ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ മൂലമുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തടയിടാൻ വാട്‌സാപ്പ്. ബോധവത്കരണ വീഡിയോ വഴിയാണ് കമ്പനി പുത്തൻ ചുവട് വയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ രാജ്യത്ത് നിരവധി ആളുകളാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളാണ് ഇതിന് കാരണമെന്നിരിക്കേ സർക്കാർ നേരത്തെ തന്നെ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങൾ നൽകിയതിന് പിന്നാലെ ആദ്യമായാണ് ടെലിവിഷനിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.

ഫേസ്‌ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകൾ പ്രചരിപ്പിക്കും. മാത്രമല്ല ഒൻപത് ടിവി ചാനലുകളിലും പരസ്യം പ്രത്യക്ഷപ്പെടും. സിനിമാ സംവിധായകനായ ശിർഷ ഗുഹ തകുർത്തയാണ് പ്രചാരണ ചിത്രങ്ങൾ സംവിധാനം ചെയ്തത്. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് മുന്നോടിയായാണ് ഈ ബോധവൽക്കരണമെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു.

മൂന്ന് വീഡിയോ പരസ്യങ്ങളാണ് വാട്സ്ആപ്പ് ചാനലുകൾ വഴി പുറത്തു വിടുന്നത്. ഇതിന് 60 സെക്കൻഡ് വീതം ദൈർഘ്യമുണ്ടാകും. രാജസ്ഥാൻ, തെലങ്കാല തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ബോധവൽക്കരണ പരസ്യങ്ങൾ നൽകിത്തുടങ്ങിയത്. രാജ്യത്തെ പ്രധാന പത്രങ്ങളിൽ മുഴുപ്പേജ് ബോധവൽക്കരണ പരസ്യങ്ങൾ വാട്സ്ആപ്പ് നേരത്തേ നൽകിയിരുന്നു.

ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ട ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 46 റേഡിയോ സ്റ്റേഷനുകൾ വഴി ഓഗസ്റ്റ് 29നാണ് ബോധവൽക്കരണം തുടങ്ങിയത്. രണ്ടാം ഘട്ടമായി സെപ്റ്റംബർ മുതൽ മറ്റ് സംസ്ഥാനങ്ങളിലെ 83 റേഡിയോ സ്റ്റേഷനുകൾ വഴി പ്രചാരണം തുടങ്ങി.