം നടത്താൻ കൊച്ചിയിലും മനോഹരമായ വേറെയും ഒരു സ്റ്റേഡിയമുണ്ടല്ലോ അപ്പോൾ എന്തിനാണ് ഈ പിടിവാശിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.

മത്സരം കൊച്ചിയിൽ നടത്താൻ ജയേഷ് ജോർജ് മുൻകൈയെടുത്ത് ഇപ്പോൾ കൈകൊണ്ട തീരുമാനം വലിയ റിസ്‌ക്കാണെന്ന് കെസിഎയിലെ തന്നെ മറുവിഭാഗം അഭിപ്രായപ്പെടുന്നു. നവംബറിൽ മഴയ്ക്ക് സാധ്യതയുള്ള സമയമാണ്. കനത്ത മഴയിലും മത്സരം നടത്തി തിരുവനന്തപുരം സ്റ്റേഡിയം ലോക ശ്രദ്ധ തന്നെ നേടിയിരുന്നു. കൊച്ചിയിലെ അവസ്ഥ അങ്ങനെയല്ല തിരുവനന്തപുരത്ത് എത്ര കനത്ത മഴ പെയ്താലും അര മണിക്കൂർ കൊണ്ട് മത്സരം നടത്താം. 2010ൽ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരം കൊച്ചിയിൽ മഴ മാറിയിട്ടും ഗ്രൗണ്ടിലെ വെള്ളകെട്ട് കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഹെലികോപ്റ്റർ ഉൾപ്പെ ഉപയോഗിച്ചിട്ടും ഗ്രൗണ്ട് ഉണക്കാൻ കഴിഞ്ഞില്ല.

പിടിവാശി കാണിച്ച് ക്രിക്കറ്റ് മത്സരം നടത്തുന്നതിലൂടെ ഇപ്പോൾ ഫുട്‌ബോളിന് മനോഹരമായ ഗ്രൗണ്ട് കൂടി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കെഎഫ്എ ഉന്നതരും അഭിപ്രായപ്പെടുന്നു. ഫിഫ അവരുടെ നിയമാവലി അനുസരിച്ച് ബർമുഡ ഗ്രാസ് ഉൾപ്പടെ ഉപയോഗിച്ച് തയ്യാറാക്കിയ മൈദാനം നശിപ്പിക്കാൻ മാത്രമെ ഇത് ഉപകാരപ്പെടുകയുള്ളു. കെസിഎയ്ക്ക് കൊച്ചി സ്റ്റേഡിയവുമായി കരാർ ഉണ്ടെന്നും പണം നൽകിയതിനാൽ മത്സരം നടത്തിയില്ലെങ്കിൽ അത് മറ്റ് സാമ്പത്തിക ക്രമക്കേടുകളുടം ഭാഗമായി ഉൾപ്പടുത്തി ചോദ്യം ചെയ്യപ്പെടുമെന്നും കെസിഎ ഭയപ്പെടുന്നു.