തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ രംഗം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന എയ്ഡഡ് സ്‌കൂളുകളോട് മലയാളികൾക്ക് താൽപര്യം കുറയുന്നു. എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ സർക്കാർ സ്‌കൂളുകളുടെ നിലവാരം വലിയ തോതിൽ മെച്ചപ്പെട്ടിരുന്നു. ക്‌ളാസുകളുടേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയും നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചതോടെ സർക്കാർ സ്‌കൂളുകൾ കൂടുതൽ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുയാണ്. മാത്രമല്ല മെച്ചപ്പെട്ട പഠന നിലവാരവും സർക്കാർ സ്‌കൂളുകൾക്ക് കൈവന്നതോടെ കൂടുതൽ രക്ഷിതാക്കളും എയ്ഡഡ് സ്‌കൂളുകളെ വിട്ട് സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാൻ താൽപര്യം കാട്ടിത്തുടങ്ങി.

പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സർക്കാർ സ്‌കൂളുകളെ സമഗ്രമായി പരിഷ്‌കരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി തുടങ്ങിയത്. ആദ്യഘട്ടത്തിൽ നിരവധി സ്‌കൂളുകളുടെ നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷത്തെ പ്രവേശനോത്സവം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ തെളിയിക്കുമെന്ന അന്നത്തെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെ ഉറപ്പുവരുത്തിയതോടെ എയ്ഡഡ് സ്‌കൂളുകളേക്കാൾ സർക്കാർ സ്‌കൂളുകളാണ് മെച്ചമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സർക്കാർ സ്‌കൂളുകളേപ്പോലെ എയ്ഡഡ് സ്‌കൂളും പ്രധാനമാണെന്നും എയ്ഡഡ് സ്‌കൂളുകൾ മെച്ചപ്പെടുത്താൻ ഒരു കോടിവരെ ചെലവാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ആദ്യഘട്ടത്തിൽ സർക്കാർ സ്‌കൂളുകളെ മികച്ച നിലവാരത്തിലേക്ക് എത്തിച്ചതോടെ എയ്ഡഡ് മേഖലയിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരിക്കുകയാണ്. വരുന്ന വിദ്യാഭ്യാസ വർഷത്തിലും കൂടുതൽ കുട്ടികൾ സർക്കാർ സ്‌കൂളുകളിലേക്ക് എയ്ഡഡ് മേഖലയിൽ നിന്ന് എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എൽപി യുപി വിഭാഗം മുതൽ ഹൈസ്‌ക്ൂൾ, പ്‌ളസ് ടു പ്രവേശനത്തിനും സർക്കാർ സ്‌കൂളുകളിൽ ചേരാനാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽപേരും താൽപര്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സർക്കാർ സ്‌കൂളുകളിലേക്കു വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ എയ്ഡഡ് മേഖല കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാവുന്നതോടെ അദ്ധ്യാപകരുടെ ജോലിനഷ്ടവും എയ്ഡഡ് മേഖല നേരിടുന്നു എന്നതാണ് മറ്റൊരു വസ്തുത. അദ്ധ്യാപകരുടെ നിലവാരമില്ലായ്മയാണ് എയ്ഡഡ് മേഖലയ്ക്കു തിരിച്ചടിയാവുന്നത്.

ഇല്ലാതാകുന്നത് കേരളത്തെ നവീകരിച്ച വിദ്യാഭ്യാസ വിപ്‌ളവം

കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചിരുന്ന സ്ഥാപനങ്ങളായിരുന്നു ഒരുകാലത്ത് ഇവിടത്തെ എയ്ഡഡ് മേഖല. കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപകമായി എയ്ഡഡ് സ്‌കൂളുകൾ വന്നതോടെയാണ് സാർവത്രിക വിദ്യാഭ്യാസം കേരളത്തിൽ നടപ്പായതും രാജ്യത്തുതന്നെ മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്ന തലത്തിലേക്ക് കേരളം ഉയരുന്നതും. പിന്നീട് മുസ്‌ളീം മതവിഭാഗങ്ങൾ, എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും ഒറ്റപ്പെട്ട് ചില സമ്പന്നരുടെ നേതൃത്വത്തിലുമെല്ലാം കേരളത്തിൽ എയ്ഡഡ് സ്‌കൂളുകൾ വ്യാപകമായി ഉയർന്നു.

