മലപ്പുറം : സോഷ്യൽ മീഡിയാ ഹർത്താലിന് ആഹ്വാനം ചെയ്ത മുഖ്യ സൂത്രധാരൻ കൊല്ലം തെന്മലക്കടുത്ത ഉറുകുന്ന് സ്വദേശി അമൃനാഥ്. 25 വയസുകാരനായ അമൃനാഥ് സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നെന്നും ഇപ്പോൾ ശിവസേനയിൽ ചേർന്ന് പ്രവർത്തിക്കുന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി.

ജമ്മുവിലെ കത്വയിൽ പീഡനത്തിനിരയാ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയത്. ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം നടക്കുകയും മതവിദ്വേഷം പടർത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. സോഷ്യൽ മീഡിയകണ്ട് ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നു ഇവരിലധികവും. എന്നാൽ ഏറെ ചർച്ചയായ ഹർത്താലിന്റെ ഉറവിടം എവിടെ നിന്നായിരുന്നുവെന്ന് ആർക്കും വ്യക്തമായിരുന്നില്ല.

ഇപ്പോൾ ആ ഉറവിടം കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം പൊലീസ്. സൂത്രധാരെന്ന് കരുതപ്പെടുന്ന അമൃനാഥ് അടക്കമുള്ള അഞ്ച് പേരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം, കൊല്ലം സ്വദേശികളായ ഇവരെ മലപ്പുറം എസ് പി ദേബേഷ് കുമാർ ബെഹ്‌റ, ഡിവൈഎസ്‌പിമാരായ ജലീൽ തോട്ടത്തിൽ, എംപി മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

ഇതിൽ മുഖ്യസൂത്രധാരൻ എൻ.ഐ.ഒ.എസ് വിദ്യാർത്ഥിയായ അമൃനാഥാണെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ പരിശോധനകൾക്കും അന്വേഷണത്തിനും ഒടുവിലാണ് സോഷ്യൽ മീഡിയയിൽ പരന്ന സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയത്.

മുൻ ആർ.എസ്.എസുകാരനായ അമൃനാഥ് പീഡനത്തിനിരയായ പെൺകുട്ടിക്ക് വേണ്ടിയുള്ള ഹർത്താൽ ആഹ്വാനത്തിൽ എത്തിയതിങ്ങനെ:

കൊല്ലം ഉറുകുന്ന് പ്രദേശത്തെ സജീവ ആർഎസ്എസ് പ്രവർത്തകരാണ് അമൃനാഥും അഛൻ ബൈജുവും. ഈ അടുത്ത കാലത്താണ് ഇവർ ആർഎസ്എസ് വിട്ടത്. പ്രദേശത്തെ മറ്റു ഇരപത് പേരും ഇവരോടൊപ്പം ആർഎസ്എസ് വിട്ടിരുന്നു. പ്രദേശത്തെ ആർ.എസ്.എസിന് തീവ്രതയില്ലെന്നും പ്രവർത്തന ഉശിര് പോരെന്നും ആരോപിച്ചായിരുന്നു ഇവർ പാർട്ടി വിട്ടത്.

ഇതേ തുടർന്ന് ആർ.എസ്.എസിന് അകത്തും പുറത്തും ഇവിടെ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അമൃനാഥ് അടക്കമുള്ളവർ ശിവസേനയിലേക്കാണ് ചേക്കേറിയിരുന്നത്. ഇതിനു ശേഷം പ്രദേശത്തെ ആർ.എസ്.എസിനെതിരെ ശക്തമായ പോസ്റ്റുകൾ സ്ഥിരമായി അമൃനാഥ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഇതേ തുടർന്ന് ഉറുകുന്നിൽ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ജമ്മുവിലെ പീഡന വാർത്ത പുറത്തറിയുന്നത്. ഇത് ആർ.എസ്.എസിനെ അടിക്കാനുള്ള വടിയായി അമൃനാഥ് ഉപയോഗിച്ചു. വിഷയം വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തപ്പോഴേ നല്ല പ്രതികരണങ്ങൾ ലഭിച്ചു. ഇതോടെ 'വോയ്‌സ് ഓഫ് .....', 'വോയ്‌സ് ഓഫ് യൂത്ത് ' എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകൾ അമൃനാഥ് ക്രിയേറ്റ് ചെയ്തു.

മണിക്കൂറുകൾക്കകം രണ്ട് ഗ്രൂപ്പും ഹൗസ്ഫുൾ ആയി. പിന്നീട് വീണ്ടും രണ്ടു ഗ്രൂപ്പുകൾ ഉണ്ടാക്കി പീഡനത്തിനിരയായ പെൺകുട്ടിക്കുവേണ്ടിയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു. പരസ്പരം മെസേജ് അയച്ചതുകൊണ്ട് കാര്യമില്ലെന്നും നിരത്തിലിറങ്ങാമെന്നും അമൃനാഥ് പോസ്റ്റ് ചെയ്തതോടെ ഇതിനും നല്ല പിന്തുണ ലഭിച്ചു. തുടർന്ന് 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിൻ ഗ്രൂപ്പ് ഉണ്ടാക്കി.

പതിനാറാം തിയ്യതി ഹർത്താലിന് ആഹ്വാനം ചെയ്യാൻ തീരുമാനിച്ചു. ശേഷം 14 ജില്ലകളിൽ ഓരോ ഗ്രൂപ്പുകൾ വീതം ഉണ്ടാക്കിയതോടെ ഇതേറ്റ് പിടിക്കാൻ നിരവധി പേരെത്തി. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ലീഗ്, സി പി എം തുടങ്ങിയ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയില്ലാത്തവരും ഈ ഗ്രൂപ്പിന്റെ ഭാഗമായി.മലബാറിൽ അടക്കം നൂറുകണക്കിന് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പതിമൂന്നാം തിയ്യതിയായിരുന്നു ഹർത്താലിന് ആഹ്വാനം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കകം യുവാക്കളെ തെരുവിലിറക്കാൻ പറ്റിയെന്നത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ആസൂത്രണം നടത്തി ഹർത്താലിന് ആഹ്വാനം നടത്തിയവർക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രാദേശികമായി ആർ.എസ്.എസിലുണ്ടായ പൊട്ടിത്തെറിയായിരുന്നു ഇപ്പോൾ ശിവസേനക്കാരനായ അമൃനാഥിനെ ആർ.എസ്.എസിനെതിരെ തിരിക്കാൻ പ്രേരിപ്പിച്ചത്. സൂപ്പർ അഡ്‌മിൻ ഗ്രൂപ്പിൽപ്പെട്ട അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർ സംഘ്പരിവാറുമായി ബന്ധമുള്ളവരോ മുമ്പ് പ്രവർത്തിച്ചിരുന്നവരോ ആണ്.

ഹർത്താൽ ഏറ്റുപിടിച്ചതാകടെ എസ്.ഡി.പി.ഐ അടക്കമുള്ള നേർവിപരീത ആശയക്കാരാണെന്നതാണ് കൗതുകകരം. അറസ്റ്റിലായ മറ്റൊരാൾ തിരുവനന്തപുരം സ്വദേശി അഖിൽ ആണ്. അഞ്ച് പേരെയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.