ലോകത്താകമാനമായി പരന്നു കിടക്കുന്ന ലക്ഷകണക്കിന് നഗരങ്ങളിലെ ഒന്നര കോടിയിലധികം സഞ്ചാരപ്രിയർ അംഗങ്ങളായുള്ള ഒരു സൗഹൃദ കൂട്ടായ്മയാണ് കൗച്ച് സർഫിങ്. യൂറോപ്യൻ സഞ്ചാരികളുടെ ഹോസ്റ്റൽ പ്രിയത്തിനോളം തന്നെ സ്വീകാര്യതയാണ് ഇന്ന് കൗച്ച് സർഫിങ് കമ്മ്യൂണിറ്റിക്കും കിട്ടിയിരിക്കുന്നത്.

ബോസ്റ്റണിൽ നിന്നും ഐസ്ലാന്റിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് സംഘടിപ്പിച്ച കമ്പ്യൂട്ടർ പ്രോഗ്രാമർ ആയ കാസി ഫെന്റനുന് അവിടെ താമസിക്കാൻ നല്ല ഒരു സ്ഥലം കണ്ടെത്താനായില്ല. വെറുപ്പിക്കുന്ന ഹോട്ടൽ താമസം ഇഷ്ടപെടാത്ത കാസി, ഐസ്ലാൻഡ് യൂണിവേഴ്‌സിറ്റി ഡാറ്റാബേസ് ഹാക്ക് ചെയ്തു 1500 -റോളം വിദ്യാർത്ഥികൾക്ക് താമസം സ്ഥലം അഭ്യർത്ഥിച്ചു ഇമെയിൽ അയച്ചു. കാസിയെ അത്ഭുതപെടുത്തി നൂറോളം ഇ-മെയിലുകളാണ് റൂം വാഗ്ദാനം ചെയ്തു എത്തിയത്.

ബോസ്റ്റണിലേക്കുള്ള മടക്ക യാത്രയിലാണ് എന്തുകൊണ്ട് തങ്ങളുടെ മുറികൾ മറ്റുള്ളവരുമായി പങ്കു വെക്കാൻ താൽപര്യമുള്ളവരെ ചേർത്ത് ഒരു കമ്മ്യൂണിറ്റി തുടങ്ങി കൂടാ എന്ന ആശയം കാസിക്കു ഉണ്ടായത്. 1999 ജൂൺ 13-നു couchsurfing.com എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്യപ്പെട്ടു, 2003 ഏപ്രിൽ രണ്ടിന് നോൺ പ്രോഫിറ്റ് സ്ഥാപനമായി, കൗച്ച് സർഫിങ് ഇന്റർനാഷണൽ രൂപം കൊണ്ടു.

2004 ജൂൺ 12-നാണു couchsurfing.com എന്ന വെബ്‌സൈറ്റ് നിലവിൽ വന്നത്, വെബ്‌സൈറ്റ് നിലവിൽ വന്ന ദിവസം തന്നെയാണ് 'ലോക കൗച്ച് സർഫിങ് ദിനമായി' കമ്മ്യൂണിറ്റികൾ ആഘോഷിക്കുന്നത്.

ഇനി കൗച്ച് സർഫിങ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.

നിങ്ങളിൽ ഒരാൾ തായ്‌ലാൻഡിലേക്ക് ട്രിപ്പ് പോകാൻ പ്ലാൻ ചെയുന്നെന് കരുതുക, കൈയിലുള്ള പൈസ നോക്കിയാൽ ഹോട്ടലിലെങ്ങും തങ്ങാനാകില്ല, ഈ അവസരത്തിലാണ് കൗച്ച് സർഫിങ് ഉപകാരപ്പെടുന്നത്. ആദ്യം തന്നെ കൗച്ച് സർഫിങ് വെബ്‌സൈറ്റിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കുകയാണ് വേണ്ടത്, മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും, പ്രൊഫൈൽ ചിത്രങ്ങളും അടങ്ങുന്ന വിവരങ്ങൾ ഉൾപ്പെടുന്നതാണ് പ്രൊഫൈൽ.

തെറ്റായിട്ടുള്ള വിവരങ്ങൾ നൽകാതിരിക്കുക, പ്രൊഫൈൽ വെരിഫിക്കേഷനും നമ്മളുടെ പ്രൊഫൈലിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും കൗച്ച് സർഫിങ് അതിഥി നമ്മളുടെ റിക്വസ്റ്റ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

പ്രൊഫൈൽ റെഡി ആയി കഴിഞ്ഞാൽ, രണ്ടു തരത്തിൽ നമുക്ക് ആതിഥിയെ കണ്ടെത്താം. അതിൽ ആദ്യത്തേത്, താമസം വേണ്ടുന്ന ദിവസവും സ്ഥലവും ഉൾപ്പെടുത്തി ട്രിപ്പ് പ്ലാൻ തയാറാക്കി ഇടുകയാണ് വേണ്ടത്. നമ്മൾ ട്രിപ്പ് പ്ലാൻ ഇടുമ്പോൾ, താല്പര്യമുള്ള അതിഥികൾ ഇങ്ങോട്ടു മെസ്സേജ് അയച്ചു റിക്വസ്റ്റ് സ്വീകരിക്കും. ഈ മാർഗത്തിൽ അതിഥികൾ നമുക്ക് മെസ്സേജ് അയക്കുന്നത് ആദ്യം ഒക്കെ കുറവായിരിക്കും.

