തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായ ആപ്പിളിനെ തോൽപ്പിക്കാൻ മലയാളിയുടെ മൊബൈൽ നിർമ്മാണ കമ്പനി വരുന്നു. 3500 കോടി രൂപ മുടക്കി കൊറിയൻ സാങ്കേതിക വിദ്യയുടെ വെളിച്ചത്തിൽ ആണ് ഈ കമ്പനി വിപണിയിലേയ്ക്ക് എത്തുന്നത്. ജനുവരി അവസാന വാരം 5800 മുതൽ 34,000 രൂപ വരെ വിലയുള്ള ഒട്ടേറെ മോഡലുകളുമായി കമ്പനി രംഗത്തിറങ്ങും. ആപ്പിളിനും സാംസംഗിനും പറ്റിയ പാളിച്ചകൾ എല്ലാം തീർക്കുന്ന ജാലവിദ്യയുമായാണ് മലയാളിയുടെ മൊബൈൽ കമ്പനി വരുന്നത്. അവസാനിക്കാത്ത ബാറ്ററി ചാർജ്, നിലത്ത് വീണാൽ പൊട്ടാത്ത കരുത്ത്, ആപ്പിളിന് സ്വപ്‌നം കാണാൻ കഴിയാത്ത ശക്തമായ ലെൻസോടു കൂടിയ ക്യാമറ... ഇങ്ങനെ പോകുന്നു മലയാളിയുടെ സ്വന്തം മാംഗോ ഫോണിന്റെ (എം ഫോൺ) പ്രത്യേകത.

ഇത് ഞങ്ങൾ പറയുന്നതല്ല. ഏതാണ്ട് ഒരു മാസം മുമ്പ് കൃത്യമായി പറഞ്ഞാൽ ജനുവരി അഞ്ചിന് കേരളത്തിലെ സർവ്വ പത്രങ്ങളിലും വന്ന വാർത്തയാണിത്. ഒപ്പം ചാനലുകളിലെ ടെക്‌നോളജി സെക്ഷനിൽ മാംഗോ ഫോണുകളെ കുറിച്ച് പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. മനോരമയിലെ ബിസിനസ് വിദഗ്ധൻ പി കിഷോർ മനോഹരമായി മാംഗോ ഫോണിലെ ഫീച്ചറുകൾ വിലയിരുത്തി വാർത്ത എഴുതി. അമിതാബ് ബച്ചനും സച്ചിൻ ടെണ്ടുൽക്കറും ഇതിന്റെ അംബാസിഡർമാർ എന്നും ഈ പത്രങ്ങൾ എഴുതി. കുറെ ദിവസങ്ങൾ പത്രങ്ങളുടെ ഒന്നാം പേജിൽ മാംഗോ ഫോണിന്റെ ഫുൾ പേജ് പരസ്യങ്ങളും വന്നു.

എന്നിട്ട് എന്തായി? ജനുവരി 29ന് സച്ചിനും ബച്ചനും ചേർന്ന് ലോഞ്ചിങ്. അപ്പോൾ തന്നെ കേരള വിപണനി നിറയെ ഫോണുകൾ. ഇതായിരുന്നു വാഗ്ദാനം. ജനുവരി തീർന്നു, ഫെബ്രുവരി പാതിയായി. എന്നിട്ട് ആരെങ്കിലും മലയാളികളുടെ സ്വന്തം എം ഫോണിന്റെ ലോഞ്ചിംഗിനെ പറ്റി കേട്ടോ? ഏതെങ്കിലും കടയിൽ ഇങ്ങനെ ഒരു ഫോൺ എത്തിയോ? ഇതൊക്കെ സംഭവിക്കും എന്നു പറഞ്ഞ പത്രക്കാരും ചാനലുകാരും എവിടെയാണ്? അവർ മറുപടി പറയുമോ?

