തിരുവനന്തപുരം: പത്തനാപുരത്ത് താരപോരാട്ടമാണ്. ഗണേശ് കുമാറിനെ നേരിടുന്നത് ജഗദീഷ്. പത്തനാപുരത്തെ ജഗദീഷിന്റെ തേരോട്ടം അവസാനിപ്പിക്കാൻ കരുതലോടെയാണ് ജഗദീഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത്. അന്ന് മുതൽ തന്നെ ജഗദീഷും ഗണേശനും തമ്മിലെ തെരഞ്ഞെടുപ്പ് പോരിന് ഗ്ലാമർ പരിവേഷവും വന്നു.

ഇപ്പോൾ ഗണേശിനെതിരെ പുതിയ ഒളിയമ്പ് എറിഞ്ഞിരിക്കുകയാണ് ജഗദീഷ്. ഗണേശിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞകാര്യം താൻ പറയുന്നില്ലെന്നാണ് ഇപ്പോൾ ജഗദീഷ് പറയുന്നത്. കാരണം തന്റെ എതിർ സ്ഥാനാർത്ഥിയെ വേദനിപ്പിക്കുന്ന ഒരു കാര്യവും താൻ പറയില്ലെന്നാണ് ജഗദീഷ് പറഞ്ഞത്. മംഗളം പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടത് പക്ഷ സഹയാത്രികനായ മമ്മൂട്ടിക്കൊപ്പമാണല്ലോ ഇപ്പോൾ അഭിനയിക്കുന്നത്. ഗണേശ് കുമാർ പത്തനാപുരത്തെ ഇടത് സ്ഥാനാർത്ഥി. താങ്കൾ യു.ഡി.എഫിന്റെ പ്രതിനിഥി. ഇത് താങ്കൾ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിനാണ് ജഗദീഷ് ഇത്തരത്തിൽ പ്രതികരിച്ചത്. മമ്മൂട്ടി പറഞ്ഞകാര്യം മാത്രം താൻ രഹസ്യമായി വയ്ക്കുന്നു. കാരണം തന്റെ എതിർ സ്ഥാനാർത്ഥിയെ വേദനിപ്പിക്കുന്ന ഒരു കാര്യവും ഞാൻ പറയില്ലെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.

രാഷ്ട്രീയത്തിൽ മുന്നേറാനാകുമെന്ന പ്രതീക്ഷയാണ് ജഗദീഷ് മുന്നോട്ട് വയ്ക്കുന്നത്. അഭിമുഖത്തിൽ ജഗദീഷ് നടത്തുന്ന പ്രധാന പരാമർശങ്ങൾ ഇങ്ങനെ- എന്റെ വിദ്യാർത്ഥിജീവിത കാലത്തുതന്നെ ഞാൻ രാഷ്ട്രീയത്തിലുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് മൂന്ന വർഷം ഗവൺമെന്റ് ആർട്‌സ് കോളേജിൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു മാർഇവാനിയോസ് കോളേജ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. രാഷ്ട്രീയത്തിൽ അന്നുതന്നെ താൽപര്യമുണ്ടായിരുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ, ഭരണനടപടികൾ, സാമൂഹ്യപ്രശ്‌നങ്ങൾ, പൊതുചർച്ചകൾ ഇതെല്ലാം ഞാൻ എക്കാലത്തും ശ്രദ്ധിക്കുകയും ഒരുനിലപാട് രൂപീകരിക്കുകയും ഒക്കെ ചെയ്തിരുന്നു. പിന്നെ കോൺഗ്രസുകാരൻ എന്ന പറയുന്നത്, ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ ജനാധിപത്യ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഏറ്റവും ഉചിതമായ വേദി കോൺഗ്രസാണെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ദേശീയതലത്തിൽ ഇപ്പോൾ ദുർബലമാണെങ്കിലും ഇനിയുള്ള കാലം തിരിച്ചുവരവിന്റേതാണെന്നും ഇനിയും ഒരു മൂന്നാം യു.പി.എ. സർക്കാരൊക്കെ വരും എന്നാണെന്റെ പ്രതീക്ഷ. എന്നല്ല, നമ്മൾ ഓരോന്ന് ആഗ്രഹിക്കുന്ന രീതിയിലല്ല സംഭവിക്കുന്നത്. ഇത്തവണ ഞാൻ മൽസരിക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ലായിരുന്നു. ആദ്യം കൊല്ലത്ത് എന്റെപേര് തീരുമാനിച്ചതായി വാർത്തകൾ പോലും വന്നു. എന്നാൽ ഒടുവിൽ പത്തനാപുരത്താകാം എന്ന നിർദ്ദേശം വന്നു. ഞാൻ സമ്മതിച്ചു. ഇത്തവണ എല്ലാവരും ഒരേ മനസോടെ തീരുമാനിച്ചു എന്നതാണ് എന്റെ വലിയ സന്തോഷം

