ന്യൂഡൽഹി: അധികാരമാണ് ഏതൊരു രാഷ്ട്രീയ പാർട്ടിയെയും ദുഷിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല. അധികാരത്തിൽ എത്തും മുമ്പ് ശക്തമായ ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഭിന്നത ഉരുണ്ടുകൂടിയിട്ടുള്ളത് ഭരണത്തിന്റെ താക്കോൽ ലഭിച്ചതോടെയാണ്. ബിജെപിയെയും കോൺഗ്രസിനെയും നിലംപരിശാക്കി ഡൽഹിയിൽ അധികാരത്തിൽ എത്തിയ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ഇപ്പോൾ അതേവഴിയിലാണോ? പാർട്ടിയിൽ ഭിന്നത ഉരുണ്ടു കൂടിയതും തർക്കത്തെ തുടർന്ന് കെജ്രിവാൾ ആം ആദ്മി കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറെടുത്തുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരട്ടപ്പദവിയെച്ചൊല്ലി പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നതിനേത്തുടർന്നാണ് ആം ആദ്മി പാർട്ടി കൺവീനർ സ്ഥാനം രാജിവയ്ക്കാൻ അരവിന്ദ് കെജ്‌രിവാൾ സന്നദ്ധനായത്. അതിനിടെ ആം ആദ്മി പാർട്ടിയുടെ കേരളാ ഘടത്തിലും ഭിന്നത രൂക്ഷമാണ്.

വ്യാഴാഴ്ച നടന്ന ആപ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഡൽഹി മുഖ്യമന്ത്രിപദവും പാർട്ടി കൺവീനർ സ്ഥാനവും ഒരാൾ വഹിക്കുന്നതിനെച്ചൊല്ലി ഒരു വിഭാഗം നേതാക്കളാണ് എതിർപ്പിന്റെ സ്വരമുയർത്തിയത്. ഇതിൽ അസംതൃപ്തി പ്രകടിപ്പിച്ച കെജ്‌രിവാൾ കൺവീനർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് കുറിപ്പു നൽകി. എന്നാൽ പ്രശാന്ത് ഭൂഷൺ അടക്കമുള്ള നേതാക്കൾ ഈ തീരുമാനത്തെ എതിർക്കുകയും നിർദ്ദേശം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയതോടെയാണത്രേ കെജ്‌രിവാൾ തീരുമാനത്തിൽനിന്നു പിന്മാറിയത്.

അതിനിടെ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ യോഗേന്ദ്ര യാദവ് പാർട്ടി വിട്ടേക്കുമെന്ന് സൂചനയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മൽ പ്രശ്‌നങ്ങളുണ്ടെന്ന വാദം അംഗീകരിച്ച പാർട്ടി നേതാക്കൾ യോഗേന്ദ്ര യാദവ് പാർട്ടി വിടുമെന്ന വാർത്തകൾ നിഷേധിച്ചു. പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായ ഭിന്നതകളാണ് യോഗേന്ദ്ര യാദവിനെ പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നത്. ഡൽഹിയിൽ സർക്കാർ രൂപീകരിച്ചു രണ്ടാഴ്ചകൾ മാത്രം പിന്നിട്ടപ്പോൾ ഉണ്ടായ സംഭവ വികാസങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽപ്പിച്ചിട്ടുണ്ട്.

യോഗേന്ദ്ര യാദവിനെതിരെ പാർട്ടിക്ക് അകത്തും പുറത്തും പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. യാദവിന്റെ പാർട്ടി പ്രവർത്തനങ്ങളിലുള്ള അതൃപ്തിയാണ് പ്രതിഷേധങ്ങൾക്കു മുഖ്യ കാരണം. വ്യാഴാഴ്ച നടന്ന പാർട്ടി ദേശിയ എക്‌സിക്യൂട്ടിവ് യോഗത്തിലും ഇതു സംബന്ധിച്ചു പ്രതിഷേധമുയർന്നിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ കാര്യസമിതി പുനഃസംഘടിപ്പിക്കാനും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. കെജ്രിവാളുമായുള്ള അഭിപ്രായ ഭിന്നത യാദവിനു പാർട്ടി രാഷ്ട്രീയ കാര്യസമിയതിയിലെ നേതൃസ്ഥാനം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു പ്രതികരിക്കാൻ യോഗേന്ദ്ര യാദവ് ഇതുവരെ തയ്യാറായിട്ടില്ല.