മാംഗോ മൊബൈൽ കമ്പനിയുടെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തു എന്നും അതൊഴിവാക്കാൻ പ്രമുഖ ഒരു ചാനൽ മുതലാളി ഇടപെട്ടു എന്നുമുള്ള വിവരം വെളിയിൽ വന്നപ്പോഴാണ് ഈ കമ്പനിയെക്കുറിച്ചു ഒരു അന്വേഷണം ആരംഭിച്ചത്. കമ്പനി മുതലാളിമാരെ കുറിച്ച് ഒരുപാട് തട്ടിപ്പ് ആരോപണങ്ങൾ കേട്ടപ്പോൾ അവസ്വന്തം തടി കേടാക്കരുതല്ലോ എന്നു കരുതി വാസ്തവമുണ്ടോ എന്ന് തിരക്കിയതായിരുന്നു ജീവനക്കാരി. തല്ല് കിട്ടി എന്ന് മാത്രമല്ല വീട്ടുകാർക്ക് വരെ ഭീഷണി ഉയർത്തുകയും ചെയ്തു. സ്വൈര്യം നഷ്ടപ്പെട്ട് ഒടുവിൽ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പ്രമുഖനായ ഒരു ചാനൽ മുതലാളി അടക്കം അനേകം പേർ സഹായിക്കാൻ രംഗത്ത്.

എം ഫോൺ മൊബൈൽ കമ്പനിയെ കുറിച്ച് പത്രങ്ങളും ചാനലുകളും വന്നത് അതിശയിപ്പിക്കുന്ന വാർത്തകൾ ആയിരുന്നു. ഏത് മലയാളിയെയും വല്ലാതെ അഭിമാന വിജ്രംഭിതരാക്കുന്ന  വാർത്തകൾ. ഒരു ഉളുപ്പുമില്ലാതെ ലോകത്തെ ഏറ്റവും വലിയ സ്ഥാപനമായ ആപ്പിളിനെ മലയാളികൾ പ്രതിസന്ധിയിൽ ആക്കുമെന്ന് പത്രങ്ങൾ തട്ടി വിട്ടു. ഐ ഫോണിനെ വെല്ലുന്നതാണ് എം ഫോൺ എന്നായിരുന്നു ഒരുകാര്യം. ആപ്പിളിന് വെല്ലുവിളി ഉയർത്തുന്നതാണ് എംഫോൺ എന്ന വിധത്തിലായിരുന്നു ചാനലുകളിലും പത്രങ്ങളിലെയും വാർത്തകൾ. അതുവരെ പുറത്തിറങ്ങാത്ത ഫോണിന്റെ ഫീച്ചറുകൾ മാദ്ധ്യമങ്ങൾ വിവരിച്ചത് ഇങ്ങനെ:

ഐഫോണിന് ആപ്പിളെന്ന പോലെ എം ഫോണിന് മാങ്ങയാണ് ചിഹ്നം. ഫോർജി സംവിധാനവും ത്രീഡി സവിശേഷതയും ഉണ്ടാകും. 5,800 മുതൽ 34,000 രൂപ വരെയാണ് വില. ആദ്യഘട്ടത്തിൽ 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സ്‌ക്രീന് വലിപ്പം, റസലൂഷൻ തുടങ്ങിയ വിശേഷങ്ങൾ ഫോൺ പുറത്തിറങ്ങുമ്പോഴെ അറിയാൻ കഴിയൂ. മൂന്നുദിവസം ചാർജ് നിൽക്കുന്ന 6050 എം.എ.എച്ച് ബാറ്ററി, 23 മെഗാപിക്‌സൽ പിൻ ക്യാമറ, എട്ട് മെഗാപിക്‌സൽ മുൻകാമറ, പൊട്ടാത്തതും പോറൽ ഏൽക്കാത്തതുമായ ഐ.പി സ് എച്ച്.ഡി ഗോറില്ലാ ഗഌസ് സംരക്ഷണം, ജലപ്രതിരോധം ഇതിന്റെ സവിശേഷതകളാണ്. എംഫോൺ 9ൽ മൂന്ന് ജിബി റാം, മെമ്മറി കാർഡിട്ട് 128 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇൻേറണൽ മെമ്മറിയും വാഗ്ദാനം ചെയ്യുന്നു.

