കൊച്ചി: ഓൺലൈൻ പണമിടപാടുകൾ വർദ്ധിക്കുന്നതിന് അനുസരിച്ച് തന്നെ ഇന്ത്യയിൽ തട്ടിപ്പുകളും വർദ്ധിക്കുകയാണ്. ഇതിന് തടയിടാൻ വേണ്ടി കർക്കശമായ ഇടപെടൽ നടത്തു റിസർവ് ബാങ്ക് രംഗത്തെത്തി. ഇതിനായി ചില നിർദേശങ്ങലും ആർബിഐ പുറപ്പെടുവിച്ചു. ഓൺലൈൻ ഇടപാട് നടത്തുന്നവർ എല്ലാദിവസവും അക്കൗണ്ട് പരിശോധിക്കാനാണ് ഒരു നിർദ്ദേശം. മാത്രമാല്ല, ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുമ്പോൾ തന്നെ എസ്എംഎസ് അലർട്ട് ലഭ്യമാക്കാൻ നടപടി വേണമെന്നും നിർദേശിച്ചു.

ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്, ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ മൂന്നു ദിവസത്തിനകം വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട തുക മുഴുവൻ 10 ദിവസത്തിനകം ഉപഭോക്താവിന്റെ അക്കൗണ്ടിൽ വരവു വയ്ക്കണതാണ് ഇതിൽ സുപ്രധാന നിർദ്ദേശം. അനധികൃത ഇലക്ട്രോണിക് ഇടപാടുകളിൽനിന്ന് ഉപഭോക്താക്കൾക്കു സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണു ഇത്തരമൊരു നിർദ്ദേശം ബാങ്കുകൾക്കായി ആർബിഐ പുറപ്പെടുവിച്ചത്.

തട്ടിപ്പു റിപ്പോർട്ട് ചെയ്യുന്നതു മൂന്നു ദിവസത്തിനു ശേഷവും ഏഴു ദിവസത്തിനകവുമാണെങ്കിൽ ഓരോ ഇടപാടിന്റെയും ബാധ്യത ഉപഭോക്താവിന്റേതായിരിക്കും. എന്നാൽ ഓരോ ഇടപാടിന്റെയും ബാധ്യത പരമാവധി 25,000 രൂപ എന്ന നിബന്ധനയ്ക്കു വിധേയമായി ഇടപാടു തുകയ്ക്കു തുല്യമായിരിക്കും. ഏഴു ദിവസത്തിനു ശേഷമാണു റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ബാധ്യത സംബന്ധിച്ചു ബന്ധപ്പെട്ട ബാങ്കിനു തീരുമാനമെടുക്കാം.

പിൻ പോലുള്ള രഹസ്യങ്ങൾ ആർക്കെങ്കിലും കൈമാറിയതു മൂലമാണു പണം നഷ്ടപ്പെട്ടതെങ്കിൽ തുകയുടെ പൂർണബാധ്യതയും ഉപഭോക്താവിനായിരിക്കും. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷവും തട്ടിപ്പു നടന്നാൽ പൂർണ ബാധ്യത ബാങ്ക് വഹിക്കണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. നോട്ട് റദ്ദാക്കലിനെ തുടർന്നു ഡിജിറ്റൽ ബാങ്കിങ്ങിനു വലിയ തോതിൽ പ്രചാരം ലഭിക്കുകയും അതേസമയം തട്ടിപ്പുകൾ പെരുകുകയും ചെയ്ത സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെയും ബാങ്കുകളുടെയും ബാധ്യത സംബന്ധിച്ച നിർദേശങ്ങൾ ആർബിഐ പരിഷ്‌കരിച്ചിരിക്കുന്നത്.