ർഭകാലം സ്ത്രീയെ സംബന്ധിച്ച് ഒരു പുണ്യ കാലമാണ്.  10 മാസത്തെ ചിട്ടയായ പ്രാർത്ഥനയുടേയും കരുതലിന്റെയും കാത്തിരിപ്പിന്റെയും ഫലം...ഇത്രയും നാൾ തന്റെ ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളർന്ന കുഞ്ഞു തുടിപ്പിനെ ഇനി സ്വന്തം കൈയയിലേക്ക് അവൾക്ക് ഏറ്റുവാങ്ങാം..ഒരു അമ്മയെ സംബന്ധിച്ച് അതൊരു പുണ്യം തന്നെയാണ്.

ഒരു സ്ത്രീ അവളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നതും അതോടൊപ്പം തന്നെ സന്തോഷിക്കുന്നതും തീർച്ചയായും അവൾ ഒരു കുഞ്ഞിനു ജന്മം നൽകുമ്പോഴാണ്.  ശരീരത്തിലെ അസ്ഥികൾ മുഴുവൻ ഒരേ സമയത്ത് ഒടിയുമ്പോൾ ഉണ്ടാവുന്ന വേദന ഒരുമിച്ച് ഏറ്റുവാങ്ങുമ്പോഴും തന്റെ സ്ത്രീത്വം പൂർണമാവുന്നതിലുള്ള പരമമായ ആനന്ദം അവൾ അനുഭവിക്കുന്നു. ഒരുപക്ഷേ സ്ത്രീയെ സ്ത്രീയാക്കുന്നതും ഈ അനുഭൂതി തന്നെയാണ്. കഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്ന മാത്രയിൽ അമ്മ സന്തോഷിക്കുന്ന ഒരേ ഒരു സന്ദർഭവും ഇതു തന്നെയാണ്. മാതൃത്വത്തിന്റെ മധുരം എന്നൊക്കെ പറയുന്നത് അന്വർത്ഥമാവുന്നതും ഇതേ അവസരത്തിലാണ്.

കുഞ്ഞ് ജനിക്കുന്നത് സ്ത്രീയെ ഒരുപാട് വേദനിപ്പിച്ചു കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയുന്ന യാഥാർത്ഥ്യമാണ്. പക്ഷേ ഈ വേദനയുടെ അളവ് എത്രയാണ്, എന്താണ് ലേബർ റൂമിൽ സംഭവിക്കുന്നത്, എന്തൊക്കെ വേദന സംഹാരികളാണ് ലഭിക്കുന്നത്...തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾ പ്രസവ മുറിയിലേക്ക് പ്രവേശിക്കുന്നതു വരെ ഗർഭിണിയായ ഒരു സ്ത്രീയുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അവൾ ഇതുവരെ കടന്നു പോയിട്ടില്ലാത്ത സാഹചര്യം, പലരും പലരീതിയിൽ പറഞ്ഞ് ഭയപ്പെടുത്തിയിട്ടുള്ള പേറ്റു നോവ് അനുഭവിച്ചറിയാൻ പോകുന്നതിന്റെ പേടി, ഇതെല്ലാം ആദ്യമായി അമ്മയാകാൻ പോവുന്ന  ഒരുവളുടെ മനസ്സിനെ ആശങ്കയുടെ പാരമ്യത്തിൽ എത്തിക്കും.

പ്രസവത്തിനു ഒരാഴ്ച മുമ്പെങ്കിലും ലക്ഷണങ്ങൾ അമ്മയാകാൻ പോവുന്ന സ്ത്രീയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഗർഭപാത്രത്തിലെ പേശികൾ ഈ സമയത്ത് മുറുകുന്നതും സ്വാഭാവികമാണ്. പേശികൾ ചുരുങ്ങുന്നത് അടിക്കടി അനുഭവപ്പെടുകയാണെങ്കിൽ 10 മിനിറ്റിള്ളിൽ വേദന അനുഭവപ്പെടും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.  ഇത് തീവ്രതയില്ലാതെ ചെറുതായി മാത്രം അനുഭവപ്പെടുകയാണെങ്കിൽ  ഇതിനുള്ള സാധ്യതയും കുറയും.  താൻ ഉടൻ പ്രസവിക്കും എന്നു മനസ്സിലാക്കുന്ന സ്ത്രീകൾ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നുള്ളതാണ്. പ്രസവമെന്ന പ്രക്രിയയ്ക്ക് അനുകൂലമാവുന്ന രീതിയിൽ വേണം അവളുടെ ചലനം പോലും. തന്റേതടക്കം രണ്ട് ജീവനുകളാണ് കൈയിൽ എന്ന ചിന്ത സ്ത്രീക്ക് ഉണ്ടാവണം.