സോണി സെൻസറുള്ള 16 മെഗാപിക്‌സൽ പിൻ ക്യാമറയും എട്ട് മെഗാപിക്‌സൽ മുൻ ക്യാമറയുമുണ്ട്. മീഡിയ വണ്ണിന്റെ പ്രത്യേക പരിപാടിയില്  പറഞ്ഞത് 24 എം പി ക്യാമറ എന്നാണ്.. പ്രത്യേക കണ്ണട വേണ്ടാത്ത ത്രീഡി കാഴ്ചയാണ് മറ്റൊരു പ്രത്യേകത. എംഫോൺ 5 മുതൽ എംഫോൺ 9 വരെയുള്ള ശ്രേണികളാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഫോണിന് പുറമെ എം. വാച്ച് എന്ന സ്മാർട്ട് വാച്ച്, എംപാഡ്, മിനി എംപാഡ്, വയർലസ് ബോക്‌സ് സ്പീക്കറുകൾ, ഫോൺ പൗച്ചുകൾ എന്നിവയും കമ്പനി അവതരിപ്പിക്കും. ഫോണിനൊപ്പം സെൽഫി സ്റ്റിക്, ബഌടൂത്ത് ഹെഡ്‌സെറ്റ്, വൈ ഫൈ ചാർജർ, പവർ ബാങ്ക് എന്നിവ ലഭിക്കും. ലോകത്തെ തന്നെ ആദ്യത്തെ ത്രീഡി ഫോണെന്നാണ് അവകാശവാദം.

ഇങ്ങനെ ചുരുക്കിപ്പറഞ്ഞാൽ എല്ലാ ഫോണുകളുടെയും എല്ലാ ഫീച്ചറുകളും ഒരുമിച്ചു ചേർന്ന ഫോൺ എന്ന വിധത്തിലാണ് മലയാളികളുടെ സ്വന്തം എം ഫോണിനെ കുറിച്ച് പത്രങ്ങൾ എഴുതിയത്. എങ്ങനെയാണ് ഇത്തരം ഫീച്ചർ എല്ലാമുള്ള ഫോൺ പുറത്തുവരുന്നതെന്നതിനെ കുറിച്ച് അധികമാരും പറഞ്ഞില്ല. കേരള, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 149 വിതരണക്കാരെക്കുറിച്ചും മനോരമയും മാദ്ധ്യമവും മംഗളവും മീഡിയാവണും മനോരമ ന്യൂസും അടക്കം വാചാലരായി. മീഡിയാ വണ്ണും മനോരമ ന്യൂസും വിശദമായ വീഡിയോ റിപ്പോർട്ട് തന്നെ തയ്യാറാക്കി. മനോരമ ബിസിനസ് ഫീച്ചറായി നൽകിയതിൽ ചൈനയിൽ 700 കോടി മുടക്കി ഫാക്ടറിയുണ്ടെന്ന വിധത്തിലാണ് റിപ്പോർട്ട്. മീഡിയ വൺ റിപ്പോർട്ടിൽ പറഞ്ഞത് 3500 കോടിയുടെ നിക്ഷേപം എന്നാണ്. ദേശാഭിമാനിയും മാംഗോ കമ്പനി പറഞ്ഞ കാര്യം വള്ളിപുള്ളി വിടാതെ വസ്തുത പരിശോധിക്കാതെ അച്ചുനിരത്തി.