എതിർസ്ഥാനാർത്ഥിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും വിശദീകരിക്കുന്നു ഗണേശ്‌കുമാറിനെ കുറിച്ച് കേരളത്തിലെ ജനങ്ങൾക്കറിയാം. പത്തനാപുരത്തെ ജനങ്ങൾക്കറിയാം. എനിക്കെന്നെ കുറിച്ചാണ് പറയാനുള്ളത്. സാധാരണക്കാരനായി, ഒരു സ്‌കൂൾ അദ്ധ്യാപകന്റെ മകനായി ജനിച്ചു എന്നുപറയുമ്പോൾ സാധാരണക്കാരുടെ പ്രശ്‌നം എനിക്കറിയാം എന്നാണ് . അത് ഗണേശനെതിരായ ഒരുപ്രസ്താവനയല്ല. ഉദാഹരണത്തിന് സമ്പന്നരായി പിറന്ന് വളർന്നവർക്ക് ഒരുസാധാരണക്കാരന്റെ പ്രശ്‌നം എങ്ങനെ പൂർണമായി മനസ്സിലാക്കാൻ കഴിയും. ദാരിദ്ര്യമനുഭവിക്കാത്തവർക്ക് എങ്ങനെ ദാരിദ്ര്യത്തെ കുറിച്ചറിയാൻ കഴിയും. പട്ടിണികിടക്കാത്തവർക്ക് എങ്ങനെ പട്ടിണിയെക്കുറിച്ച് അറിയാൻ കഴിയും. സ്‌കൂളിൽ ഫീസ് കൊടുക്കാൻ പണമില്ലാത്തവർക്ക് എങ്ങനെ ആ ബുദ്ധിമുട്ട് മനസിലാക്കാൻ പറ്റും.

ഞാൻ ഗണേശനെ ഒരുവിഷയമാക്കിയിട്ടേയില്ല. എനിക്ക് പറയാനുള്ളത് പത്തനാപുരം മണ്ഡലത്തിന് വേണ്ടി ഇന്ന ഇന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും. ഞാൻ ഒരുസാധാരണക്കാരനാണ് തുടങ്ങിയ കാര്യങ്ങളേ ഞാൻ പറയുന്നുള്ളൂ. എതിർസ്ഥാനാർത്ഥിയെ കുറിച്ചൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. ഇനി എന്തുവന്നാലും ഗണേശനെതിരെ എന്റെ ഭാഗത്തുനിന്ന് ഒരു പരാമർശമുണ്ടാകില്ല. എന്നാൽ എംഎ‍ൽഎ. എന്ന നിലയിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെ വിലയിരുത്താമല്ലോ. അദ്ദേഹത്തിന്റെ പിഴവുകൾ പറയാം. ഉദാഹരണത്തിന്, അദ്ദേഹം എംഎ‍ൽഎ എന്ന നിലയിൽ യു.ഡി.എഫിലായിരുന്നപ്പോൽ സർക്കാരുമായുമുള്ള നല്ല ബന്ധം നഷ്ടപ്പെടുത്തി. അദ്ദേഹം ഇന്ന് എൽ.ഡി.എഫിലാണെന്നു പറയപ്പെടുന്നു. ആ ഇടതുപക്ഷത്തെ നേതാക്കന്മാരുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുത്തി. അങ്ങനെ മണ്ഡലത്തെയാകെ ബുദ്ധിമുട്ടിലാക്കിയെന്നും ജഗദീഷ് പറയുന്നു.