ആദ്യഘട്ടത്തിൽ ഇവയുടെ പ്രവർത്തനം മെച്ചപ്പെട്ട നിലയിൽ മുന്നേറിയതോടെ സർക്കാർ സ്‌കൂളുകളേ അപേക്ഷിച്ച് കൂടുതൽപേരും എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ വിടുന്ന സ്ഥിതിയുണ്ടായി. 90കളിൽ അൺ എയ്ഡഡ് മേഖലയിൽ സ്‌കൂളുകൾ വ്യാപകമായി വന്നുതുടങ്ങിയതോടെയാണ് ഇംഗ്‌ളീഷ് മീഡിയം ട്രെൻഡ് കേരളത്തിൽ ഉണ്ടാകുന്നത്. ഈ കാലത്തിന് ഏറെ മുമ്പുതന്നെ എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക-അനധ്യാപക നിയമനം പണം വാങ്ങി മാനേജ്‌മെന്റുകൾ നടത്തുകയും അവർക്ക് സർക്കാർ ശമ്പളം കൊടുക്കുകയും ചെയ്യുകയെന്ന സ്ഥിതി വന്നുചേർന്നിരുന്നു. ഇത്തരത്തിൽ നിയമനം നടത്തുമ്പോൾ പണം വാങ്ങുക എന്നതിൽ കവിഞ്ഞ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിലും പഠന നിലവാരം ഉറപ്പുവരുത്താൻ മികച്ച യോഗ്യതകളുള്ള അദ്ധ്യാപകരെ നിയമിക്കുക എന്ന കാര്യത്തിലും മിക്ക എയ്ഡഡ് മാനേജ്‌മെന്റുകളും പിന്നാക്കം പോയി. ഇതോടെയാണ് എയ്ഡഡ് മേഖലയുടെ അപചയം ഉണ്ടാവുന്നത്.

ഈ നില വളർന്നുവന്ന് ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഇല്ലെന്ന നിലയിലേക്ക് ഭൂരിഭാഗം എയ്ഡഡ് സ്‌കൂളുകളും മാറി. അതേസമയം, പഠനത്തിൽ മികവുപുലർത്തിയവർ പിഎസ്‌സി വഴി നിയമനം നേടി അദ്ധ്യാപകരായി എത്തുന്ന സർക്കാർ സ്‌കൂളുകളിൽ സൗകര്യങ്ങളുടെ കുറവായിരുന്നു വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും അകറ്റി നിർത്തിയത്. ഈ നില മാറുകയാണ് ഇപ്പോൾ. ഇതോടെയാണ് എയ്ഡഡ് മേഖലയിൽ നിന്ന് കൂടുതൽ പേർ സർക്കാർ സ്‌കൂളുകളിലേക്ക് ചേക്കേറുന്നത്.

അതേസമയം, അൺ എയ്ഡഡ് സ്‌കൂളുകളിൽ മക്കളെ അയക്കുന്ന ഒരു വിഭാഗത്തിന്റെ സ്ഥിതി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. അതിനാൽ തന്നെ സർക്കാർ സ്‌കൂളുകൾ മെച്ചപ്പെട്ടതോടെ നഷ്ടംമുഴുവൻ എയ്ഡഡ് മേഖലയിലേക്ക് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞതായി വിദ്യാഭ്യാസ രംഗത്തെ നിരീക്ഷകരും പറയുന്നു. സാമുദായിക നേതാക്കളുടെ പണക്കൊതിയാണ് ഇപ്പോൾ എയ്ഡഡ് മേഖലയെ തകർച്ചയിലേക്ക് നയിക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ മൊത്തമായാണ് പൊതുവിദ്യാഭ്യാസ മേഖലയായി കണക്കാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കുട്ടികളെ ആകർഷിക്കാനായി തയാറാക്കിയ പദ്ധതികളുടെ ഫലമായി കഴിഞ്ഞവർഷം ഒന്നരലക്ഷത്തോളം വിദ്യാർത്ഥികളാണ് അധികമായി പൊതുവിദ്യാലയങ്ങളിലെത്തിയത്. ഈ വർഷം ഇത് ഇനിയും കൂടുമെന്നാണ് കണക്ക്. എയ്ഡഡ് സ്‌കൂളുകളിലല്ല, മറിച്ച് സർക്കാർ സ്‌കൂളിൽ മാത്രമാണ് കൂട്ടികൾ കൂടുതലായി ചേർന്നതെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ ജോലി പോയത് 4059 അദ്ധ്യാപകർക്ക്