പ്രസവ സമയത്ത് ഭക്ഷണം കഴിക്കണമെന്നുള്ളത് അത്ര പ്രധാന്യമുള്ളതല്ല. നിങ്ങൾക്ക് എനർജി ഉള്ള അത്രത്തോളം ചലിച്ചു കൊണ്ടിരിക്കണം.  ഹെവിയായുള്ള ഭക്ഷണം കഴിക്കാതെ എനർജി നൽകുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പ്രസവ സമയത്ത് സ്ത്രീകൾക്ക് അത്രയും ഊർജ്ജം ആവശ്യമായി വരും അതിനാൽ തന്നെ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതല്ല. എന്നു വച്ച് വാരിവലിച്ച് ഭക്ഷണം കഴിക്കുകയുമരുത്.



പ്രസവ വേദന തുടങ്ങുന്നതിനു മുമ്പ് ആശുപത്രയിൽ എത്താൻ ശ്രദ്ധിക്കണം . ഗർഭപാത്രം സംവേദനം ചെയ്ത് തുടങ്ങിയാലും ഗർഭാശയ മുഖം കുഞ്ഞ് പുറത്തു വരാൻ പാകത്തിന് വികസിക്കാൻ മണിക്കൂറുകളോ അല്ലെങ്കിൽ ഒരു ദിവസം തന്നെയോ എടുക്കും. ഈ സമയത്ത് സ്ത്രീകൾ ക്ഷീണിതരാവും. ആദ്യമായി പ്രസവിക്കാൻ പോവുന്ന സ്ത്രീകളിൽ ഇത് പതുക്കെ നടക്കുന്ന പ്രക്രിയയയാണ്.

ഈ സമയത്ത് നല്ല ബ്ലീഡിങ്ങ് കാണുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടുന്നത് അഭികാമ്യമാണ്. കുഞ്ഞ് ചലിക്കാൻ തുടങ്ങുന്ന സമയത്ത് ജ്വരം ഉള്ളത് പോലെയും കടുത്ത തലവേദനയും അനുഭവപ്പെടാം. പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ് ഉണ്ടാകുന്നത്. 15  20 മിനിറ്റ് വിട്ട് വരുന്ന ഈ വേദനകൾ 30-35 സെക്കന്റുകൾ തുടരുന്നു. ക്രമേണ ചുരുങ്ങൽ കൂടുതൽ അടുത്തടുത്താവുന്നു. കുഞ്ഞ് പുറത്തേക്കു വരാനുള്ള ശ്രമത്തിൽ യോനീ മുഖത്ത് സമ്മർദം വരുമ്പോൾ കഫരൂപത്തിൽ ഒരു ദ്രാവകം അല്പം രക്തത്തോടുകൂടി തുറന്ന സെർവികസിൽ നിന്നും പുറത്തുചാടും. രക്തം കലർന്നതായിരിക്കും ഇത്. വളരെയധിം ജലം യോനിയിൽ നിന്നും വരാൻ തുടങ്ങിയാൽ കുഞ്ഞ് കിടന്നിരുന്ന അമിനയോട്ടിക് ബാഗ് പൊട്ടിയിരിക്കുന്നു എന്ന് മനസിലാക്കാം. ഉടർ ഡോക്ടറെ വിവരം അറിയിക്കണം.

