തിരുവനന്തപുരം: കുട്ടികളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ പൊതുവേ മാതാപിതാക്കൾക്കു മടിയാണ്. കൊച്ചു കുട്ടികളോട് മറ്റുള്ള ഏതു കാര്യത്തെക്കുറിച്ചും പറയാൻ മടിക്കാത്ത നമ്മൾ സെക്സിനെക്കുറിച്ച് പറയാൻ മടികാട്ടും. അവരുടെ ജീവിതത്തിൽ ചെറിയ പ്രായത്തിലെ തന്നെ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങളാണ് അതെല്ലാം. ആസ്ട്രേലിയൻ കപ്പിൾ ആൻഡ് സെക്സ് തെറാപ്പിസ്റ്റ് ആയ ഇഷിയ മിക്കിമി ലൈംഗികതയെക്കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട ആവശ്യകതയെക്കുറിച്ച് പറയുന്നു. കുട്ടികൾക്കു സെക്സിനെക്കുറിച്ചു മനസ്സിലാക്കി കൊടുക്കാൻ പ്രത്യേകം പ്രായമില്ല ഓരോ പ്രായത്തിലും അവർ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങളുണ്ട്. കുട്ടികളോട് അതിനെ കുറിച്ച് പറയുകയും അവരുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാനും തയ്യാറാകണം. കുട്ടികൾക്കു പറഞ്ഞു കൊടുക്കാൻ തയ്യാറായില്ല എങ്കിൽ അവർ മറ്റെവിടെ നിന്നെങ്കിലും തെറ്റായ വിവരങ്ങൾ മനസ്സിലാക്കും.

സെക്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ തോന്നുന്ന ജാള്യതയും ചമ്മലുമൊക്കെ സാധാരണയാണ്. എന്നാൽ മനസ്സിലാക്കേണ്ട കാര്യം നാം ഒരു വിഷയത്തെക്കുറിച്ച് കുട്ടികളോട് എങ്ങനെ സംസാരിക്കുന്നോ അതേ വികാരത്തോടെയാകും അവരും അതിനെ കണക്കാക്കുന്നത്. നമ്മൾ ബുദ്ധിമുട്ടോടെയും നാണക്കേടോടെയും സെക്സിനെക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ അത് പുറത്തു സംസാരിക്കാൻ പാടില്ലാത്ത, അടക്കത്തിൽ പറയേണ്ട കാര്യമാണെന്ന ധാരണയാകും അവർക്കുണ്ടാകുന്നത്. എന്നാൽ സെക്സിനെക്കുറിച്ച് വ്യക്തമായി തുറന്നു പറഞ്ഞു മനസ്സിലാക്കുകയാണെങ്കിൽ അതേ മനോഭാവത്തോടെ അവർ കാര്യങ്ങൾ തുറന്നു പറയാനും സംശയങ്ങൾ ചോദിക്കാനും മടിക്കില്ല.

ലൈംഗികാവയവങ്ങൾക്കു ശരിയായ പേരു തന്നെ പറഞ്ഞു കൊടുക്കുക. ജനനേന്ദ്രിയത്തെക്കുറിച്ചും ശരീരത്തിലെ മറ്റു അവയവങ്ങളെക്കുറിച്ചും മറ്റു പേരുകളിൽ പറഞ്ഞു കൊടുക്കുന്നത്. അത്തരം കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നു ചിന്തിക്കും. ശരീരത്തിലെ ഓരോ ഭാഗങ്ങളെക്കുറിച്ചും ശരിയായ രീതിയിൽ ശരിയായ് പേരുകളോടെ തന്നെ പറഞ്ഞു കൊടുക്കണം. ഏതെങ്കിലും തരത്തിലുള്ള ലൈംഗികാക്രമണങ്ങൾക്കു കുട്ടി ഇരയാകുകയാണെ്ങ്കിൽ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാനും മുതിർന്ന ആരോടെങ്കിലും പറയാനും കുട്ടിക്ക് ഇത്തരം അറിവുകൾ ഉപയോഗപ്പെടും.

'നോ' പറയാൻ ശീലിപ്പിക്കുക. ആവശ്യമില്ലാത്തതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ രീതയിലുള്ള സ്പർശനങ്ങൾ, അത് കുടുംബത്തിൽ നിന്നോ കൂട്ടുകാരിൽ നിന്നോ മറ്റാരിൽ നിന്നോ ആയാലും വേണ്ട എന്നു പരയാൻ ശീലിപ്പിക്കുക. എന്താണ് തെറ്റായ രീതിയിലുള്ള സ്പർശം എന്ന് പറഞ്ഞു കൊടുക്കുക. പിഞ്ചു കുഞ്ഞുങ്ങൾ വരെ പീഡനത്തിനു ഇരയാകുന്ന അവസ്ഥയിൽ വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് പറഞ്ഞ് മനസ്സിലാക്കി മുന്നോട്ടു പോകുക തന്നെ വേണം.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ബന്ധങ്ങളൊക്കെ വെറും പേരിനു മാത്രമാണ്. കുട്ടികളുമായി സത്യസന്ധമായ തുറന്നു സംസാരത്തിനു സാഹചര്യം ഉണ്ടാക്കുക. തുറന്നു സംസാരിക്കുന്നതിലുടെ വിശ്വസിക്കാനും തുറന്നു സംസാരിക്കാനും ഒരാൾ ഉണ്ടെന്ന തോന്നൽ കുട്ടിക്കു ഉണ്ടാകും. സ്വന്ത മാതാപിതാക്കളോട് എന്തിനെക്കുറിച്ചും തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത് സുരക്ഷിതത്ത്വ ബോധം കൂട്ടും.