വാട്‌സ് ആപ്പ് ഉപയോക്താക്കളായ നിങ്ങളുടെ ഫോണുകളിലേക്ക് സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കുന്നത് ഒഴിവാക്കാൻ ഉടൻ സൈൻ ഇൻ ചെയ്യൂ എന്നുപറഞ്ഞു എസ്എംഎസ് വന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. നിങ്ങളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കാനുള്ള പുതിയ മാർഗമാണ് ഈ മെസേജ്. ഇത്തരമൊരു തെറ്റായ സന്ദേശം ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് എത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് വാട്‌സ് ആപ്പ് അധികൃതർ തന്നെ സുരക്ഷാ നിർദ്ദേശവുമായി രംഗത്തെത്തിയത്.

ആജീവനാന്ത സബ്‌സ്‌ക്രിപ്ഷൻ തുകയായി ഒരു ചെറിയ ഫീസ് എന്ന രീതിയിലെത്തുന്ന സന്ദേശങ്ങളിലൂടെ പേയ്‌മെന്റ് വിവരങ്ങൾ കൈക്കലാക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. കഴിഞ്ഞ മാസമാണ് ഈ തട്ടിപ്പ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇതിന്റെ അളവ് കൂടുകയായിരുന്നു. നിങ്ങളുടെ സബ്ക്രിപ്ഷൻ എക്‌സ്പയറി ഡേറ്റ് ആയെന്നും അക്കൗണ്ട് പരിശോധിച്ച് ലൈഫ് ടൈം സബ്ക്രിപ്ഷൻ എടുക്കണമെന്നുമുള്ള വിവരമാണ് വ്യാജ സന്ദേശത്തിലൂടെ എത്തുന്നത്.

വാട്‌സാപ്പ് പ്രവർത്തനം ആരംഭിച്ച വർഷം 99p ചാർജ്ജ് ചെയ്തിരുന്നുവെങ്കിലും 2010ൽ ഇതു പിൻവലിച്ചിരുന്നു. സബ്‌സ്‌ക്രിപ്ഷൻ ചാർജ്ജ് ഈടാക്കുന്നുവെന്ന വ്യാജ സന്ദേശം നിങ്ങളുടെ ഫോണുകളിൽ എത്തിയിട്ടുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യണമെന്നാണ് വാട്‌സ് ആപ്പ് നൽകുന്ന നിർദ്ദേശം. വ്യാജ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോണുകളിൽ ആന്റി വൈറസ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് മാൽവെയറുകളൊന്നും തന്നെ നിങ്ങളുടെ ഫോണുകളെ ആക്രമിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

എത്രത്തോളം ഉപയോക്താക്കൾ ഈ വ്യാജ സന്ദേശത്തിന് ഇരയായെന്നോ തട്ടിപ്പുകാർക്ക് ഫോൺ നമ്പറുകൾ എങ്ങനെ ലഭിച്ചെന്നോ തുടങ്ങിയ കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. വ്യാജ സന്ദേശം ലഭിച്ചതിനെ തുടർന്ന് നിരവധി പേരാണ് ഈ മെസേജിന്റെ സത്യസ്ഥിതി അന്വേഷിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ട്വീറ്റ് ചെയതത്. മുൻപും ഇത്തരത്തിലുള്ള വ്യാജ മെസേജുകൾ പ്രചരിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ബില്ല്യണിലധികം ഉപയോക്താക്കളാണ് ഇപ്പോൾ വാട്‌സാപ്പിനുള്ളത്.