മലപ്പുറം: വാട്‌സ് ആപ്പ് ഹർത്താൽ തെരുവുകളിൽ കലാമുണ്ടാക്കിയപ്പോൾ കൂടുതൽ ആവേശം അതിന് ആഹ്വാനം ചെയ്തവരിൽ ഉണ്ടായെന്ന് പൊലീസ്. കൂടുതൽ കലാമുണ്ടാക്കാൻ പദ്ധതികളും തയ്യാറാക്കി. 16-ന് നടന്ന വാട്സ് ആപ്പ് ഹർത്താൽ കഴിഞ്ഞ് 17 ന്് പിടിയിലായ അഞ്ചു മുഖ്യപ്രതികളും ചേർന്ന് സൂപ്പർ അഡ്‌മിൻ ഗ്രൂപ്പുണ്ടാക്കിയത് ഇതിന് വേണ്ടിയാണെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ 5 പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ സാധ്യതയുണ്ട്

ജില്ലാതലത്തിലുള്ള അഡ്‌മിന്മാരെ ചേർത്തുള്ളതാണ് സൂപ്പർ അഡ്‌മിൻ ഗ്രൂപ്പ്. ഇതിലൂടെയാണ് ഹർത്താൽ കഴിഞ്ഞതിനുശേഷവും ജില്ലകൾതോറും വലിയ പദ്ധതികൾ നടത്തണമെന്ന ആഹ്വാനം നടന്നത്. ഇത് കലാപമുണ്ടാക്കാനായിരുന്നു. ഗൂഢാലോചന നടന്നതിനെക്കുറിച്ച് ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. മലപ്പുറം സൈബർ സെല്ലിലെ പ്രശോഭ്, ശൈലേഷ്, ബിജു എന്നിവർ രണ്ടുലക്ഷത്തോളം മൊബൈൽഫോണുകൾ നിരീക്ഷിച്ചാണ് മുഖ്യപ്രതികളെ കണ്ടെത്തിയത്. ഈ സംഘമാണ് പ്രതികളുടെ ഗൂഢാലോചനയിലെ വിശദാംശങ്ങളും കണ്ടെത്തിയത്.

ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്ന ഗ്രൂപ്പായിരുന്നു ആദ്യം ഉണ്ടാക്കിയത്. പിന്നീട് 14-ന് രാവിലെ വോയ്സ് ഓഫ് യൂത്ത് എന്നാക്കുകയായിരുന്നു. ജില്ലാതലത്തിൽ ഹർത്താൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയശേഷമായിരുന്നു ഹർത്താൽ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചത്. വലിയ കൂട്ടമായി അക്രമ പരിപാടികൾ നടത്തിയാൽ പൊലീസിന് നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മാധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കുമെന്നും ശബ്ദ സന്ദേശങ്ങളിലുണ്ട്. സൂത്രധാരന്മാരിൽ ഒരാളായ അഖിലാണ് ഈ സന്ദേശമിട്ടത്. വീണ്ടും അക്രമത്തിലേക്ക് നീങ്ങാനായിരുന്നു ഈ ഗ്രൂപ്പിന്റെ നീക്കം. ഹർത്താലിൽ പിടിയിലായ മുഖ്യസൂത്രധാരന്മാരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കത്തുവ സംഭവത്തിനു പിന്നാലെ സാമൂഹികമാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത കേസിൽ മുൻ ആർഎസ്എസ്. പ്രവർത്തകൻ ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്. കൊല്ലം പുനലൂർ ഉറുകുത്ത് അമൃതാലയത്തിൽ ബൈജുവിന്റെ മകൻ അമർനാഥ് ബൈജു(19), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂർ കുന്നുവിള അശോകന്റെ മകൻ അഖിൽ (23), വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കൽ സഹദേവന്റെ മകൻ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറിൽ നിവാസിൽ മോഹൻദാസിന്റെ മകൻ സിറിൽ(20), നെയ്യാറ്റിൻകര പഴുതാക്കൽ ഇലങ്ങം റോഡ് രാജശേഖരൻ നായരുടെ മകൻ ഗോകുൽ ശേഖർ(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നാണ് ഗൂഢാലോചനയുടെ പുതിയ സൂചന കിട്ടിയത്.

അമർനാഥാണ് ജനകീയ ഹർത്താലെന്ന ആശയത്തിനു വിത്തുപാകിയതെന്നു പൊലീസ് വ്യക്തമാക്കി. അമർനാഥും പിതാവ് ബൈജുവും ആർഎസ്എസ്. പ്രവർത്തകനായിരുന്നു. പ്രദേശികനേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് അടുത്തിടെയാണ് ഇവർ ആർ.എസ്.എസിൽനിന്നു പുറത്തുപോയത്. പ്രദേശത്തെ മറ്റ് ഇരുപതുപേരും ഇവരോടൊപ്പം ആർ.എസ്.എസിൽനിന്നു വിട്ടുപോയി. ആർ.എസ്.എസിനു തീവ്രതയില്ലെന്നും പ്രവർത്തനം ശരിയല്ലെന്നും ആരോപിച്ചാണ് അവർ സംഘടന വിട്ടതെന്ന് ആർ.എസ്.എസുകാർ പറയുന്നു. തുടർന്നു ശിവസേനയുമായി അടുപ്പം പുലർത്തിവരികയായിരുന്നു.

കത്തുവ സംഭവം ഇത്തരത്തിൽ പ്രചരിപ്പിച്ചത് അമർനാഥായിരുന്നു. ഇതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്നീ ഗ്രൂപ്പുകൾകൂടി അമർനാഥ് നിർമ്മിച്ചു. പതിനൊന്നു പേരെ ഇതിന്റെ അഡ്‌മിന്മാരാക്കി. ഇവയിലൂടെയായിരുന്നു ചർച്ചകൾ. സോഷ്യൽ മീഡിയയിൽമാത്രം പോര, ബാലികയ്ക്കു നീതി ഉറപ്പാക്കാൻ തെരുവിലിറങ്ങണം എന്ന വിധത്തിലുള്ള ചർച്ചയ്ക്കുശേഷമാണ് 16 നു ഹർത്താൽ നടത്താൻ കഴിഞ്ഞ 14നു തീരുമാനിച്ചത്. പിന്നീട് എല്ലാ ജില്ലകളിലും സമാനരീതിയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങൾ പ്രചരിപ്പിച്ചു. അക്രമ വഴിയിൽ ഹർത്താൽ നടത്താനും ഈ ഗ്രൂപ്പുകളിൽ ആഹ്വാനമുണ്ടായിരുന്നു. വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്നീ ഗ്രൂപ്പുകളുടെ അഡ്‌മിന്മാരാണ് അറസ്റ്റിലായ മറ്റു നാലു പേരും.