ആഴ്ച ആദ്യമായിരുന്നു വാട്സ്ആപ്പ് അതിന്റെ ഏറെ കാത്തിരുന്ന വീഡിയോ കാളിങ് ഫീച്ചർ ലോഞ്ച് ചെയ്തത്. തുടർന്ന് ഈ അവസരം ദുരുപയോഗപ്പെടുത്താനായി സ്പാമർമാർ ഒരു സ്പാം വെബ്സൈറ്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു.

വീഡിയോ കാൾ ഫീച്ചർ നവംബർ 15ന് ലോഞ്ച് ചെയ്ത് അൽപം കഴിഞ്ഞപ്പോൾ വാട്സ്ആപ്പ് യൂസർമാർക്ക് ഒരു ഇൻവിറ്റേഷൻ ലിങ്ക് ലഭിക്കാൻ തുടങ്ങിയിരുന്നു. വാട്സ്ആപ്പ് വീഡിയോ കാൾ ഓട്ടോമാറ്റിക്കായി അപ്ഗ്രേഡ് ആയിക്കൊള്ളും എന്നൊരു മെസേജായിരുന്നു അത്.

ഇതിന് പിന്നിൽ സ്പാമർമാരായിരുന്നുവെന്ന് മിക്കവർക്കും അറിയുമായിരുന്നില്ല. ഈ മെസേജ് ഡൗൺലോഡ് ചെയ്ത നിരവധി പേരുടെ ഫോൺ തന്നെ അടിച്ച് പോയതായി റിപ്പോർട്ടുണ്ട്. അതിനാൽ ഇത്തരം മെസേജുകൾ നിങ്ങളെ നേടിയെത്തിയാൽ അത് ഡൗൺലോഡ് ചെയ്യാൻ നിൽക്കാതെ ഉടൻ ഡിലീറ്റ് ചെയ്യേണ്ടതാണ്.

ഈ മെസേജിനൊപ്പമുള്ള ലിങ്കിൽ യൂസർ ഒരു വട്ടം ക്ലിക്ക് ചെയ്താൽ തുടർന്ന് യുസർ ഒരു വെബ്പേജിലേക്കാണെത്തുന്നത്. പുതിയ ഫീച്ചർ ഇതിലൂടെ ലഭിക്കുമെന്നായിരിക്കും വാഗ്ദാനം. നിങ്ങളെ വാട്സാപ്പ് വീഡിയോ കാളിങ് ഫീച്ചറിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്നും ഈ ഇൻവിറ്റേഷൻ ലഭിച്ചവർക്ക് മാത്രമേ വീഡിയോ കാളിങ് ഫീച്ചർ ലഭ്യമാകൂ എന്നും ആ സ്പാം മെസേജിൽ കാണാം.

ഒരിക്കൽ നിങ്ങൾ ഇതിൽ ക്ലിക്ക് ചെയ്താൽ അത് നിങ്ങളെ മറ്റൊരു വെബ്സൈറ്റിലെത്തിക്കും. ഇത് കണ്ടാൽ സ്പാമാണെന്ന് തോന്നുകയേ ഇല്ല. അത് തീർത്തും വിശ്വസനീയമാണെന്നേ തോന്നുകയുള്ളൂ. തുടർന്ന് നിങ്ങൾ എനേബിൾ ടാബിൽ ക്ലിക്ക് ചെയ്താൽ അത് പുതിയൊരു പേജിലേക്ക് നിങ്ങളെ നയിക്കുന്നതാണ്.

ഇവിടെ യൂസർ വെരിഫിക്കേഷൻ ആവശ്യപ്പെടും. തുടർന്ന് ഈ ഫീച്ചറിലേക്ക് ഇതേ ലിങ്ക് മുഖാന്തിരം നിങ്ങളുടെ നാല് സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്യാൻ ആവശ്യപ്പെടും. മൊത്തം പേജും ഇതുമായി ബന്ധപ്പെട്ട പ്രക്രിയകളും തീർത്തും വിശ്വസനീയമാണെന്ന് തോന്നുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഹാക്കിംഗിന് വിധേയനാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്. വാട്ട്സ്ആപ്പ് വീഡിയോ കാളിങ് ലഭ്യമാകാനുള്ള ശരിയായ വഴി ഇതല്ലെന്നറിയുക. അതിനായി നിങ്ങളുടെ വാട്സാപ്പിനെ ഗൂഗിൾ പ്ലേസ്റ്റോർ അല്ലെങ്കിൽ ആപ്പിൾ സ്റ്റോർ എന്നിവയിൽ പോയി അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. ഇത് അപ്ഡേറ്റ് ചെയ്യപ്പെട്ടാൽ വീഡിയോ കാളിങ് ഫീച്ചർ ഓട്ടോമാറ്റിക്കായി നിങ്ങൾക്ക് ലഭിക്കുമെന്നുറിയുക.