രിതയുടെ സാരിത്തുമ്പിനെ കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കുന്ന മലയാളി സൈബർ പോരാളികൾ നെറ്റ് ന്യൂട്രാലിറ്റി എന്ന സ്വാതന്ത്ര്യ സമരത്തിന് പങ്കാളിയാവുമോ? നവ മാദ്ധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമരമാണ് ഇപ്പോൾ തീപ്പൊരി പോലെ പടർന്ന് പിടിക്കുന്നത്. ഇന്റെർനെറ്റിന് കാശ് മുടക്കുന്നവർക്കൊക്കെ അത് സൗജന്യമായി ഉപയോഗിക്കാൻ സ്വാതന്ത്ര്യം വേണമെന്ന സിമ്പിൾ ശാസ്ത്രമാണ് ഈ സമരത്തിന് പിന്നിൽ. ഇന്റർനെറ്റ് ലോകത്തിന്റെ അടിസ്ഥാന പ്രമാണമായ സൗജന്യ സേവനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പോർട്ടൽ എന്ന നിലയിൽ ഈ സമരത്തിന് വായനക്കാർക്ക് ആവേശം പകരാനുള്ള പ്രതിജ്ഞയിലാണ് ഞങ്ങളും. എന്താണ് ഈ നെറ്റ് നൂട്രാലിറ്റി എന്ന് വ്യക്തമായി അറിയുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

സുതാര്യതയിൽ അധിഷ്ടിതമാണ് ഇന്റർനെറ്റ് എന്ന ആശയം. നിയമപരമായ നിയന്ത്രണങ്ങളില്ലാത്ത വിവരങ്ങൾ കൈമാറാനും മറ്റുള്ളവരുമായി ബന്ധപ്പെടാനുമുള്ള സ്വാതന്ത്ര്യം ഇത് അനുവദിച്ചു തരുന്നു. നെറ്റ് വർക് ന്യൂട്രാലിറ്റി അഥവാ വിവേചന രഹിതവും നിഷ്പക്ഷവുമായ നെറ്റ്‌വർക്ക് എന്ന ആശയമാണ് ഇത് സാധ്യമാക്കുന്നത്. നിലവിലെ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്ന രീതി തൃപ്തികരമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് നെറ്റ് ന്യൂട്രാലിറ്റി?

രുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ടെലിഫോൺ ലൈനുകൾ പ്രവർത്തിച്ചു തുടങ്ങിയ രീതിയിൽ നിന്നാണ് നെറ്റ് ന്യൂട്രാലിറ്റി എന്ന ആശയം ഉടലെടുക്കുന്നത്. ടെലിഫോണിൽ നിങ്ങൾക്ക് ഏത് നമ്പർ ഡയൽ ചെയ്തും ആരേയും ബന്ധപ്പെടാം. ഒരു ഹോട്ടലിലേക്കാണോ അതോ മയക്കു മരുന്ന് ഇടപാടുകാരനാണോ നിങ്ങൾ വിളിക്കുന്നത് എന്നത് ഒരു പ്രശ്‌നമേയല്ല. നിയമ നിബന്ധനയിലൂടെ അല്ലാതെ ഈ കോളുകൾ ടെലിഫോൺ ഓപറേറ്റ് ചെയ്യുന്ന കമ്പനികൾ തടസ്സപ്പെടുത്തുകയോ ചോർത്തുകയോ ചെയ്യില്ല. തടസ്സമില്ലാത്ത ഫോൺ സേവനം ഉറപ്പു വരുത്താൻ കമ്പനികളെ നിർബന്ധിപ്പിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പല രാജ്യങ്ങളിലും നിലവിലുണ്ട്.