പ്രസവ വേദന അനുഭവിക്കാതെ വേറെ വഴിയൊന്നുമില്ല. കുട്ടിയുടെ പൊസിഷൻ പോലും വേദനയുടെ കാഠിന്യത്തെ ബാധിക്കും. തല കുത്തനേയായും നട്ടെല്ലിനെ അഭിമൂഖീകരിച്ചുമാവും സ്വാഭാവികമായും ഈ സമയത്ത് കുഞ്ഞിന്റെ സ്ഥാനം ഉണ്ടാവുക.  വേദന സഹിക്കാൻ പറ്റുന്നതിലും അധികമായിക്കഴിയുമ്പോൾ പ്രസവം നടക്കും. വേദന അധികം അറിയാതെ പെട്ടന്നു തന്നെ പ്രസവിക്കുന്ന സ്ത്രീകളും ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഭാഗ്യം പോലെയിരിക്കുമെന്നാണ് ഡോക്ടർമാർ പോലും സാക്ഷ്യപ്പെടുത്തുന്നത്.
പ്രസവ വേദനയുടെ ദൈർഘ്യം കൂടുകയാണെങ്കിൽ വേദനയുടെ കാഠിന്യം കുറയ്ക്കാൻ മരുന്നുകൾ കുത്തി വയ്ക്കും.  ഗർഭിണികളുടെ പേടിയും ആകാംഷയും വേദനയുടെ കാഠിന്യത്തെ വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പല സ്ത്രീകളും വേദനയിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത് എന്നാൽ കുഞ്ഞിന് പുറത്തു വരാനുള്ള സാഹചര്യമാണ് ഈ വേദനയിലൂടെ ഒരുങ്ങുന്നത് എന്ന് അമ്മമാർ മനസ്സിലാക്കേണ്ടതാണ്.

വേദന പലപ്പോഴും സഹിക്കാൻ പറ്റാത്ത നിലയിലേക്ക് വളരും പക്ഷേ നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെ ഉടൻ ലഭിക്കും എന്ന വസ്തുതയ്ക്കാണ് ഈ സമയത്ത് പ്രാധാന്യം നൽകേണ്ടത്. അല്ലാതെ വേദനയ്ക്കല്ല. പ്രസവകാലം തന്നെ ഒരു വേദനക്കാലമാണ്. ചിലർക്ക് ഇടുപ്പിലും കാലിലും കഠിനമായ വേദന അനുഭവപ്പെടും. പ്രസവ വേദനയെ വിശദീകരിക്കാൻ ആർക്കും സാധ്യമല്ല എന്നുള്ളതാണ് വസ്തുത. അത് അനുഭവിച്ചു തന്നെ അറിയണം.

എപ്പിഡ്യൂറൽ എന്നത് ഒരു അനസ്‌തേഷ്യയാണ്. നട്ടെല്ലിലേക്കുള്ള വേദനാ ഞരമ്പുകളിലാണ് ഇത് പ്രവർത്തിക്കൂന്നത്. ഇതല്ലാതെ വേദന കുറയ്ക്കാൻ മറ്റു പല മാർഗ്ഗങ്ങളും ഇന്ന് പ്രാബല്ല്യത്തിൽ ഉണ്ട്. വാട്ടർ ബെർത്ത് വേദന ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകമാണ്. ചില സത്രീകൾക്ക് പിറകിൽ മസാജ് ചെയ്തു കൊടുക്കുന്നതും ആശ്വാസം പകരും. ഗ്യാസും എയറും ഉപയോഗിച്ച് വേന കുറയ്ക്കുന്നതും പ്രായോഗികമാണ്.  നൈട്രസ് ഓക്‌സൈഡും ഓക്‌സിജനും ചേർന്ന വർണവും വാസനയും ഉള്ള വാതകമാണ് ഇതിന് ഉപയോഗിക്കുന്നത്. 20 - 30 സെക്കന്റിനുള്ളിൽ തന്നെ ഇത് പ്രവർത്തിച്ചു തുടങ്ങും. പെത്തഡൈൻ, ഡൈമോർഫിൻ തുടങ്ങി നിരവധി വേദന സംഹാരികളും ഇന്ന് ലഭ്യമാണ്.


 താൻ എങ്ങനെയാണ് കുഞ്ഞിന് ജന്മം നൽകേണ്ടത് എന്നതിനെ കുറിച്ച് അമ്മയുടെ മനസ്സിൽ തന്നെ ഒരു ധാരണ വേണം. എല്ലാ സമയത്തും പരിചരിക്കാൻ സമീപത്ത് ശുശ്രൂഷകർ ഉണ്ടായെന്ന് വരില്ല. ആ സമയങ്ങളിൽ പരിഭ്രമിക്കാതെ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്.