ഓരോവർഷവും കുട്ടികൾ കുറയുന്നതിനെത്തുടർന്ന് എയ്ഡഡ് മേഖലയിൽ വലിയ തോതിൽ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിൽ ഒന്നരലക്ഷം കുട്ടികൾ കൂടുതലായിചേർന്നെങ്കിലും 2017-18 അധ്യയനവർഷം മുൻവർഷത്തേക്കാൾ 563 അദ്ധ്യാപകർക്ക് എയ്ഡഡ് മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടു. ഇവരെ സംരക്ഷിത അദ്ധ്യാപകരായി കണക്കാക്കി സർവശിക്ഷാ അഭിയാനിൽ പുനർവിന്യസിച്ചാണ് സർക്കാർ അവരുടെ ജോലി ഉറപ്പുവരുത്തിയത്. 2015-16 അധ്യയനവർഷം 3496 അദ്ധ്യാപകരാണ് തൊഴിൽ നഷ്ടപ്പെട്ട് സംരക്ഷിത അദ്ധ്യാപകരായി മാറിയത്. 2017-18ൽ സംരക്ഷിത അദ്ധ്യാപകരുടെ എണ്ണം 4059 ആയി ഉയർന്നു. കണ്ണൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലും ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ചു. ഏറ്റവും കൂടുതൽ അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെട്ടത് പാലക്കാടാണ്. 480 പേർ ഇവിടെ സംരക്ഷിതഅദ്ധ്യാപകരായി മാറി.

ഇതെല്ലാം വ്യക്തമാക്കുന്നത് സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുകയും സ്വകാര്യ സ്‌കൂളുകൾ അതേപടി നിലനിൽക്കുകയും ചെയ്യുമ്പോൾ നഷ്ടം നേരിടുന്നത് എയ്ഡഡ് സ്‌കൂളിനാണ് എന്നതുതന്നെ. സർക്കാർ സ്‌കൂളിനെക്കുറിച്ചാണ് മുൻകാലങ്ങളിൽ പരാതികൾ കൂടുതലായി ഉണ്ടായത്. ഇപ്പോൾ അത് എയ്ഡഡ് മേഖലയെ കുറിച്ചായി. പഠന നിലവാരം മെച്ചപ്പെടുത്താൻ ശക്തമായ ഇടപെടൽ ഇല്ലാതെ പോയതും സമുദായങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജ്‌മെന്റുകൾക്ക് പണംവാങ്ങി നിയമനങ്ങൾ നടത്താൻ മാത്രമേ താൽപര്യമുള്ളൂ എന്നതുമാണ് എയ്ഡഡ് മേഖലയ്ക്ക് തിരിച്ചടിയാവുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ മേഖലയിൽ അച്ചടക്കം കൈവരികയും പഠനനിലവാരം ഉയരുകയും ചെയ്തു. എന്നാൽ എയ്ഡഡ് മേഖലയിൽ അധ്യയനത്തിന്റെ നിലവാരം താഴ്ന്നു. അദ്ധ്യാപക നിയമനത്തിൽ ഒരു മാനനദണ്ഡവും പാലിക്കാതെ പണം കൂടുതൽ തരുന്നവരെ കണ്ണുമടച്ച് നിയമിക്കുക എന്നതുമാത്രമായി നയം. സമുദായ നേതാക്കളുടെയും മത മേലധികാരികളുടേയും കാശിനോടുള്ള ആർത്തി മാത്രമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.

പി.എസ്.സിയുടെ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണു സർക്കാർ മേഖലയിൽ അദ്ധ്യാപകനിയമനം നടത്തുന്നത്. എന്നാൽ എയ്ഡഡ് മേഖലയിൽ അദ്ധ്യാപകനിയമനത്തിൽ ഒരു സ്‌ക്രീനിങ് സംവിധാനവും നിലവിലില്ല. നിയമനത്തിന്റെ മാനദണ്ഡം കോഴപ്പണത്തിന്റെ തോത് മാത്രമാവുന്നതോടെ ഇത് നിലവാരത്തെ ഗുരുതരമായി ബാധിച്ചു. മാത്രമല്ല, പണം വാങ്ങുമ്പോഴും സ്‌കൂളിലെ പഠന നിലവാരം മെച്ചപ്പെടുത്താൻ ഒരു നടപടിയും മിക്ക മാനേജ്‌മെന്റുകളും കൈക്കൊള്ളാത്തതും തിരിച്ചടിയാകുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.