എന്നാൽ ഇവരാരും വാർത്ത എഴുതും മുമ്പ് അടിസ്ഥാനപരമായി ചില ചോദ്യങ്ങൾ ചോദിച്ചില്ല. ഒരു മാസം തികയും മുമ്പ് കേരള വിപണിയിൽ എത്തണമെങ്കിൽ ഈ കമ്പനി ഇറക്കിയ ഒരു ഫോൺ എങ്കിലും കാണണ്ടേ? ഇതിന് മുമ്പ് യൂറോപ്പിലും മറ്റും ഇതുണ്ടെങ്കിൽ അതിന്റെ ഒരു സാമ്പിൾ. ഇത്രയും വലിയ ടെക്‌നോളജി അവതരിപ്പിക്കുന്ന വിദഗ്ധന്മാർ ആരെന്നറിയണ്ടേ? 3500 കോടി നിക്ഷേപിക്കുമ്പോൾ അതിന് എന്തെങ്കിലും ഒരു തെളിവ് വേണ്ടേ? എവിടെ നിക്ഷേപിച്ചു? എവിടെ മൊബൈൽ നിർമ്മിക്കുന്നു? എങ്ങനെ ട്രാൻസ്‌പോർട്ട് ചെയ്യുന്നു? ഇതൊന്നും ആരും ചോദിച്ചില്ല. ഫോണിന് വേണ്ട സൗകര്യങ്ങൾ വിവരിക്കുമ്പോഴും ഫോണിന്റെ വലിപ്പം തൂക്കം, നിറം തുടങ്ങിയവ ഒന്നും അവർ പറഞ്ഞുമില്ല ആരും ചോദിച്ചുമില്ല.

ഇങ്ങനെ ഒരു മൊബൈൽ കമ്പനിയെ പുകഴ്‌ത്താൻ ഇടയാക്കിയ ഏക ബന്ധം ആൻേറാ അഗസ്റ്റിൻ, റോയി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നീ മൂന്ന് സഹോദര മുതലാളിമാർ അവകാശപ്പെട്ടത് മാത്രം ആയിരുന്നു. ഈ സഹോദരങ്ങളുടെ മൊബൈൽ ബിസിനസ് രംഗത്ത് മുൻപരിചയം, അല്ലെങ്കിൽ ഇത്രയും പണം മുടക്കാൻ ഇവർക്കുള്ള പ്രവർത്തിപരിചയം ഒന്നും ആരും ചോദിച്ചില്ല. ലോകത്തെ ഏറ്റവും വലിയ കമ്പനിയാകാൻ ആപ്പിളിനോട് മത്സരിക്കുന്ന ഗൂഗിൾ പോലും പൊളിഞ്ഞു പോയ വിപണിയാണ് മൊബൈൽ ഫോൺ വിപണി എന്ന് ആരും ചിന്തിച്ചില്ല. മൈക്രോസോഫ്റ്റും കൈ വച്ച് പൊള്ളി നിൽക്കുകയാണ്. ലോകത്തെ ആദ്യത്തെയും ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതുമായിരുന്ന നോക്കിയ പൊളിഞ്ഞു പാളിഷായെന്നതും ആരും ചിന്തിച്ചില്ലെന്നതാണ് മറ്റൊരുകാര്യം.

ഇത് തട്ടിപ്പാണ് എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് മറുനാടൻ പറയുന്നത് എന്ന ചോദ്യം വായനക്കാർ ഉന്നയിക്കാം. തട്ടിപ്പാണ് എന്ന് ഞങ്ങൾ തീർത്ത് പറയുന്നില്ല. തട്ടിപ്പാണ് എന്ന് തോന്നാൻ പക്ഷേ പല കാരണങ്ങൾ ഉണ്ട്. ആ ചോദ്യങ്ങൾക്കൊക്കെ തൃപ്തിപരമായ ഉത്തരം പറയാൻ കഴിഞ്ഞാൽ തീർച്ചയായും ഞങ്ങൾ തിരുത്താം. ക്ഷമയും പറയാം. പക്ഷേ പത്രക്കാർ ഈ ഫോൺ എവിടെ കിട്ടുമെന്ന് നിങ്ങൾ ദയവായി ഒന്നു പറഞ്ഞു തരണം.  ഒരെണ്ണം ഒന്നു വാങ്ങി നോക്കാനാണ്, പ്ലീസ്..

  •  എന്തുകൊണ്ടാണ് ഇതൊരു തട്ടിപ്പാകാൻ ഇടയുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നത്? നാളെ വായിക്കുക