പ്രാപഞ്ചിക രഹസ്യങ്ങളിലേറെയും ഇന്നും നമ്മുടെ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. ആകാശ ഗംഗയെന്ന നമ്മുടെ പ്രപഞ്ചത്തിൽ പ്രത്യക്ഷപ്പെട്ട ഭീമൻ ജ്വാലയെക്കുറിച്ച് അമ്പരപ്പോടെ അന്വേഷിക്കുകയാണ് ശാസ്ത്രജ്ഞർ. ആകാശഗംഗയുടെ മധ്യത്തിലുള്ള ഭീമാകാരമായ തമോഗർത്തത്തിലാണ് ഈ ജ്വാല ദൃശ്യമായത്.

നാസയുടെ ചാന്ദ്ര എക്‌സ്-റേ നിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. ആകാശ ഗംഗയിൽ എന്തൊക്കെ നടക്കുന്നുവെന്ന അന്വേഷണത്തിന് കൂടുതൽ കൗതുകം പകരുന്നതാണ് ഈ ദൃശ്യം.

ആകാശഗംഗയുടെ മധ്യഭാഗത്തുള്ള അതിഭീമാകാരമായ തമോഗർത്തമാണ് സജിറ്റാറിയസ് എ*. സൂര്യനെക്കാൾ 45 ലക്ഷം ഇരട്ടി പിണ്ഡമുള്ളതാണ് എസ്ജിആർ എ* എന്നും വിളിക്കുന്ന ഈ തമോഗർത്തം. സഗിറ്റാറിയസ് എങ്ങനെയാകും സമീപത്തുള്ള വാതകസമൂഹത്തെ ഉൾക്കൊള്ളുകയെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് ഈ ഭീമൻ ജ്വാല ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടത്.

ജി2 എന്ന വാതകമേഘം തമോഗർത്തത്തിന് നേരെ നീങ്ങുന്നതായി 2011-ൽ ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരുന്നു. നൂറുവർഷത്തിനിടെ തമോഗർത്തത്തത്തിന്റെ 'നൂറുവർഷത്തിനിടെ ആ തമോഗർത്തത്തിന്റെ ഏറ്റവും വലിയ 'തീറ്റ'യാകും' ഇതെന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത്.

'സജിറ്റാരിയസ് എ*'എന്ന അതിഭീമൻ തമോഗർത്തമാണ് നമ്മുടെ മാതൃ ഗാലക്‌സിയായ ആകാംശഗംഗ അഥവാ ക്ഷീരപഥത്തിന്റെ ഹൃദയഭാഗം. 26,000 പ്രകാശവർഷമകലെ, ആകാശഗംഗയ്ക്കുള്ളലാണ് അതിന്റെ സ്ഥാനം. എന്നാൽ, തമോഗർത്തത്തിലേക്ക് മറ്റേതെങ്കിലും ക്ഷുദ്രഗ്രഹം കടന്നുവന്നതാകാമെന്നും തമോഗർത്തത്തിന്റെ ഗുരുത്വാകർഷണത്തിൽ അത് ഛിന്നഭിന്നമായ ദൃശ്യമാകാം ഇതെന്നും മറ്റൊരു അഭിപ്രായവുമുണ്ട്. 

ഭൂമിയുടെ മൂന്ന് മടങ്ങ് പിണ്ഡമുള്ള മേഘപടലമാണ് ജി2. എന്നാൽ, അതിഭീമമായ സാന്ദ്രതയുള്ള പ്രാപഞ്ചിക കെണികളായ തമോഗർത്തങ്ങളുടെ പിടിയിൽനിന്ന് ഇവയ്ക്ക് രക്ഷപ്പെടാനാവില്ല. പ്രകാശത്തെപ്പോലും പുറത്തുവിടാത്തത്ര ശക്തമായ ഗുരുത്വാകർഷണമാണ് തമോഗർത്തങ്ങളുടെ സവിശേഷത. ഇപ്പോഴത്തെ ജ്വാലയ്ക്ക് കാരണമായത് ജി2 ആണെന്ന് ശാസ്ത്രജ്ഞരിൽ വലിയ വിഭാഗം വിശ്വസിക്കുന്നില്ല. മറ്റേതെങ്കിലും ക്ഷുദ്രഗ്രഹം തമോഗർത്തത്തിന്റെ 'തീറ്റ'യായതാകാം ഇതെന്നാണ് അവർ കരുതുന്നത്.