- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി എവിൻ ലൂയിസ്; മികച്ച തുടക്കം ലഭിച്ചിട്ടും പൊരുതാതെ വിൻഡീസ് മധ്യനിര; പ്രിട്ടോറിയസിന് മൂന്നുവിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് 144 റൺസ് വിജയലക്ഷ്യം; പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായി
ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 144 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഓപ്പണർ എവിൻ ലൂയിസിന്റെ അർധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 35 പന്തിൽ 56 റൺസെടുത്ത ലൂയിസാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കക്കായി ഡ്വയിൻ പ്രിട്ടോറിയസ് 17 റൺസിന് മൂന്ന് വിക്കറ്റെടുത്തു.
വിൻഡീസിനുവേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണറായ എവിൻ ലൂയിസ് നൽകിയത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ലെൻഡി സിമ്മൺസിനെ കൂട്ടുപിടിച്ച് ലൂയിസ് ഓപ്പണിങ് വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു.
സ്പിന്നർ കേശവ് മഹാരാജ് ഈ കൂട്ടുകെട്ട് ഭേദിച്ച് വിൻഡീസിന് തിരിച്ചടി നൽകി. മികച്ച ഫോമിൽ കളിക്കുകയായിരുന്ന എവിൻ ലൂയിസിനെ കേശവ് മഹാരാജ് കാഗിസോ റബാദെയുടെ കൈയിലെത്തിച്ചു. 35 പന്തിൽ മൂന്നു ഫോറിന്റേയും ആറു സിക്സിന്റേയും സഹായത്തോടെ ലൂയിസ് അടിച്ചെടുത്തത് 56 റൺസാണ്.
പിന്നാലെ വന്ന നിക്കോളാസ് പൂരാൻ ഈ മത്സരത്തിലും പരാജയമായി. ഏഴു പന്തിൽ 12 റൺസെടുത്ത നിക്കോളാസ് പൂരാനെയും കേശവ് മഹാരാജ് പുറത്താക്കി. പൂരാൻ മടങ്ങിയ ശേഷം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ സിമ്മൺസും പുറത്തായി. 35 പന്തുകളിൽ നിന്ന് വെറും 16 റൺസ് മാത്രമാണ് താരത്തിന് നേടായായത്. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 73 റൺസ് എന്ന നിലയിൽ നിന്ന് വിൻഡീസ് 89 ന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.
സിമൺസും പുരാനും പുറത്തായശേഷം ക്രീസിലെത്തിയ ക്രിസ് ഗെയ്ൽ പ്രതീക്ഷ നൽകിയെങ്കിലും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. 12 പന്തിൽ ഒരു സിക്സ് മാത്രം പറത്തിയ ഗെയ്ൽ നേടിത് 12 റൺസ്. മധ്യനിരയിൽ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് നടത്തിയ ചെറുത്തുനിൽപ്പാണ് വിൻഡീസിനെ 100 കടത്തിയത്. 20 പന്തിൽ 26 റൺസെടുത്ത പൊള്ളാർഡ് അവസാന ഓവറിൽ പുറത്തായത് വിൻഡീസിന് തിരിച്ചടിയായി.
വമ്പനടിക്കാരായ പൊള്ളാർഡും റസലുമെല്ലാം ക്രീസിലുണ്ടായിട്ടും അവസാന മൂന്നോവറിൽ വിൻഡീസിന് നേടാനായത് 22 റൺസ് മാത്രം. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായ വിൻഡീസ് ഏഴ് റൺസ് മാത്രമാണ് നേടിയത്.
ടീം സ്കോർ 121-ൽ നിൽക്കേ ബൗളിങ്ങിൽ നിർണായക മാറ്റം കൊണ്ടുവന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ ബാവുമയുടെ തന്ത്രം ഫലിച്ചു. പ്രിട്ടോറിയസിനെ ബാവുമ പന്തേൽപ്പിച്ചു. ആദ്യ പന്തിൽ തന്നെ ക്രിസ് ഗെയ്ലിനെ മടക്കി താരം വിൻഡീസിന്റെ നാലാം വിക്കറ്റെടുത്തു.
12 റൺസെടുത്ത ഗെയ്ൽ വിക്കറ്റ് കീപ്പർ ക്ലാസന് ക്യാച്ച് നൽകി മടങ്ങി. ഗെയ്ലിന് പകരം അപകടകാരിയായ ആന്ദ്രെ റസ്സൽ ക്രീസിലെത്തി. എന്നാൽ റസ്സലിന് പിടിച്ചുനിൽക്കാനായില്ല. വെറും അഞ്ചുറൺസ് മാത്രമെടുത്ത താരത്തെ ഹെന്റിച്ച് നോർക്യെ ക്ലീൻ ബൗൾഡാക്കി.
പിന്നാലെ വന്ന ഷിംറോൺ ഹെറ്റ്മെയർ വന്നതിനേക്കാൾ വേഗത്തിൽ മടങ്ങി. ഒരു റൺസ് മാത്രമെടുത്ത താരത്തെ ഡേവിഡ് മില്ലർ റൺ ഔട്ടാക്കുകയായിരുന്നു. ഇതോടെ ആറുവിക്കറ്റ് നഷ്ടപ്പെട്ട് വിൻഡീസ് അപകടം മണത്തു.
അവസാന ഓവറിൽ നന്നായി കളിച്ച പൊള്ളാർഡിനെ മടക്കി പ്രിട്ടോറിയസ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. 20 പന്തുകളിൽ നിന്ന് 26 റൺസെടുത്ത താരത്തെ വാൻ ഡെർ ഡ്യൂസ്സൻ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഹെയ്ഡൻ വാൽഷിനെയും മടക്കി പ്രിട്ടോറിയസ് വിൻഡീസിനെ തകർത്തു. ഡ്വെയ്ൻ ബ്രാവോയാണ് ടീം സ്കോർ 144 റൺസിലെത്തിച്ചത്. ബ്രാവോ എട്ടുറൺസെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്നുവിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കഗിസോ റബാദ, ആന്റിച്ച് നോർക്യെ എന്നിവർ ഒരോ വിക്കറ്റ് നേടി.
സ്പോർട്സ് ഡെസ്ക്