ഡൽഹിയിലെ പ്രശ്‌നങ്ങൾക്ക് പുറമേ ആം ആദ്മിയുടെ കരളാ ഘടകത്തിലും പ്രശ്‌നങ്ങൾ രൂക്ഷമാണ്. തീവ്രസ്വഭാവമുള്ള ഇടതുപ്രവർത്തകർ പാർട്ടിയിൽ നുഴഞ്ഞുകയറിയെന്ന ആരോപണമാണ് ഉയരുന്നത്. നേരത്തെ പാർട്ടിയുടെ കേരളഘടകം നേതാക്കളായിരുന്നവർ സാറാ ജോസഫ് അടക്കമുള്ളവർ പാർട്ടിയിലെത്തിയതോടെ സംഘടന വിട്ടിരുന്നു. ഇവർ ബദൽ സംഘടന രൂപീകരിക്കുന്നതിന് ഇവർ വ്യാഴാഴ്ച കോട്ടയത്ത് യോഗം ചേരാനിരിക്കോണ്.

ആം ആദ്മിയുടെ സംസ്ഥാന കമ്മിറ്റി രൂപീകരണത്തിന് ഒരാഴ്ച മുമ്പ് മുൻകാല നക്‌സൽ നേതാവിന്റെ നേതൃത്വത്തിൽ സിപിഐ. (എം.എൽ) പ്രവർത്തകരുടെ രഹസ്യ യോഗം കൊച്ചിയിലെ വസന്ത് വിഹാർ ഹോട്ടലിൽ നടന്നിരുന്നു. അതിനു ശേഷമാണ് ആംആദ്മിയിലേക്ക് തീവ്ര ഇടതു നേതാക്കൾ ചേക്കേറിയതെന്നാണ് ആരോപണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള മുസ്ലിം തീവ്ര സംഘടനകൾ ഒരു മാസം മുമ്പ് ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണുമായി കൂടിക്കാാഴ്ച നടത്തിയതായും സൂചനകളുണ്ട്.

ആം ആദ്മി പാർട്ടിയുടെ കേരള മിഷൻ വിസ്താർ സംസ്ഥാന എക്‌സിക്യുട്ടീവ് തട്ടിപ്പാണെന്നാണു പഴയ നേതാക്കൾ പറയുന്നത്. നിലവിലുള്ള സംസ്ഥാന കമ്മിറ്റിയിൽ മനോജ് പത്മാനഭനൊഴികെയുള്ളവർ പുതുമുഖങ്ങളാണ്. പഴയ നേതാക്കളെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടക്കുന്നുമുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൽസരിച്ച അലി അക്‌ബർ ബിജെപിയിലേക്ക് ചേക്കേറിയതും നാലു പ്രമുഖ സ്ഥാനാർത്ഥികൾ പാർട്ടിയോട് അകന്നു നിൽക്കുന്നതും സംസ്ഥാന നേതൃത്വത്തിനു തിരിച്ചടിയാണ്. പാർട്ടിയുടെ സംസ്ഥാന വക്താവായിരുന്ന കെ.പി. രതീഷ് പാർട്ടിയോട് പൂർണമായും അകന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആം ആദ്മി സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ അനിത പ്രതാപ് പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാറില്ല. സാറാ ജോസഫിനെ കൺവീനറാക്കിയതും സി.ആർ. നീലകണ്ഠനെ സംസ്ഥാന വക്താവാക്കിയതും പഴയ നേതാക്കളെ ചൊടിപ്പിട്ടുണ്ട്.