എന്നാൽ 1980-കളിലും 90-കളിലും ഇന്റർനെറ്റ് വ്യാപകമായിത്തുടങ്ങിയപ്പോൾ ടെലിഫോൺ ലൈനുകളുടെ പ്രവർത്തന തത്വം തന്നെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും (ഐഎസ്‌പികളായ കമ്പനികൾ) പിന്തുടരണമെന്നതു സംബന്ധിച്ച് പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ ഉണ്ടായിരുന്നില്ല. പ്രധാനമായും ടെലികോം കമ്പനികൾ തന്നെയാണ് ഐഎസ്‌പികളും എന്നതിനാൽ ഇതേ ചട്ടം ഇവർ പിന്തുടരുകയായിരുന്നു. ഈ തത്വമാണ് നെറ്റ് ന്യൂട്രാലിറ്റി. ഒരു വെബ്‌സൈറ്റ് തുറക്കാനോ അല്ലെങ്കിൽ ഒരു വെബ് സേവനം ഉപയോഗപ്പെടുത്താനോ എല്ലാവർക്കും ഒരേ വേഗത തന്നെ ലഭ്യമാക്കുന്നു. യൂട്യൂബ് വീഡിയോകൾക്കും ഫേസ്‌ബുക്ക് ഫോട്ടോകൾക്കും ഒരേ ഡാറ്റാ റേറ്റ് തന്നെ. ഐഎസ്‌പികളുടെ ഇടപെടലില്ലാതെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്ന ഏതൊരു വെബ്‌സൈറ്റ് തുറക്കാനും വെബ് സേവനം ഉപയോഗപ്പെടുത്താനും ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് കഴിയും. ചില രാജ്യങ്ങളിൽ നെറ്റ് ന്യൂട്രാലിറ്റി പരിരക്ഷിക്കുന്നതിന് നിയമങ്ങൾ പോലുമുണ്ട്. പക്ഷേ അധികം രാജ്യങ്ങളിലും ഇതില്ല. പകരം മേൽപറഞ്ഞ തത്വമാണ് പിന്തുടരുന്നത്. കാരണം ഒരു നിയമം എന്നതിലുപരി ഒരു മാനദണ്ഡാമണിത്.

നെറ്റ് ന്യൂട്രാലിറ്റി ഇന്റർനെറ്റിനെ വളർത്തിയതെങ്ങനെ?

നെറ്റ്‌വർക്ക് നിക്ഷപക്ഷത അല്ലെങ്കിൽ വിവേചന രാഹിത്യം പ്രധാനമായും രണ്ട് രീതികളിലാണ് ഇന്റർനെറ്റിനെ വളർത്തിയത്. ഒന്നാമതായി, ഏതു വെബ്‌സൈറ്റ് തുറക്കാനും ആവശ്യമായ സേവനം ഉപയോഗപ്പെടുത്താനും വെബ് യൂസർമാർ സ്വതന്ത്രരാണ്. ഏതു തരം കണ്ടന്റാണ് തങ്ങളുടെ സെർവറുകളിൽ നിന്ന് ഉപഭോക്താക്കളിലെത്തുന്നത് എന്ന് ഐഎസ്‌പികളെ അലോസരപ്പെടുത്തുന്ന ഒന്നല്ല. ഇത് ഇന്റർനെറ്റിനെ ശരിക്കും ഒരു ആഗോള ശൃംഖലയായി വളർത്തുകയും ജനങ്ങള്ൾക്ക് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനുള്ള ഒരിടം ഒരുക്കുകയും ചെയ്തു. നിങ്ങളുടെ ഐഎസ്‌പിയെ കുറിച്ച് മോശമായി ഒരു ബ്ലോഗ് എഴുതിയാൽ അത് തങ്ങളുടെ ബിസിനസിനെ മോശമായി ബാധിക്കുമെങ്കിൽ പോലും ഐഎസ്‌പികൾ ഇതു തടയില്ല.

മറ്റൊരു പ്രധാന കാര്യം നെറ്റ് ന്യൂട്രാലിറ്റി ഇന്റർനെറ്റിൽ അവസര സമത്വമുണ്ടാക്കി എന്നതാണ്. ഒരു വെബ്‌സൈറ്റ് തുടങ്ങാൻ വൻ മുതൽ മുടക്കോ ബന്ധങ്ങളോ ഒന്നും ആവശ്യമില്ല. ഒരു സൈറ്റ് ഹോസ്റ്റ് ചെയ്ത് പണി തുടങ്ങാം. നിങ്ങളുടെ സേവനം മികച്ചതാണെങ്കിൽ വെബ് യൂസർമാർ താനെ വരും. ചാനലുകൾ ഉപഭോക്താക്കളിലെത്തിക്കാൻ കേബിൾ കണക്ഷൻ പ്രൊവൈഡർമാരുമായി കരാർ ഉണ്ടാക്കേണ്ടി വരുന്ന കേബിൾ ടിവി മേഖലയിൽ നിന്നും വിഭിന്നമായി നിങ്ങളുടെ സൈറ്റ് ഇന്റർനെറ്റ് ഉപഭോക്താക്കളിലെത്തിക്കാൻ ഇവിടെ നിങ്ങൾക്ക് ഐഎസ്‌പികളുടമായി കരാർ ഉണ്ടാക്കേണ്ട ആവശ്യവുമില്ല. ഇതാണ് ഗൂഗ്ൾ, ഫേസ്‌ബുക്ക് പോലുള്ള എണ്ണമറ്റ സേവനങ്ങൾക്ക് വഴിതുറന്നത്. സൈബർ ലോകത്ത് വലിയ സംഭവങ്ങളായി മാറി ഇവയെല്ലാം ചെറിയ രീതിയിൽ തുടങ്ങിയവയായിരുന്നു. പരിമിതമായ വിഭവങ്ങളുപയോഗിച്ച് അടിസ്ഥാന വെബ്‌സൈറ്റായി മാത്രം തുടങ്ങിയവയായിരുന്നു ഇവ. എന്നാൽ നെറ്റ് ന്യൂട്രാലിറ്റി അനുവദിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ഉപഭോക്താക്കൾ ഈ സൈറ്റുകളിലെത്തിയതും ഇവ വിജയമായി മാറിയതും.

