തിരുവനന്തപുരം: വ്യവസായ സിനിമാരംഗത്തെ സംവിധായകനായി സലിം കുമാർ ആദ്യമെത്തുന്ന ചിത്രമാണ് ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന സിനിമ. എന്നാൽ, സെൻസർ ബോർഡിൽ നിന്നും സെൻകുമാറിനും എട്ടിന്റെ പണി കിട്ടി. പശു ഉൾപ്പെടുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയത് സെൻസർ ബോർഡ് നീക്കം ചെയ്യിച്ചു. വർഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗം സെൻസർ ബോർഡ് ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്ന് സലീംകുമാർ പറഞ്ഞു.

സെൻസർ ബോർഡ് തീരുമാനത്തിനെതിരെ കോടതിയിൽ പോയാൽ അത് റിലീസിംഗിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സെൻസർ ബോർഡ് പറഞ്ഞ രംഗങ്ങൾ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്. ഒരു കാര്യത്തെയും വിമർശിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലീംകുമാർ പറയുന്നു.

'ഒഴിവാക്കിയാലും സിനിമയെ വല്ലാതെയൊന്നും ബാധിക്കാത്ത രംഗമാണ്. അതുകൊണ്ട് ഒഴിവാക്കി. നിയമനടപടിക്കൊരുങ്ങിയാൽ അത് സിനിമയുടെ റിലീസിംഗിനെ ബാധിക്കും. ഇന്ന് ചിത്രം റിലീസ് ചെയ്തു. നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നത്. ആക്ഷേപഹാസ്യ ചിത്രമാണ് ദൈവമേ കൈതൊഴാം K.കുമാറാകണം. അത്തരം ഒരു രംഗം തന്നെയായിരുന്നു പശുവിനെ വച്ച് ചിത്രീകരിച്ചത്. അതുപക്ഷെ വർഗീയതയുണ്ടാക്കും എന്നാണ് പറയുന്നത്. ഒരു മലയാള സിനിമയാണിത്. കേരളം സമ്പൂർണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. അങ്ങനെയൊരു നാടിനെ വിലകുറച്ചു കാണുന്ന തരത്തിലൊരു നടപടിയായിപ്പോയി. വന്ന് വന്ന് ഒന്നിനേയും വിമർശിക്കാൻ പാടില്ലെന്ന അവസ്ഥായായി.' സലിം കുമാർ പറഞ്ഞു.

ഇനി മുതൽ സിനിമയെടുക്കുമ്പോൾ എന്തെല്ലാം ചെയ്യണം ചെയ്യരുതെന്നൊക്കെ ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ അത് സിനിമയെ ആണ് ബാധിക്കുകയെന്നും സലിം കുമാർ പറഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതിന്റെ അങ്ങേയറ്റമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ചിത്രത്തിലെ ഒരു രംഗത്തിൽ സലിംകുമാർ ബോബി ചെമ്മണ്ണൂരിനോട് സാദൃശ്യം തോന്നുന്ന രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹത്തെ തന്നെയാണോ കാണിക്കാൻ ശ്രമിച്ചതെന്ന ചോദ്യത്തിന് അങ്ങിനെ നിങ്ങൾക്ക് തോന്നിയെങ്കിൽ അല്ലെന്നു ഞാൻ പറയില്ല എന്നായിരുന്നു സലിം കുമാറിന്റെ മറുപടി.

ജയറാമും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാർ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിർമ്മലയായാണ് അനുശ്രീ എത്തുന്നത്. ഇവരെക്കൂടാതെ ശ്രീനിവാസൻ, സലികുമാർ, ഹരീഷ് കണാരൻ, ശിവജി ഗുരുവായൂർ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂർ ജോർജ്, സുരഭി, തെസ്നി ഖാൻ, മോളി കണ്ണമാലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.