തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിയമസഭയിൽ തുടങ്ങിയപ്പോൾ തന്നെ വനിതാ എംഎൽഎമാരെ പീഡിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. തന്നെ ജമീലാ പ്രകാശം കിടിക്കുകയായിരുന്നുവെന്ന് പാടുയർത്തി ശിവദാസൻ നായർ വിശദീകരിച്ചപ്പോൾ കാര്യങ്ങൾ മാറി. കടിച്ചുവെന്ന ആരോപണത്തെ ജമീലാ പ്രകാശം തള്ളിക്കളയുന്നുവെന്ന സ്ഥിതിയെത്തിയപ്പോൾ നിയമസഭാ സെക്രട്ടറിയേറ്റ് തന്നെ കടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ചാനലുകളും കടി തപ്പിയെടുത്ത് പ്രേക്ഷകരെ കാണിച്ചു. ഇതോടെ ജമീല പ്രകാശം വില്ലത്തിയായി.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്ന ജമീലയെ താൻ തടഞ്ഞെന്നും അപ്പോഴാണ് കടിച്ചതെന്നും ശിവദാസൻ നായർ ആരോപിച്ചു. ഇതിനെ അംഗീകരിക്കുന്ന തരത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്ത് എത്തി. സ്പീക്കർ എൻ ശക്തൻ സ്ത്രീപീഡന പരാതിയിൽ നടപടി എടുക്കാൻ വിസമ്മതിച്ചതോടെ ശിവദാസൻ നായരുടെ വാദങ്ങൾക്ക് ബലം കൂടി. പക്ഷേ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷനും കോൺഗ്രസിനോട് അടുത്തു നിൽക്കുകയും ചെയ്യുന്ന വ്യക്തി വിലയിരുത്തിയതു പോലെ ജമീലാ പ്രകാശത്തിന്റെ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് ഇന്നലെ കണ്ടത്. രണ്ട് മിനിറ്റിനിടെ എടുത്ത 140 തുടർ ചിത്രങ്ങളുമായി ശിവദാസൻ നായരെ പ്രതിസ്ഥാനത്ത് നിറുത്തി ജമീല തന്റെ ഭാഗം വാദിച്ചു ജയിച്ചു.

പിന്നീട് കോൺഗ്രസുകാർ പറഞ്ഞെതെല്ലാം തൊടു ന്യായങ്ങളാണ്. ഒന്നിനും വ്യക്തമായ ഉത്തരമില്ല. എന്തുകൊണ്ട് ആരോപണം ഉന്നയിക്കാൻ വൈകിയെന്നതാണ് ആദ്യ പ്രശ്‌നം. പീഡന ദിവസം തന്നെ സ്പീക്കർക്ക് ജമീല പരാതി നൽകിയെന്നത് ബോധപൂർവ്വം മറച്ചു വയ്ക്കുന്നു. ഇതിനൊപ്പം ജമീലയുടെ കടിയെ ജീവിക്കുന്ന തെളിവായും ജമീലയുടെ പരാതിയെ വെറും ആരോപണമായും ചിത്രീകരിക്കുന്നു. ഡയസ്സ് തകർത്ത എംഎൽഎമാരെ രക്ഷിക്കാനുള്ള വെറും തന്ത്രമാണ് ഇതെന്നും കോൺഗ്രസ് പറയുന്നു. മികച്ച അവതരണത്തിനിടെ ജമീലയ്ക്ക് പറ്റിയ പിശക് തന്നെയാണ് ഇതിന് കാരണം.

തന്നെ കോൺഗ്രസുകാർ ആക്രമിച്ചതിന്റെ പ്രകോപനമാണ് സ്പീക്കറുടെ ഡയസ്സ് തകർക്കാനുള്ള എംഎൽഎമാരുടെ ചെയ്തിക്ക് കാരണമെന്ന് ജമീല പറഞ്ഞു. തന്നെ ആക്രമിച്ചതിലെ രോഷം അങ്ങനെ തീർത്തതിൽ എന്താണ് തെറ്റെന്ന് ജമീലയുടെ വാദമാണ് ഭരണപക്ഷത്തിന് തുണയാകുന്നത്. ജമീലയ്ക്ക് എതിരെ അവർ പറയുന്നതു പോലത്തെ ആക്രമണം നടക്കുമ്പോൾ തന്നെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസ്സിൽ എത്തിയിരുന്നു. മാണിയുടെ ബജറ്റ് അവതരണം തടയാനായി സ്പീക്കറുടെ ഡയസ്സിനെ ലക്ഷ്യമിടാൻ പ്രതിക്ഷം വളരെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്. അനാവശ്യത്തിന് എംഎൽഎമാരുടെ നടപടിയെ ന്യായീകരിക്കാൻ ജമീല ശ്രമിച്ചതാണ് ഇപ്പോൾ ഭരണപക്ഷത്തിന്റെ ആയുധം. അവർ അത് നന്നായി ഉപയോഗിക്കുന്നുമുണ്ട്.

ഇതിനിടെയിൽ ചിലത് ശിവദാസൻ നായർ പറഞ്ഞിരുന്നു. വിശദമായ വിഡിയോ ദൃശ്യങ്ങളുമായി ജമീലയുടെ ആരോപണത്തെ തള്ളുമെന്ന്. പക്ഷേ ജമീലാ വാർത്താ സമ്മേളനം നടത്തി 24 മണിക്കൂറായിട്ടും അത് നടന്നില്ല. മറ്റൊരു ശ്രദ്ധേയകാര്യവുമുണ്ട്. ശിവദാസൻ നായരെ ജമീല കടിച്ചുവെന്ന ആരോപണത്തെ പ്രതിപക്ഷം എതിർത്തപ്പോൾ തന്നെ കടിയുടെ ദൃശ്യങ്ങൾ നിയമസഭയിൽ നിന്ന് പുറത്ത് എത്തി. അത് കടിയുടെ എഡിറ്റ് ചെയ്ത ഭാഗം മാത്രമായിരുന്നു. എന്തുകൊണ്ട് ജമീല കാട്ടിയ സ്റ്റിൽ ഫോട്ടോഗ്രാഫിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന തരത്തിൽ നിയമസഭാ സെക്രട്ടറിയേറ്റ് തന്നെ വിവിധ ആങ്കിളുകളിൽ നിന്നുള്ള വിഡിയോ ദൃശ്യം പുറത്തുവിടാത്തതാണ് സംശയങ്ങൾക്ക് കാരണം. അത് ചെയ്തിരുന്നുവെങ്കിൽ ആരാണ് തെറ്റു ചെയ്തതെന്ന് തെളിയും. അതേസമയം ഇന്ന് മാദ്ധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ സ്പീക്കർ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ജമീല പ്രകാശത്തിന്റെ വിശദീകരണത്തെ കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചെന്നും എൻ ശക്തൻ ഒന്നും പ്രതികരിച്ചില്ല.

ആ വിഡിയോ ദൃശ്യങ്ങളുമായി ശിവദാസൻ നായർ വാർത്താ സമ്മേളനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ ഈ വിവാദത്തിൽ സ്പീക്കർ പരസ്യമായി നിലപാട് വ്യക്തമാക്കണം. നിയമസഭയ്ക്കുള്ളിൽ പീഡനം നടന്നുവെന്ന ആരോപണം അന്തരീക്ഷത്തിൽ തുടരുന്നത് ജനാധിപത്യത്തിന് തീരാ കളങ്കമാണ്.