നെറ്റ് ന്യൂട്രാലിറ്റി ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക?

നെറ്റ് ന്യൂട്രാലിറ്റി ഇല്ലെങ്കിൽ ഇന്റർനെറ്റ് ട്രാഫിക് നിയന്ത്രിക്കാനും അതു വഴി അധിക ലാഭം കൊയ്യാനും ഐഎസ്‌പികൾക്ക് അവസരമൊരുങ്ങും. ഉദാഹരണത്തിന് പല ഐഎസ്‌പികളും ലക്ഷ്യമിടുന്നത് ഉയർന്ന ബാൻഡ്‌വിഡ്ത്ത് ആവശ്യമായ യുട്യൂബ്, നെറ്റഫ്ളാക്‌സ് പോലുള്ള സേവനങ്ങൾക്ക് കമ്പനികളിൽ നിന്ന് ചാർജ് ഈടാക്കണമെന്നാണ്. അടിസ്ഥാനപരമായി ഇതുവഴി ഐഎസ്‌പികൾ ആഗ്രഹിക്കുന്നത് യുട്യൂബും നെറ്റ്ഫ്ളാക്‌സും ഉണ്ടാക്കുന്ന പണത്തിന്റെ ഒരു ഓഹരിയാണ്.

നെറ്റ് ന്യൂട്രാലിറ്റി ഇല്ലെങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന ഇന്റർനെറ്റ് നിലനിൽക്കില്ല. സൗജന്യമായി ഏതു വെബ്‌സൈറ്റും തുറക്കാനുള്ള സ്വാതന്ത്ര്യത്തിനു പകരം ഉപഭോക്താക്കൾക്കായി പ്രത്യേക പാക്കേജ് പ്ലാനുകൾ തന്നെ അവതരിപ്പിക്കപ്പെട്ടേക്കാം. ഉദാഹരത്തിന് 500 രൂപ നൽകിയാൽ നിങ്ങൽക്ക് ഇന്ത്യയിലെ വെബ്‌സൈറ്റുകൾ മാത്രം തുറക്കാം എന്നതു പോലെ. അന്താരാഷ്ട്ര സൈറ്റുകൾ തുറക്കാൻ അധികം പണം നൽകേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങൾ നൽകുന്ന പണത്തിനനുസരിച്ച് വ്യത്യസ്ത കണ്ടന്റിന് വ്യത്യസ്ത കണക്ഷൻ സ്പീഡുകളായിരിക്കും.

വെബ് ലോകത്ത് നടക്കുന്ന നവീന കണ്ടുപിടിത്തങ്ങളേയും പരീക്ഷണങ്ങളേയുമെല്ലാം നിരുത്സാഹപ്പെടുത്താനും നെറ്റ് ന്യൂട്രാലിറ്റിയുടെ അഭാവം വഴിയൊരുക്കും. വെബ്‌സൈറ്റുകൾ വേഗത്തിൽ തുറക്കാൻ കമ്പനികളിൽ നിന്ന് ഐഎസ്‌പികൾ കൂടുതൽ പണം ഈടാക്കും. പണം നൽകാത്തവരുടെ സൈറ്റുകൾക്ക് വേഗതയുണ്ടാവില്ല. ഇതിനർത്ഥം ഗൂഗ്ൾ പോലുള്ള വലിയ കമ്പനികൾക്കു മത്രമെ വലിയ തുക നൽകി യുട്യൂബ് പോലുള്ള സേവനങ്ങൾ നിലനിർത്താനാകൂ. യുട്യൂബിനേക്കാൾ മികച്ച വീഡിയോ ഹോസ്റ്റിങ് സൈറ്റ് നിർമ്മിക്കാൻ മുന്നോട്ടു വരുന്ന സ്റ്റാർട്ട് അപ്പുകൾക്ക് ഇത്രയും പണം മുടക്കാൻ സാധിച്ചെന്നു വരില്ല.

