മോദി സർക്കാർ ഈ 26 ന് ഒരു വർഷം പൂർത്തിയാക്കുമ്പോൾ മലയാളികൾ എങ്ങനെയാണ് സ്വീകരിക്കുന്നത്? വാചകമടിയും വിദേശ യാത്രയും കൊണ്ട് മോദി ഭരണം ഗിമിക്ക് കാട്ടുകയാണോ? കർഷകനെ തല്ലി കോർപ്പറേറ്റുകളുടെ പിന്നാലെയാണോ യാത്ര? പെട്രോൾവില അടക്കമുള്ള കാര്യങ്ങളിൽ ജനരോഷ നടപടികൾ എടുക്കുന്ന മോദിയുടെ മാതൃക അംഗീകരിക്കാൻ കഴിയുമോ? അതോ വികസനത്തിന്റെ അടിത്തറ പാകിയാണോ മോദിയുടെ മുൻപോട്ടുള്ള യാത്ര? ഒരു വർഷം എറിഞ്ഞവിളകൾ വരുന്ന വർഷങ്ങളിൽ ഫലം പുറപ്പെടുവിക്കുമോ?

ഇത്തരം അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട സമയമാണിത്. ഒരൊറ്റ എംപിയെ പോലും മോദിക്ക് നൽകാത്ത ഏക സംസ്ഥാനം എന്ന നിലയിൽ അത് വളരെ പ്രസക്തമായ ചോദ്യമാണ്. മോദിയുടെ ഒരു വർഷത്തെ ഭരണത്തെ മലയാളികൾ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ മറുനാടൻ മലയാളി ഒരു സർവ്വേ നടത്തുകയാണ്. ദേശീയ മാദ്ധ്യമങ്ങൾ ഇത്തരം സർവ്വേകൾ പലതും നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ശ്രമം. മലയാളിയുടെ ശരിക്കുള്ള മനസ്സ് കണ്ടെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. മോദിയുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾ അവതരിപ്പിച്ച് ജനഹിതം തേടാൻ ആണ് ഞങ്ങളുടെ ശ്രമം. മായം ചേർക്കാതെ തന്നെ ഫലം ഞങ്ങൾ പുറത്ത് വിടുകയും ചെയ്യും.

മോദി സർക്കാറിനെതിരെ മാദ്ധ്യമങ്ങളിലൂടെയും മറ്റു ഉയർന്ന വിവാദങ്ങളെ ഉൾപ്പെടുത്തിയാണ് മറുനാടൻ ടീം വായനക്കാർക്കുള്ള ചോദ്യം തയ്യാറാക്കിയിരിക്കുന്നത്. പൊതുവിൽ മോദി സർക്കാറിനെ വിലയിരുത്താനും ഓരോ വിഷയങ്ങളെ പ്രത്യേകം എടുത്തും അഭിപ്രയം രേഖപ്പെടുത്താനുള്ള അവസരവും മറുനാടൻ ഒരുക്കിയിട്ടുണ്ട്. ഉദാഹണത്തിന് മോദിയുടെ വിദേശ യാത്രകളെ കുറിച്ചാണ് ഒരു ചോദ്യം. ഇതിന് ഒട്ടും ഗുണകരമല്ല,
അധികമാണ്, ഗുണകരമാണ്, അഭിപ്രായം ഇല്ല തുടങ്ങിയ ഓപ്ഷനുകളാണ് വായനക്കാർക്ക് മുമ്പിൽ വെക്കുന്നത്. ഇതിൽ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

മറുനാടൻ മലയാളിയുടെ വായനക്കാരിൽ നല്ലൊരു ശതമാനം പ്രവാസികൾ ആയതുകൊണ്ട് പ്രവാസികൾക്ക് അവരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മോദി ഭരണം പ്രവാസികൾക്ക് എന്ത് നൽകിയെന്ന ചോദ്യമാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റേറിയൻ എന്ന നിലയിൽ പ്രധാനമന്ത്രി എങ്ങനെ? പ്രധാനമന്ത്രിയുടെ പ്രസംഗവും പ്രവർത്തിയും തമ്മിലുള്ള ബന്ധം, കോർപ്പറേറ്റ് പ്രീണന നയമാണോ സ്വീകരിക്കുന്നത്, മോദിക്ക് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നോ, മോദി സർക്കാരിന്റെ ഹിന്ദുത്വ നിലപാട്, ഭൂമി ഏറ്റെടുക്കൽ ബിൽ തുടങ്ങിയ ചോദ്യങ്ങളാണ് സർവേയിൽ ഉന്നയിച്ചിരിക്കുന്നത്.

മെയ് 26 ന് ഒന്നാം വാർഷിക ദിനത്തിൽ ആയിരിക്കും ഫല പ്രഖ്യാപനം. 25-ാം തീയതി അർദ്ധ രാത്രി വരെ ആളുകൾക്ക് അഭിപ്രായം രേഖപ്പെടുത്താം. അവസാന ചോദ്യം ഒഴികെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്താൽ മതിയാവും. അവസാന ചോദ്യത്തിന് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.

ഒരു ഐപിയിൽ നിന്നും ഒരു തവണ മാത്രമേ ഉത്തരം നൽകാൻ സാധിക്കൂ. അതിലധികം വോട്ട് ചെയ്യാൻ ശ്രമിച്ചാൽ അതിന് അവസരം ലഭിക്കുന്നതല്ല. തിങ്കളാഴ്ച അർദ്ധ രാത്രിവരെ ലഭിക്കുന്ന വോട്ടുകളെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കാൻ ആണ് ആലോചിക്കുന്നത്.