കാലിഫോർണിയ; മെറ്റ മേധാവി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ച വാട്സാപ്പിലെ പുതിയ അപ്ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക്. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതാണ് പ്രഖ്യാപനങ്ങൾ. പുതിയ ഫീച്ചർ ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് അവർ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളിൽനിന്ന് ആരുമറിയാതെ പുറത്തുപോവാൻ സാധിക്കും. ഓൺലൈനിൽ വരുമ്പോൾ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുക, വ്യൂ വൺസ് മെസേജുകൾ സ്‌ക്രീൻഷോട്ട് ചെയ്യുന്നത് തടയുക, വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഇനി രണ്ട് ദിവസത്തിലേറെ സമയപരിധി എന്നിങ്ങനെ ഒട്ടേറെ മാറ്റങ്ങളാണ് നടപ്പിലാകുന്നത്.

വാട്ട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലെ മേസ്സേജുകളുടെ ആധീക്യം ശല്യമായി കാണുന്നവർക്ക് ആശ്വാസവുന്ന പ്രഖ്യാപനങ്ങളാണ് നടപ്പാകുന്നത്. നേരത്തെ ഒരു ഗ്രൂപ്പിൽ നിന്ന് പുറത്തുപോവുമ്പോൾ ആ വിവരം ഗ്രൂപ്പിലെ മറ്റംഗങ്ങളെ വാട്‌സാപ്പ് അറിയിക്കുമായിരുന്നു.ഇനി ഗ്രൂപ്പ് അഡ്‌മിൻസിന് മാത്രമേ ഇത് അറിയാൻ സാധിക്കുകയുള്ളു. 'വ്യൂ വൺസ്' മെസേജുകൾ സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്.

സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തുടർന്നും ഒരുക്കുമെന്നും മുഖാമുഖമുള്ള സംഭാഷണങ്ങളെ പോലെ അവയെ സ്വകാര്യവും സുരക്ഷിതമാക്കുമെന്നും സക്കർബർഗ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്ന സൗകര്യമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് വിദഗ്ദർ പറയുന്നത്.

പുതിയ അപ്‌ഡേറ്റ് പ്രകാരം വാട്‌സാപ്പ് ഉപഭോക്താവിന് താൻ അയച്ച സന്ദേശം പിൻവലിക്കാനും നീക്കം ചെയ്യാനും രണ്ട് ദിവസവും 12 മണിക്കൂറും സമയം ലഭിക്കും.നിലവിൽ ഒരു മണിക്കൂർ എട്ട് മിനിറ്റ് 16 സെക്കൻഡ് നേരത്തിനുള്ളിൽ മാത്രമേ അയച്ച സന്ദേശം പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ. വാട്‌സാപ്പ് സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചർ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും.

പുതിയ മാറ്റം എല്ലാ ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം നിങ്ങൾ അയച്ച സന്ദേശം ലഭിച്ചയാൾ തന്റെ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ സന്ദേശം നീക്കം ചെയ്യാൻ 24 മണിക്കൂർ നേരം സമയം ലഭിക്കൂ. അല്ലാത്തപക്ഷം നിലവിലുള്ള ഒരു മണിക്കൂർ സമയം കൊണ്ട് അത് നീക്കം ചെയ്യേണ്ടി വരും.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ അപ്‌ഡേറ്റ് ബീറ്റാ അക്കൗണ്ടുകൾക്ക് ലഭിച്ചിരുന്നു. വാബീറ്റ ഇൻഫോ എന്ന വെബ്‌സൈറ്റ് നേരത്തെ തന്നെ ഇത്തരം ഒരു മാറ്റം വാട്‌സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.വാട്‌സാപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ വാട്‌സാപ്പ് തിരഞ്ഞതിന് ശേഷം അപ്‌ഡേറ്റ് ബട്ടൻ ക്ലിക്ക് ചെയ്താൽ മതി. ആപ്പുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നത് ഇത്തരം പുതിയ ഫീച്ചറുകൾ സമയബന്ധിതമായി ലഭിക്കുന്നതിന് സഹായിക്കും.