തിരുവനന്തപുരം: കലാപാന്തരീക്ഷമുണ്ടായ നിയമസഭയിൽ വനിതാ എംഎൽഎയെ ഭരണപക്ഷത്തെ ശിവദാസൻ നായർ പിടിച്ചു തള്ളിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ജമീലാ പ്രകാശമാണ് തന്റെ തോളിൽ കടിച്ചതെന്ന് ശിവദാസൻ നായരും പറഞ്ഞു. തന്റെ തോളിലെ കടിയിലെ പാട് കാട്ടിയാണ് ജമിലാ പ്രകാശത്തിന് എതിരെ ശിവദാസൻ നായർ തെളിവ് നിരത്തിയത്. ഇതിനിടെ മാണിയെ തടയാനെത്തിയ സിപിഐയുടെ ബിജി മോളെ വട്ടം പിടിച്ച് മന്ത്രി ഷിബു ബേബി ജോൺ നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഡയസ്സിന് മുകളിലൂടെ നടക്കുന്നതിനിടെ താഴെ വീണ ശിവൻകുട്ടിക്ക് പരിക്കേറ്റു.

മാണി സഭയിൽ എത്തുന്നത് തടയാൻ പ്രതിപക്ഷം പ്രതിരോധം തീർക്കുന്നതിനിടെയായിരുന്നു ജമീലാ പ്രകാശം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയത്. മാണിയെ പ്രസംഗിക്കുന്നതിൽ നിന്ന് തടയാൻ വനിതാ എംഎൽഎമാരെയാണ് ഇടതുമുന്നണി ചുമതലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ നിരയിലെ സീറ്റിൽ മാണി എത്തുന്നമെന്ന പ്രതീക്ഷയിലായിരുന്നു ജമീലാ പ്രകാശം. എന്നാൽ മാണിയെ പിൻനിരയിലേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതോടെയാണ് ജമീല പ്രകാശം മുഖ്യമന്ത്രിയുടെ അടുത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിനെ മന്ത്രി പിജെ ജോസഫ് തടഞ്ഞു. തുടർന്ന് താഴേയ്ക്ക് വന്ന ജമീലാ പ്രകാശ് അടക്കമുള്ളവർ മാണിയുടെ അടുത്തേയ്ക്ക് പോകാൻ ശ്രമിച്ചു. ഇതിനെ തടഞ്ഞു.

അപ്പോഴാണ് കടിയും പിടിച്ചു തള്ളലുമല്ലാം നടന്നത്. ജമീലാ പ്രകാശിനെ ശിവദാസൻ നായർ പിടിച്ചു തള്ളിയത്. ഇത് ചാനലുകളിൽ എത്തിയതോടെ ജമീലാ പ്രകാശിനെ പിടിച്ചു തള്ളിയെന്ന വാർത്തയുമെത്തി. പ്രതിപക്ഷം പ്രതിഷേധവും തീർത്തു. ഈ വിവാദം മൂക്കുന്നതിനിടെയാണ് വാർത്താ സമ്മേളനത്തിന് ശിവദാസൻ നായർ എത്തിയത്. തന്നെ കടിച്ച ജമീലാ പ്രകാശത്തിൽ നിന്ന് രക്ഷപ്പെടുകയാണ് താൻ ചെയ്തതെന്ന് ശിവദാസൻ നായർ പറയുന്നു. തോളിൽ കടിച്ച പാട് ഷർട്ടൂരി കാണിക്കുകയും ചെയ്തു. തങ്ങളല്ല പ്രതിപക്ഷമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പറയുകയും ചെയ്തു.

മാണിയെ തടയാനായി നിയോഗിച്ച മറ്റൊരു എംഎൽഎയായിരുന്നു ബിജി മോൾ. താഴെ സംഘർഷമുണ്ടാക്കുമ്പോൾ മുകളിലൂടെ വന്ന്
മാണിയെ തടയാനായിരുന്നു പരിപാടി. ഇതിനെയാണ് ഷിബു ബേബി ജോൺ തടഞ്ഞത്. കൈകൾക്കിടയിൽ ബിജി മോളെ തടഞ്ഞു നിർത്തുകയായിരുന്നു ഷിബു ബേബി ജോൺ. അങ്ങനെ മാണിയുടെ അടുത്തു പോലും എത്താൻ ബിജി മോൾക്ക് കഴിഞ്ഞില്ല. മാണിയുടെ ബജറ്റ് വായന കഴിഞ്ഞതിന് ശേഷമാണ് ബിജി മോൾക്ക് മോചനമുണ്ടായത്.

സമരം നയിക്കാൻ സിപിഐ(എം) നിയോഗിച്ചത് ശിവൻകുട്ടിയെയാണ്. സ്പീക്കറുടെ ഡയസ്സ് പിടിച്ചെടുത്തതും ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ്. എന്നാൽ സ്പീക്കറുടെ ഡയസ്സിലൂടെ നടക്കുന്നതിനിടെയിൽ ശിവൻകുട്ടി കാൽ തെന്നി വീണു. ഏറെ നേരെ സഭയിൽ കിടക്കേണ്ടിയും വന്നു. ബോധക്ഷയം വന്ന ശിവൻകുട്ടിക്ക് വെള്ളംകൊടുത്ത് പ്രതിപക്ഷ എംഎൽഎമാരും എത്തി. പിന്നീട് ആശുപത്രിയിലേക്ക് മാറി. അങ്ങനെ സമരത്തിന്റെ നായകൻ ബോധം കെട്ട് വീഴുന്നതിനും സഭ സാക്ഷിയായി.