ഷാങ്ഹായ്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചൈനയിൽ വാട്ട്‌സ്ആപ്പ് നിരോധിച്ചു. ഫേസ്‌ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങൾ രാജ്യത്തു നിരേധിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. അടുത്ത മാസമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം ദേശിയ സമ്മേളനം നടക്കുന്നത്.

സെപ്റ്റംബർ 23 മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ, ഈ മാസം 19 മുതൽ തന്നെ പലർക്കും ഈ സേവനം നഷ്ടമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾക്കും ഇന്റർനെറ്റ് ഉപയോഗത്തിനും ചൈനയിൽ വിലക്ക് ഏർപ്പെടുത്താറുണ്ട്.

സമൂഹ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള രാജ്യമാണ് ചൈന. ഇത്തരം മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഷയങ്ങൾ നിരീക്ഷിക്കുന്നതിനായി ഗ്രേറ്റ് ഫയർവാൾ എന്ന സംവിധാനവും ഇവിടെ നിലവിലുണ്ട്. ഇത്തരം പരിശോധനകളിൽ സമൂഹത്തിന് ദോഷകരമാകുന്ന സന്ദേശങ്ങൾ നശിപ്പിച്ചു കളയുകയാണ് പതിവ്.

ചൈനയിലെ ആഭ്യന്തര കണക്ഷനുകൾക്കു മാത്രമേ നിലവിൽ ഈ വിലക്ക് ബാധകമാകൂ. അന്തർദേശിയ സിംകാർഡ് ഉപയോക്താക്കളെ ഈ വിലക്ക് ബാധിക്കില്ല. 2009 മുതൽ ചൈനയിൽ ഫേസ്‌ബുക്ക് നിരോധിച്ചിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കാൻ ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് നടത്തുന്ന ശ്രമത്തിനിടെയാണ് വാട്സ്ആപ്പിനും സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

ഫേസ്‌ബുക്കിന് പുറമെ ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഗൂഗിൾ എന്നിവയ്ക്കും നിരോധനമുണ്ട്. നേരത്തെ വാട്സ്ആപ്പ് ഉപയോഗം അനുവദിച്ചപ്പോഴും വീഡിയോ കോൾ, ഫോട്ടോ തുടങ്ങിയ കൈമാറുന്നത് വിലക്കുണ്ടായിരുന്നു. ടെക്സ്റ്റ് മേസേജ്, വോയിസ് ചാറ്റ് എന്നിവയാണ് ചൈനയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങൾ തടയുന്നതിന് സെൻസർ ബോർഡ് പ്രത്യേകം സോഫ്റ്റ്‌വെയർ നിർക്കുമെന്നാണ് ചൈനീസ് ഐടി വിദഗ്ദ്ധർ അറിയിച്ചിരിക്കുന്നത്.