ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കാണ് വരുന്നത് എന്നറിഞ്ഞ് മിഷേൽ നേരത്തെ തന്നെ ഒരു തീരുമാനമെടുത്തു. എന്തെങ്കിലും ഒരു വറൈറ്റി വേണമെന്ന്. അതുകൊണ്ട് മിഷേൽ ചെയ്തത് സ്വന്തം വസ്ത്രത്തിൽ വ്യത്യസ്തത വരുത്തുകയാണ്. ഇന്ത്യയിലേക്ക് വരാനുള്ള മിഷേലിന്റെ വസ്ത്രം ഡിസൈൻ ചെയ്തത് ഇന്ത്യൻ വംശജൻ തന്നെയായിരുന്നു. ഇന്ത്യൻ വംശജനായ ഡിസൈനർ പ്രത്യേകമായി ഡിസൈൻ ചെയ്ത ഫ്രോക്കും ധരിച്ചാണ് മിഷേൽ എത്തിയത്.

നീല പൂക്കൾ ആലേഖം ചെയ്ത മുട്ടോളമെത്തുന്ന ഫ്രോക്ക് മിഷേലിനു വേണ്ടി ഇന്ത്യക്കാരനായ ബിഭു മൊഹാപാത്രയാണ് രൂപകൽപന ചെയ്തത്. നിറത്തിനും ഡിസൈനിനും ചേർന്ന ഓവർക്കോട്ടും ഫ്രോക്കിന്റെ മോടി കൂട്ടി. ഇത്തരം പൂക്കളുടെ പ്രിന്റുള്ള വേഷങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് മിഷേലിന്. തായി ഡിസൈനർ താക്കൂൺ പനിച്ഗുൽ, ട്രേസി ഫെയ്ത്ത് എന്നിവരും മിഷേലിനുവേണ്ടി ഇത്തരം ഡിസൈനർ വേഷങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഒഡിഷയിലെ റൂർക്കല സ്വദേശിയായ മൊഹാപാത്ര ഇപ്പോൾ ന്യൂയോർക്ക് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മിഷേൽ നീലക്കുപ്പായം ധരിച്ച് നിൽക്കുന്ന ഫോട്ടോ മൊഹാപാത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. 2012ൽ ജെ ലെനോയുടെ ടി.വി. ഷോയിലും മൊഹാപാത്ര ഡിസൈൻ ചെയ്ത വേഷം ധരിച്ചിട്ടുണ്ട്.