തിരുവനന്തപുരം: സഭാനാഥൻ എത്തിയില്ലെങ്കിൽ സഭ ചേരാനാകില്ല. സഭ കൂടിയാലേ ബഡ്ജറ്റ് അവതരിപ്പിക്കാൻ മന്ത്രി മാണിയെ വിളിക്കാൻ കഴിയു. സ്പീക്കറെ തടയാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം മനസ്സിലാക്കുന്നതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും തെറ്റി. സ്പീക്കറുടെ വേദിക്കു തൊട്ടടുത്തുള്ള പ്രധാന കവാടത്തിലൂടെ മാണി പ്രവേശിക്കും എന്ന കണക്കുകൂട്ടലിൽ അവിടെ തടിച്ചുകൂടിനിന്നു പ്രതിപക്ഷം പ്രതിഷേധനിര തീർത്തു. എന്നാൽ മാണി തൊട്ടടുത്തുള്ള വാതിലിലൂടെ കടന്നുവരുന്നത് അവർ അറിയാതെ പോയി. അങ്ങനെ പ്രതിപക്ഷത്തിനും പിഴവ് പറ്റി. ബജറ്റ് വായിച്ച് മാണി വിജയം നിയമസഭയിൽ ആഘോഷിക്കുകയും ചെയ്തു.

രാവിലെ എട്ടരയ്ക്ക് സ്പീക്കർ പ്രതിപക്ഷ നേതാക്കളെ ചേംബറിലേക്ക് ക്ഷണിച്ച് വരുത്തി സഭാനടപടികൾ സുഗമമായി നടത്താൻ സഹായം അഭ്യർത്ഥിച്ചു. മന്ത്രി മാണി മാറി നിന്നാൽ സുഗമമാകുമെന്ന് അവർ മറുപടി നൽകി. വാച്ച് ആൻഡ് വാർഡ് കാരെ കയറ്റാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു. മാണി വന്നാൽ ഏത് വിധേയനെയും തടയുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ വ്യക്തമാക്കി. എങ്ങനെയും ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ടെന്ന് സ്പീക്കറും നിലപാടെടുത്തതോടെ സഭയിൽ വാച്ച് ആൻഡ് വാർഡിനെ കയറ്റുമെന്ന് പ്രതിപക്ഷത്തിന് വ്യക്തമായി. അതോടെയാണ് മാണിയുടെ വരവ് തടയുന്നതിനെക്കാൾ പ്രാധാന്യം സ്പീക്കറെ തടയുന്നതിലേക്ക് മാറിയത്.

അപ്രതീക്ഷിതമായിരുന്നു പ്രതിപക്ഷത്തിന്റെ ആ നീക്കം. നടുത്തളത്തിൽ ട്രഷറി ബഞ്ചുകൾക്ക് സമീപം കുത്തിയിരുന്നു മുദ്രവാക്യം വിളിക്കുകയായിരുന്നു അതുവരെ പ്രതിപക്ഷാംഗങ്ങൾ. ബജറ്റ് അവതരണത്തിന് മന്ത്രി മാണി എത്തേണ്ട സമയമായി. ഇനി അഞ്ച് മിനിറ്റ് മാത്രം. അപ്പോഴാണ് ആ നീക്കമുണ്ടായത്. പ്രതിപക്ഷ അംഗങ്ങൾ പെട്ടെന്ന് സ്പീക്കറുടെ ഡയസിലേക്ക് ഓടിക്കയറി. സ്പീക്കർ വരേണ്ട വാതിലിന് മുന്നിലിരുന്നു. സ്പീക്കറെ അകത്തേക്ക് കടത്താതിരിക്കുക. അതായിരുന്നു തന്ത്രം. സഭാനാഥൻ എത്തിയില്ലെങ്കിൽ സഭ ചേരാനാകില്ല. സഭ കൂടിയാലേ ബഡ്ജറ്റ് അവതരിപ്പിക്കാൻ മന്ത്രി മാണിയെ വിളിക്കാൻ കഴിയു. പക്ഷേ ഇതിനേയും തന്ത്രങ്ങളിലൂടെ സർക്കാർ തോൽപ്പിച്ചു.

ഡയസിൽ എത്തിയ ശ്രീരാമകൃഷ്ണൻ, എ. പ്രദീപ്കുമാർ, ജയിംസ് മാത്യു, വി. ശിവൻകുട്ടി, കെ. അജിത് എന്നിവർ സ്പീക്കറുടെ കസേര വലിച്ച് നീക്കി ദൂരേക്കിട്ടു. ഇ. പി. ജയരാജൻ ആ കസേര വലിച്ചെടുത്ത് ഡയസിന് പുറത്തേക്ക് എറിഞ്ഞു. ശിവൻകുട്ടിയും അജിത്തും ചേർന്ന് സ്പീക്കറുടെ മൈക്ക് ഒടിച്ചെടുത്ത് വലിച്ചെറിഞ്ഞു. കമ്പ്യൂട്ടർ തല്ലിപ്പൊട്ടിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ സ്പീക്കർ ഡയസിന് പിന്നിലുള്ള വാതിലിനടുത്തെത്തി. അകത്തേക്ക് കടക്കാതിരിക്കാൻ വാതിലിൽ എല്ലാവരും ചേർന്ന് ബലമായി പിടിച്ചു. പിന്തിരിഞ്ഞ സ്പീക്കർ പുറത്തുള്ള വാതിൽ വഴി ഡയസിലെത്താൻ നോക്കി. ആ ശ്രമത്തെ ജി.സുധാകരൻ, എളമരം കരീം, ഡോ. തോമസ് ഐസക്ക്, കോലിയക്കോട് കൃഷ്ണൻനായർ എന്നിവർ ചേർന്ന് തടഞ്ഞു.

