പാട്‌ന: ആർഎസ്എസിനേയും ബിജെപിയേയും കളിയാക്കിയ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി. ആർഎസ്എസിന് ലാത്തിയുമായി നടക്കാം. എന്നാൽ പാർട്ടി യോഗത്തിൽ ആർജെഡിക്കാർ ലാത്തിയുമായി എത്തിയാൽ ആർഎസ്എസുകാർ തന്നെ കളിയാക്കും. ഇതിലെ ഇരട്ടത്താപ്പാണ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ ഉയർത്തിക്കാട്ടുന്നത്. ആർജെഡി ദേശീയ എക്‌സിക്യൂട്ടീവിലായിരുന്നു അഭിപ്രായ പ്രകടനം.

ഏന്ത് തരം സംഘടനയാണ് ആർഎസ്എസ്. മുതിർന്ന ആളുകൾ പോലും കാക്കി നിക്കറുമിട്ട് നടക്കുന്നു. പൊതുജനത്തിന് മുന്നിൽ ഹാഫ് പാന്റുമിട്ട് വരാൻ ഇവർക്ക് നാണമില്ലേ എന്നായിരുന്നു തനത് ശൈലിയിൽ റാബ്‌റിയുടെ ചോദ്യം. ബിഹാറിലെ മഹാസഖ്യം തകരാതെ മുന്നോട്ട് പോകുമെന്നും റാബ്‌റി പറഞ്ഞു. അത് കാലത്തിന്റെ ആവശ്യമാണ്. ഐക്യത്തോടെ പോയാൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 20 കൊല്ലം ബീഹാർ ഭരിക്കാനാകും. പരസ്പരം കാലുവാരിയാൽ അത് പ്രയാസവുമാകും-റാബ്‌റി പറഞ്ഞു.

സർക്കാർ ഡോക്ടറെ ലാലു പ്രസാദ് വിളിച്ച് നിർദ്ദേശം കൊടുത്തത് വിവാദമാക്കിയതിനേയും റാബ്‌റി വിമർശിച്ചു. പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആർക്കും നിർദ്ദേശം നൽകാൻ ലാലുവിന് അവകാശമുണ്ട്. അതാണ് അദ്ദേഹം ചെയ്തത്. ബിഹാറിലെ ജനങ്ങൾക്കോ മറ്റുള്ളവർക്കോ അതിൽ പ്രശ്‌നമൊന്നുമില്ല. ബിജെപിക്കാർ മാത്രമാണ് അതിനെ വിവാദമാക്കുന്നത്. ഇത്തരം പ്രതികരണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുമെന്നും അവർ ആർജെഡി പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാദ്ധ്യമങ്ങളോട് ചർച്ച ചെയ്യരുതെന്നും ആവശ്യപ്പെട്ടു.

പാർട്ടിക്കുള്ളിലെ പരാതിയുള്ള പ്രശ്‌നങ്ങൾ അവിടെ പരിഹരിക്കണം. എന്തുണ്ടെങ്കിലും എന്നോടോ ലാലുജിയോടോ നേരിട്ട് പറയുക. നിങ്ങളുടെ പരാതികൾ ഞങ്ങൾ പരിഹരിക്കും. അല്ലാതെ നേരെ മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക് ഓടുന്നത് ശരിയല്ലെന്നു റാബ്‌റി പാർട്ടി പ്രവർത്തകരെ ഉപദേശിച്ചു. പാർട്ടിയുടെ അധ്യക്ഷനായി തുടർച്ചയായ ഒൻപതാം തവണയും ലാലുജിയെ തെരഞ്ഞെടുത്തു. പാർട്ടി ഒരു കുടുംബം പോലെ ആയതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും റാബ്‌റി പറഞ്ഞു.