ഇന്ത്യയിലെ നെറ്റ് ന്യൂട്രാലിറ്റിയുടെ അവസ്ഥ എന്താണ്?

നെറ്റ് ന്യൂട്രാലിറ്റി എന്ന സങ്കൽപ്പം നിയമപരമായി ഇന്ത്യയിൽ നിലനിൽക്കുന്നില്ല. ഇന്ത്യയിലെ ടെലികോം വ്യവസായത്തെ നിയന്ത്രിക്കുന്ന ട്രായ് ഇതു സംബന്ധിച്ച് ചില ചട്ടങ്ങളുമായി പല തവണ രംഗത്തു വന്നിട്ടുണ്ട്. 2006-ൽ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് വ്യവസായ സംഘടനകളിൽ നിന്നും ട്രായ് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാൽ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താനോ സംരക്ഷിക്കാനോ ഔദ്യോഗികമായി ഒരു ചട്ടവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിലെ ഐഎസ്‌പികൾ ഭൂരിഭാഗവും നെറ്റ് ന്യൂട്രാലിറ്റി തത്വം പിന്തുർന്ന് പോരുന്നു. ഇന്ത്യൻ ഐഎസ്‌പികൾ നെറ്റ് ന്യൂട്രാലിറ്റി ലംഘിച്ച ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ അപൂർവ്വമാണവ.

നെറ്റ് ന്യൂട്രീലിറ്റി എന്ന സങ്കൽപ്പത്തിന് നിലനിൽപ്പുണ്ടോ?

ല്ലാവരേയും വിശ്വാസത്തിലെടുക്കുന്ന ഒരു തത്വമാണ് നെറ്റ് ന്യൂട്രാലിറ്റി. ഇതു വരെ ഇതു നിലനിന്നത് 30 വർഷം മുമ്പ് ഇന്റർനെറ്റ് തുടങ്ങുമ്പോൾ അതിന്റെ അനന്തസാധ്യതകൾ ഏതാനും പേർ തിരിച്ചറിഞ്ഞതു കൊണ്ടു മാത്രമാണ്. എന്നാൽ ഇന്ന് സമൂഹത്തിന്റെ ഒരു അവിഭാജ്യ ഘടകമായി ഇന്റർനെറ്റ് മാറുകയും അവിശ്വസനീയമാം വിധം പ്രാധാന്യം കൈവരികയും ചെയ്തതോടെ ലോകത്തൊട്ടാകെയുള്ള ഐഎസ്‌പികൾ ഇന്റർനെറ്റ് ട്രാഫിക് നിയന്ത്രിക്കാനും രൂപമാറ്റം നടത്താനുമുള്ള അധികാരത്തിനായി ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. അതേസമയം നെറ്റ് ന്യൂട്രാലിറ്റിയെ സജീവമായി നിലനിർത്താൻ നമുക്കു മുമ്പിൽ വഴികളുമുണ്ട്.

അതിനു വേണ്ടത് ഇന്റർനെറ്റ് ട്രാഫിക്കിൽ ഇടപെടാത്ത നിലവിലെ നിലപാടിൽ തന്നെ ഐഎസ്‌പികൾ തുടരണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുകയാണ്. ഐഎസ്‌പിയുടെ ഭാഗത്തു നിന്ന് നെറ്റ് ന്യൂട്രാലിറ്റി ലംഘനം കണ്ടാൽ ഉപഭോക്താക്കൾ തങ്ങളുടെ അതൃപ്തി ഐഎസ്‌പിയെ അറിയിച്ചിരിക്കണം. നെറ്റ് ന്യൂട്രാലിറ്റിയെ പിന്താങ്ങുന്ന ഐഎസ്‌പികളെ പ്രോത്സാഹിപ്പിക്കുയും വേണം. ഇതോടൊപ്പം നെറ്റ് ന്യൂട്രീലാറ്റി സംരക്ഷണത്തിനായി വ്യക്തവും കൃത്യവുമായ ചടങ്ങൾക്ക് ട്രായ് രൂപം നൽകേണ്ടതുണ്ട്.

നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?

നെറ്റ് ന്യുട്രാലിറ്റി സംരക്ഷിക്കാനായി നിങ്ങൾക്കും പലതും ചെയ്യാൻ സാധിച്ചേക്കും. ഇപ്പോൾ തന്നെ വാട്‌സ് ആപ്പും, സ്‌കൈപ്പും അടക്കം പ്രത്യേക സൈറ്റുകൾക്ക് അധികതുക ഈടാക്കാൻ ടെലികോം കമ്പനികൾ നടക്കുന്ന നീക്കത്തിന് ചൂട്ടു പിടിക്കുന്ന സർക്കാർ നീക്കത്തിനെതിരെ സൈബർലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പോരാട്ടം സൈബർലോകം ഏറ്റെടുത്തതോടെ സൈബർ സ്വതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പോരാട്ടമായി ഇത് മാറുകയാണ്. ഓരോ മിനിറ്റിലും ഇക്കാര്യത്തിൽ എതിർപ്പറിയിച്ചുകൊണ്ടുള്ള ഇ മെയ്‌ലുകളാണ് ടെലികോം റെഗുലേറ്ററി അതോററ്ററിക്ക് (ട്രായി)ക്ക് ലഭിച്ചത്. ദിവസത്തിനുള്ളിൽ ട്രായിക്ക് ലക്ഷകണക്കിന് ഇ മെയ്‌ലുകളാണ് ലഭിച്ചത്. 'നെറ്റ് ന്യൂട്രാലിറ്റി' എന്ന പേരിൽ തുടങ്ങിയ കാമ്പയിൽ സൈബർ ലോകം മുഴുവൻ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്‌ബുക്ക് തുറന്നാലും, ഗൂഗിൾ തുറന്നാലും, ഒരു ചാർജ് എന്നതാണ് ക്യാംപെയിന്റെ അടിസ്ഥാനം. Savetheinternet.in എന്ന സൈറ്റ് വഴിയാണ് കൂടുതൽ മെയിലുകൾ എത്തിയത്. 

ഈ കാര്യത്തിൽ നിങ്ങൾക്കും ഇ മെയിൽ അയച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കാം. ഈമാസം 24 വരെ അഭിപ്രായം അറിയാക്കാനുള്ള അവസരമാണ് ട്രായ് നൽകിയിരുന്നത്. ട്രായി തന്നെയാണ് ഇത്തരത്തിൽ ഒരു സംവിധാനം നൽകുന്നത്. ട്രായി കൺസൽട്ടേഷൻ വെബ്‌സൈറ്റിൽ 113 മുതൽ 116 വരെയുള്ള പേജുകളിലാണ് അഭിപ്രായമാരാഞ്ഞിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം advqost@rai.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഈമാസം 24ന് മുൻപ് അയച്ചു കൊടുക്കുകയാണ് വേണ്ടത്. മടിച്ചു നിർക്കാതെ ഈ കാമ്പയിനിന്റെ ഭാഗമാകുകയാണ് നിങ്ങൾ ചെയ്യേണ്ടത്. savetheinternet, #NetNeturaltiyInIndia എന്നീ ഹാഷ് ടാഗുകളിലാണ് ഇന്റർനെറ്റ് സമത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള കാമ്പയിൻ ശക്തമായിരിക്കുന്നത്.

ഇന്റർനെറ്റ് ന്യൂട്രാലിറ്റിക്കായി തയാറാക്കിയിരിക്കുന്ന ഈ പെറ്റീഷൻ ഒപ്പിടാൻ ആഹ്വാനം ചെയ്തുള്ള വീഡിയോകൾ ട്വിറ്റർവഴിയും ഫേസ്‌ബുക്ക് വഴിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷാഷ് ടാഗോടെ ഏവരും ഈ പ്രചരണത്തിന്റെ ഭാഗമാകുകയാണ് വേണ്ടത്. അതിനിടെ എഐബി തയ്യാറാക്കിയ പ്രത്യേക വീഡിയോ ഫേസ്‌ബുക്ക് നീക്കം ചെയ്യപ്പെട്ടതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ലിങ്ക് ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്തതിന് പിന്നിലെ രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്.