സ്പീക്കർ തിരികെ പോയി. സ്പീക്കർക്ക് ഇരിക്കാൻ മറ്റൊരു കസേര എത്തിച്ചു. തൊട്ടുപിന്നാലെ ഡയസിന് പിറകിലുള്ള വാതിൽ മാർഷലിന്റെ നേതൃത്വത്തിലുള്ള വാച്ച് ആൻഡ് വാർഡ് സംഘം ബലമായി തള്ളിത്തുറന്ന് സ്പീക്കറെ കസേരയിൽ ഇരുത്തി. ശിവൻക്കുട്ടിയും കെ. അജിത്തും ഡയസിനു മുകളിൽ കയറി നിന്ന് സ്പീക്കറുടെ നടപടികൾ തടസപ്പെടുത്തി. കൂട്ട ബഹളത്തിനിടെ മൈക്കില്ലാതെ തന്നെ സഭാനടപടികൾ തുടങ്ങിയതായി സ്പീക്കർ പ്രഖ്യാപിച്ചു. അപ്പോഴേക്കും സഭയിലെത്തിയ മന്ത്രി മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ സ്പീക്കർ വിളിച്ചു. ബഡ്ജറ്റ് വായന തുടങ്ങി.

മുഖ്യമന്ത്രിയുടെയും മറ്റും സീറ്റിനു മുന്നിൽ വനിതകളെ ഇരുത്തി അവിടെ വലയം തീർക്കാനെന്ന പ്രതീതി സൃഷ്ടിച്ചു. മാണി പ്രസംഗം തുടങ്ങിയശേഷം അദ്ദേഹത്തെ തടസപ്പെടുത്താൻ വിഫലശ്രമം. ഡസ്‌കിന്റെ മുകളിൽ ചവിട്ടി നടന്ന് മാണിയുടെ അടുത്തെത്താൻ ഏതാനും എംഎൽഎമാർ ശ്രമിച്ചു. സഭയ്ക്കകത്ത് പ്രതിഷേധത്തിന്റെ വൻവേലിയേറ്റം സൃഷ്ടിക്കാൻ വലിപ്പച്ചെറുപ്പ മില്ലാതെ എല്ലാവരും ഒത്തുനീങ്ങി. മന്ത്രിമാരുടെ സീറ്റുകളിൽ പ്രതിപക്ഷം ഇരിക്കാതിരിക്കാൻ സ്വന്തം എംഎൽഎമാരെ നേരത്തെ അവിടെ ഇരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പതിവു കവാടത്തിലൂടെ പ്രവേശിച്ചതും പ്രതിപക്ഷത്തെ നേരിടാനെന്നവണ്ണം ഭരണപക്ഷ എംഎൽഎമാരെല്ലാം ആ ഭാഗത്തു നിലയുറപ്പിച്ചതും പ്രതിപക്ഷത്തെ തെറ്റിധരിപ്പിക്കാനാ യിരുന്നു.

മാണിയും അതുവഴി തന്നെ പ്രവേശിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നപ്പോൾ മറ്റൊരു വാതിലിലൂടെ അദ്ദേഹം അനായാസം സഭാഹാളിൽ പ്രവേശിച്ചു. സഭയുടെ നടുത്തളത്തിൽനിന്നു പ്രതിപക്ഷ എംഎൽഎമാർക്കു പെട്ടെന്നു പ്രവേശിക്കാൻ കഴിയാത്ത രണ്ടാം നിരയിലേക്ക് മാണിയുടെ ഇരിപ്പിടം മാറ്റി. മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം സ്പീക്കറെ അറിയിച്ചു. ഭരണപക്ഷം ഇതു രഹസ്യമായി സൂക്ഷിച്ചു. തെരഞ്ഞെടുത്ത എംഎൽഎമാരുടെ രക്ഷാവലയത്തിലൂടെ മാണിയെ ഇരിപ്പിടത്തിലെ ത്തിക്കുകയും ചുറ്റും വലയം തീർത്ത് അദ്ദേഹത്തിന് ബജറ്റ് അവതരിപ്പി ക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു.

മാണി സ്വന്തം വസ്ത്രത്തിൽ മൈക്ക് ഘടിപ്പിച്ചു വന്നത് അപ്രതീക്ഷിത തന്ത്രമായി. സ്പീക്കറുടെ ചേംബർ പ്രതിപക്ഷം കയ്യേറിയിട്ടും മൈക്കിലൂടെ ബജറ്റ് പ്രസംഗം നടത്താൻ മാണിക്കു സാധിച്ചു.