ലോകം കണ്ട ഏറ്റവും വിപ്ലവകരമായ ആശയവിനിമയ സംവിധാനമാണ് വാട്‌സാപ്പ്. എന്നാൽ, പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വാട്‌സാപ്പ് അധികകാലം കിട്ടിക്കൊള്ളണമെന്നില്ലെന്നാണ് സൂചന. ബ്ലാക്ക്‌ബെറിയിലും പഴയ നോക്കിയ ഫോണുകളിലും പ്രവർത്തനം നിലച്ച വാട്‌സാപ്പ്, പഴയ ഐഫോണുകളിലും പഴയതരം ആൻഡ്രോയ്ഡ് ഫോണുകളിലും കൂടി നിലച്ചതായാണ് റിപ്പോർട്ട്. വാട്‌സാപ്പിൽ വരുത്തുന്ന പുതിയ പരിഷ്‌കാരങ്ങൾ ഉപഭോക്താക്കൾക്ക് കിട്ടുന്നതിന് വേണ്ടിയാണ് അത്തരം സൗകര്യങ്ങളില്ലാത്ത ഫോണുകളിൽ ആപ്പ് പ്രവർത്തിക്കാതായതെന്നാണ് റിപ്പോർട്ട്.

ആൻഡോയ്ഡിന്റെ 2.1, 2..3 വെർഷനുകളും ഐഫോൺ 3ജിഎസ്, ഐഒഎസ് 6 വെർഷനുകളും ഉള്ള ഫോണുകളിൽ വാട്‌സാപ്പ് പ്രവർത്തിക്കില്ല. വിൻഡോസ് ഫോൺ 7-ലലും ഇതേ അവസ്ഥയാണ്. പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും വാട്‌സാപ്പ് ലഭ്യമാകണമെങ്കിൽ പുതിയ ഹാൻഡ്‌സെറ്റ് വാങ്ങുക മാത്രമാണ് പോംവഴി.

ബ്ലാക്ക് ബെറി ഫോണുകളിലും ചില മോഡൽ നോക്കിയ ഫോണുകളിലും വാട്‌സാപ്പ് കിട്ടില്ലെന്നായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, പരാതികളേറിയതോടെ, ഈ ഫോണുകളിലും വാട്‌സാപ്പ് ലഭിക്കാൻ തുടങ്ങിയിരുന്നു. ബ്ലാക്ക്‌ബെറി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലും നോക്കിയ എസ്40, നോക്കിയ സിംബിയൻ എസ് 60 എന്നീ ഫോണുകൡും ഇക്കൊല്ലെ ജൂൺ 30വരെ വാട്‌സാപ്പ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് അത് പ്രവർത്തിക്കാത്ത ഹാൻഡ്‌സെറ്റുകളിൽ വാട്‌സാപ്പ് സേവനം നൽകേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്. എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുതിയ തരം ആൻഡ്രോയ്ഡ് വെർഷനുകളിലാണ് പ്രവർത്തിക്കുക. സന്ദേശങ്ങൾ അയച്ചശേഷവും അത് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാവുന്ന തരത്തിലുള്ള പുതിയ ഫീച്ചറുകളും ഇക്കൊല്ലം വാട്‌സാപ്പ് അവതരിപ്പിക്കുമെന്നാണ് സൂചന. നിലവിൽ സെൻഡ് ചെയ്യപ്പെട്ട സന്ദേശങ്ങൾ തിരിച്ചുപിടിക്കാൻ വാട്‌സാപ്പിൽ മാർഗമില്ല.