രണ്ടാമത്തെ മാർഗം, പോകേണ്ടുന്ന സ്ഥലത്തുള്ള കൗച്ച് സർഫിങ് ഹോസ്റ്റുകളെ സേർച്ച് ചെയ്യലാണ് . ഹോസ്റ്റുകളെ കുറിച്ച് ഈ അവസരത്തിൽ പറയണം, തങ്ങളുടെ വീടുകളിൽ അല്ലെങ്കിൽ ഫ്‌ളാറ്റുകളിൽ യാത്രക്കായെത്തുന്നവരെ താമസിപ്പിക്കാൻ തയ്യാറുള്ളവരാണ് കോച് സർഫിങ് ഹോസ്റ്റുകൾ. ഒരിക്കലും ഹോട്ടലുകളിലെ പോലെ സൗകര്യങ്ങൾ പ്രതീക്ഷിച്ചു കോച് സർഫിംഗിന് പോകരുത്.

നിങ്ങൾ താമസിക്കാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിൽ ഹോസ്റ്റ് ചെയാൻ കഴിയുന്നവരെ കണ്ടെത്തി കഴിഞ്ഞാൽ റിക്വസ്റ്റ് അയച്ചു തുടങ്ങാം. റിക്വസ്റ്റ് അയക്കുന്നതിനു മുൻപ് ആ ഹോസ്റ്റിന്റെ പ്രൊഫൈലിൽ അവർ ഹോസ്റ്റ് ചെയാൻ എങ്ങനെ ഉള്ളവരെയാണ് തലപര്യം എന്ന് എഴുതിയിട്ടുണ്ടാകും, അത് മറക്കാതെ വായിച്ചു നോക്കുക. നമ്മളുടെ ട്രിപ്പിന്റെ വിവരങ്ങൾ അടങ്ങിയ ഒരു ചെറിയ ഒരു മെസ്സേജ് ആണ് റിക്വസ്റ്റ് ആയി അയക്കുന്നത്.

റിക്വസ്റ്റ് സ്വീകരിക്കണോ, ഇല്ലയോ എന്നുള്ളത് അതാതു ഹോസ്റ്റുകളുടെ ഇഷ്ടമാണ്. നമ്മുടെ പ്രൊഫൈൽ വെരിഫൈഡ് ആണെങ്കിൽ, മറ്റേതെങ്കിലും കൗച്ച് സർഫർ നമ്മളെ കുറിച്ച് നിരൂപണം എഴുതിയിട്ടുണ്ടെകിൽ, അതുമല്ല നമ്മൾ മറ്റൊരു കൗച്ച് സർഫറെ ഹോസ്റ്റ് ചെയ്തിട്ടുണ്ടെകിൽ ഒക്കെ റിക്വസ്റ്റ് സ്വീകരിക്കപ്പെടാൻ ചാൻസ് കൂടുതൽ ആണ്.

ഹോസ്റ്റിനു വേണ്ടി നിങ്ങൾ എന്തെങ്കിലും ചെറിയ ഗിഫ്റ്റുകൾ കൈയിൽ കരുതുന്നത് വളരെ നല്ലതാണ്, ഫാമിലിയോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ കുട്ടികൾക്കായി എന്തെങ്കിലും കരുതുക.പോകുന്ന രാജ്യത്തിലെ ജീവിത രീതികളെയും, അവരുടെ കാഴ്ചപ്പാടുകളെയും, ഭക്ഷണത്തെയും, ചരിത്രത്തെയും ഒക്കെ ഇത്ര അടുത്തറിയാൻ കൗച്ച് സർഫിങ് പോലെ മറ്റൊരു കമ്മ്യൂണിറ്റി ഉണ്ടാവില്ല.

പൈസ ഇടപാടുകൾ ഒന്നും തന്നെയില്ലാത്ത ലാഭത്തിനതീതമായി പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണിത്. അതുകൊണ്ടു തന്നെ ഹോസ്റ്റുകൾ അവരുടെ സ്വകാര്യ റൂമുകൾ നമ്മുക്ക് വേണ്ടി തുറന്നു തരുമ്പോൾ, തിരിച്ചു അങ്ങനെയുള്ള പെരുമാറ്റം അവർ പ്രതീക്ഷിക്കുന്നുണ്ടാവും. റൂമുകൾ വൃത്തിയായി സൂക്ഷിക്കുക, അവരുടെ സ്വകാര്യാതയിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കുക പോലുള്ള കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം.

കേരളത്തിലേക്ക് വരുന്ന ലോക സഞ്ചാരികളെ വീട്ടിലേക്ക് ക്ഷണിക്കാവുന്നതാണ്. ഇനി താമസിപ്പിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ കൂടി ഒട്ടനവധി യാത്രികർ തങ്ങൾ സന്ദർശിക്കുന്ന സിറ്റികളിൽ ചുറ്റി നടന്നു കാണാൻ കൗച്ച് സർഫറന്മാരെ തേടാറുണ്ട്. ചെലവിലാത്ത താമസ സൗകര്യത്തെക്കാൾ ഉപരി, ലോകമെങ്ങും ഉള്ള സഞ്ചാരികളെയും അവരുടെ യാത്ര വിശേഷങ്ങളെയും ജീവിത രീതികളെയും, വ്യത്യസ്തങ്ങളായ ഭാഷകളെയും ഒക്കെ അടുത്തറിയാനുള്ള ഏറ്റവും മികച്ച മാർഗമാണ് കോച് സർഫിങ്.

കേരളത്തിൽ കൗച്ച് സർഫിങ് സാദ്ധ്യതകൾ വളരെയധികമാണ്. നിങ്ങൾ ഒരു സഞ്ചാര പ്രിയനാണോ...? മടിച്ചു നിൽക്കണ്ട ഉടനെ തുടങ്ങിക്കോളൂ ഒരു കൗച്ച് സർഫിങ് അക്കൗണ്ട്.....