- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'89ൽ പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് കാന്തപുരം കത്ത് നൽകിയിരുന്നു; സമസ്തയിലെ പിളർപ്പിന് കാരണം കാന്തപുരത്തിന്റെ രാഷ്ട്രീയ മോഹം'; എസ് വൈഎസ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയിൽ എ പി - ഇ കെ പോര്
കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എന്ന സംഘടനയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന കാലമാണിത്. സമസ്തയും ലീഗും ഇടയുന്നു എന്ന വാർത്തകൾ വ്യാജമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെയാണ് സമസ്തയുടെ പിളർപ്പിന്റെ കാരണത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര് കൊഴുത്തത്.
കാന്തപുരം എപി അബൂബക്കർ മുസലിയാരെയും അനുഭാവികളെയും എന്തിനാണ് സമസ്തയിൽനിന്നും പുറത്താക്കിയതെന്ന് എസ്വൈഎസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് കാരണം. രാഷ്ട്രീയപാർട്ടി രൂപീകരിക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യത്തെ തുടർന്നുള്ള തകർക്കമാണ് പുറത്താക്കലിന് കാരണമായതെന്നാണ് ഹമീദ് ഫൈസി പറയുന്നത്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുസ്ലിംലീഗും സമസ്തയും തമ്മിൽ അനൈക്യം രൂപപ്പെട്ടെന്ന വാർത്തയെ തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയതിന് പിന്നാലെ നടന്ന ചാനൽ അഭിമുഖത്തിൽ ലീഗും സമസ്തയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 1989-ൽ സംഭവിച്ച സമസ്തയുടെ പിളർപ്പിന് വഴിവെച്ചത് ലീഗിന്റെ ഇടപെടലുകളായിരുന്നെന്ന ഐഎൻഎൽ നേതാവ് എകെ അബ്ദുൽഅസീസിന്റെ വാദത്തിന് മറുപടിയായിട്ടാണ് ഹമീദ് ഫൈസി പിളർപ്പിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കിയത്.
ആ കാലഘട്ടങ്ങളിൽ സമസ്തയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി താനായിരുന്നു. കാന്തപുരം വിഭാഗത്തെ മാറ്റി നിർത്തി സമസ്ത പുനഃസംഘടിപ്പിച്ചത് സമസ്തയുടെ രാഷ്ട്രീയ ചിന്താധാരയിൽ നിന്നും കാന്തപുരം വ്യതിചലിച്ചതുകൊണ്ടാണ്. സമസ്തയ്ക്ക് രാഷ്ട്രീയമില്ല, വ്യക്തികൾക്ക് രാഷ്ട്രീയമാകാം എന്നാണ് സമസ്തയുടെ നിലപാട്. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തി കാന്തപുരം വിഭാഗം സമസ്തയ്ക്ക് കത്തുനല്കി. സമസ്തക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് നൽകണമെന്നും അല്ലെങ്കിൽ യുവജന സംഘടനയെ അതിന്റെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കണമെന്നും അദ്ദേഹം സമസ്തയോട് ആവശ്യപ്പെട്ടു. നേതൃത്വം അത് അംഗീകരിക്കാത്തതിനെ തുടർന്ന് അവർ രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോഴാണ്, അനുബന്ധമായ പ്രശ്നങ്ങൾ വന്നപ്പോഴാണ് അവരെ സമസ്തയിൽ നിന്നും മാറ്റി നിർത്തിയത്. മുസ്ലിം ലീഗിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹമീദ് ഫൈസി പറഞ്ഞു.
ഹമീദ് ഫൈസിയുടെ വിശദീകരണത്തിന് പിന്നാലെ ഇത് കള്ളമാണെന്ന വാദവുമായി സോഷ്യൽ മീഡിയയിൽ എപി വിഭാഗം പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ എപി-ഇകെ വിഭാഗങ്ങൾ ചേരിതിരിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വാക്കേറ്റം തുടങ്ങി.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും ആലിക്കുട്ടി മുസ്ലിയാർ പിന്മാറിയതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ചർച്ചകളും സജീവമാവുന്നത്. മുസ്ലിംലീഗും സമസ്തയും തമ്മിൽ അനൈക്യം രുപപ്പെട്ടുവെന്ന വാർത്തകൾക്കിടെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ, ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ പണക്കാടെത്തി ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി.ആലിക്കുട്ടി മുസ്ലിയാരെ ലീഗ് വിലക്കിയിട്ടില്ലെന്നും സമസ്തയും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഫ്രി തങ്ങൾ പ്രതികരിച്ചു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തങ്ങൾ വ്യക്തമാക്കി.