കുഞ്ഞ് പുറത്തു വരാനായി ശരീരത്തിൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ സ്ത്രീകളിൽ വിസർജ്ജം നടക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികമാണ്. ഡെലിവറി നടക്കുമ്പോൾ അമ്മയിടെ പൊക്കിൾ കൊടി കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങാൻ സാധ്യതയുണ്ട്. അതിനാലാണ് ഒരു പ്രത്യേക ഘട്ടത്തിൽ കുഞ്ഞു പുറത്തു വരുന്നതിനായി തള്ളുന്നത് നിർത്താൻ ഡോക്ടർമാർ ആവശ്യപ്പെടുന്നത്.  പ്രസവ സമയത്ത് സ്ത്രീകളുടെ യോനിക്കും മലദ്വാരത്തിനും ഇടയിൽ മുറിവ് ഉണ്ടാകാനും സാധ്യയുണ്ട്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മറുപിള്ളയും പുറത്തു വന്നു തുടങ്ങും. രക്തവും മാംസ പിണ്ഡങ്ങളും കലർന്നതാണ് മറുപിള്ള. മറുപിള്ള പുറന്തള്ളുന്നതിനും പുഷ് ചെയ്യേണ്ടി വരും.

ചില സാഹചര്യങ്ങളിൽ സിസേറിയൻ ചെയ്യേണ്ടതായി വരേണ്ടി വരും. കുഞ്ഞ് ബ്രീച്ച് പൊസിഷനിലാവുമ്പോഴാണ് മിക്കപ്പോഴും ഇത് വേണ്ടി വരുന്നത്. സ്‌പൈനൽ അനസ്‌തേഷ്യ നൽകിയാണ് മിക്കപ്പോഴും ഇത് നടത്തുന്നത്. സിസേറിയൻ നടത്തുന്നതിനായി വളരെ ചുരുങ്ങിയ സമയം മാത്രമേ ആവശ്യമുള്ളു. അതിനാലാണ് ഇത് വേദന അറിയാത്ത പ്രസവം എന്ന വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ അനസ്‌തേഷ്യയുടെ എഫക്ട് മാറി  വരുന്നതോടെ സ്റ്റിച്ചിന്റേയും മറ്റും വേദന അറിയാതിരിക്കില്ല.

കുഞ്ഞ് ഓക്ക്വാർഡ് പൊസിഷനിലായാലും കുട്ടിയുടെ വലുപ്പവുമെല്ലാം പ്രസവത്തെ സങ്കീർണമാക്കുന്ന ഘടകങ്ങളാണ്. രക്തം ഒരുപാട് നഷ്ടപ്പെടുന്നതു പോലുള്ള സാഹചര്യങ്ങളിൽ കുഞ്ഞിന്റേയും അമ്മയുടേയും ജീവൻ ഒരുപോലെ അപകടത്തിലാവും. പ്രസവം വിഷമകരമാവുന്ന സന്ദർഭങ്ങളിലെല്ലാം തന്നെ കുഞ്ഞിന് പോസ്റ്റ് ട്രൗമാറ്റിക്ക് സ്ട്രസ്സ് ഡിസ് ഓഡറിന് കാരണമാവില്ല. ശിശു ജനിക്കുമ്പോൾ പറ്റുന്ന ഭൗതികമായ പരിക്കുകളും ചില സാഹചര്യങ്ങളിലാണ് ഉണ്ടാവുന്നത്.

കുഞ്ഞിന്റെ ജനനം എന്നു പറയുന്നത് തീർത്തും വിശിഷ്ടമായ പ്രക്രിയയാണ്. ഒത്തിരി വേദന തിന്നാലും കുഞ്ഞിന്റെ മുഖം കാണുമ്പോഴുള്ള ആ അനുഭൂതിയാണ് ഈ വേദനകൾക്കുള്ള ഏറ്റവും വലിയ മരുന്ന്.  അമ്മ അനുഭവിക്കുന്ന പേറ്റു നോവിനോളം വലുതാവില്ല മറ്റൊരു വേദനയും. അതിനാൽ തന്നെയാണ് അമ്മമാർ അത്രയും മഹത്വമുള്ളവരാവുന്നതും.