അതി സമ്പന്നർക്ക് വേണ്ടി നിയമങ്ങളുണ്ടാക്കിയും നയങ്ങൾ മാറ്റിയും പാവപ്പെട്ടവിന്റെ നടുവോടിച്ച മോദി സർക്കാരിൽ നിന്നും ഒരു മോചനം ഇന്ത്യ ആഗ്രഹിക്കുകയാണ്. അതു തന്നെയാണ് ഇന്നലെ പുറത്ത് വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഒരു മാറ്റത്തിന് വേണ്ടി ഇന്ത്യൻ ജനത ആഗ്രഹിക്കുമ്പോഴും അവരെ വേട്ടയാടാൻ മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ട് മുൻപുള്ള 10 വർഷത്തെ കോൺഗ്രസിലെ ഭരണത്തിലെ ഓർമ്മകളുണ്ട്. മുന്മോഹൻ ഒരു സ്വാത്തികനായ പ്രധാനമന്ത്രിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ച പല മന്ത്രിമാരും തീവെട്ടിക്കൊള്ളക്കാരും രാജ്യ ദ്രോഹികളുമായിരുന്നു.

ഇന്ത്യയുടെ സമ്പത്തിന്റെ സുരക്ഷയേൽപ്പിച്ചിരുന്ന പി. ചിദംബരം മാത്രം മതി ഏത് സാധാരണക്കാരനേയും ഭയപ്പെടുത്താൻ. ചിദംബരത്തിന്റെ മകൻ 128 രാജ്യങ്ങളിലാണ് അച്ഛൻ മന്ത്രിയായിരുന്നപ്പോൾ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഒക്കെയും അഴിമതിയുടെ കറപുരണ്ട കരങ്ങളിൽ നിന്നും ഉണ്ടായതാണ് എന്നതിന് ചരിത്രം സാക്ഷി. മന്മോഹനെപോലെ സ്വാത്തികനായ ഒരു പ്രധാനമന്ത്രിയെ നിഷേധിച്ചുകൊണ്ട് മോദിക്ക് ഇന്ത്യൻ ജനത അവസരം നൽകിയതും ഈ ഓർമ്മകൾ കൊണ്ടായിരുന്നു. എന്നാൽ പാവപ്പെട്ടവന്റെയും കർഷകന്റെയും കർഷക തൊഴിലാളിയുടേയും കാര്യം ആലോചിക്കുക പോലും ചെയ്യാതെ മതം വിറ്റും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കിയും മോദി സർക്കാർ നാലര കൊല്ലം കൊണ്ട് എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി.

പാവപ്പെട്ട കൃഷിക്കാരന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി ഇന്നലെ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തകർന്നടിയുമ്പോൾ അതിൽ മൂന്നിടത്തും ബിജെപി ദീർഘകാലം ഭരിച്ചിരുന്ന നാടുകളാണ് എന്ന് ഓർക്കുമ്പോൾ മോദിഭരണം അസ്തമിച്ചു എന്നും ഇനി രാഹുലിന്റെ യുഗമാണ് എന്നും പറയുക എളുപ്പമാണ്. കണക്കുകൾ എടുത്ത് പരിശോധിച്ച് അത്തരം ചില അവകാശവാദങ്ങൾ നമുക്ക് നടത്തുകയും ചെയ്യാം. എന്തുകൊണ്ടാണ് ഈ അഞ്ചു സംസ്ഥാനങ്ങളിൽ ഇത്രയെങ്കിലും വിജയം കൈവരിക്കാൻ സാധിച്ചത് എന്ന് വിമർശന ബുദ്ധിയോടു കൂടി കോൺഗ്രസും രാഹുൽ ഗാന്ധിയും ആലോചിക്കേണ്ടതുണ്ട്. അതിൽ നിന്നും ലഭിക്കുന്ന പാഠം പ്രായോഗികമാക്കാനുള്ള ഇച്ഛാശക്തി കൂടി ഉണ്ടായാലേ ഫലം ലഭിക്കൂ. ഒട്ടേറെ നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും ജ്യോതിരാദിത്യ സിൻഹെയും സച്ചിൻ പൈലറ്റുമായിരുന്നു മധ്യപ്രദേശിലും രാജസ്ഥാനിലും നിർണായകമായ പങ്കുവഹിച്ചതെന്ന് മറക്കരുത്.

വിദേശ രാജ്യങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നടത്തുകയും അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയ സ്വത്ത് ആവശ്യത്തിൽ അധികം ഉള്ളതുകൊണ്ട് സ്വത്തുണ്ടാക്കാൻ ആഗ്രഹിക്കാതിരിക്കുകതയും ചെയ്യുന്നു എന്നുള്ളതാണ് ഇവരുടെ പ്രധാനപ്പെട്ട യോഗ്യത. മാത്രമല്ല അവർ ചെറുപ്പക്കാരാണ്. അവരുടെ മനസിലും ശരീരത്തിലും ഒഴുകുന്നത് ചെറുപ്പത്തിന്റെ ആവേശം തന്നെയാണ്.

സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെടുത്ത് ഉള്ള സ്വത്തുകൂടി വിറ്റുമുടിച്ച നമ്മുടെ അപ്പനപ്പൂപ്പന്മാരുണ്ടാക്കിയ പാരമ്പര്യം നമ്മളായിട്ട് നശിപ്പിക്കുന്നു എന്ന വിലാപം മാറിയത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണ്. നിസ്വാർത്ഥരായ സാമൂഹിക പ്രവർത്തകരുടെ ഒന്നാം തലമുറയിൽ നിന്നും നമ്മളിപ്പോൾ കാണുന്ന മുതിർന്ന നേതാക്കളുടെ രണ്ടാം തലമുറയിലേക്ക് വന്നപ്പോൾ അഴിമതിയും സ്വജനപക്ഷപാതവും അഹങ്കാരവും മുഖമുദ്രയായി.

എന്നാൽ അവർ ആവശ്യത്തിലധികം പണമുണ്ടാക്കുകയും കട്ടു മുടിക്കുകയും നാടു മുടിക്കുകയും ചെയ്തപ്പോൾ അതൊക്കെ കണ്ടും കേട്ടും വളർന്ന അവരുടെ മക്കളുടെ കാലം മൂന്നാം തലമുറയുടെ കാലം നാട് നന്നാക്കണം എന്ന ചിന്തയുള്ളവരുടേതായി മാറുന്നു. അവരൊക്കെ വിദേശത്ത് പഠിക്കുകയും വിദേശത്ത് നിന്നുള്ള അനുഭവങ്ങൾ സ്വന്തമാക്കുകയും ചെയ്ത മഹാന്മാരായി മാറുന്നു. അതുകൊണ്ട് തന്നെ അവർ പണമാഗ്രഹിക്കുന്നില്ല. പ്രത്യുതാ മാതൃരാജ്യം നന്നാകണമെന്ന് ആഗ്രഹിക്കുന്നു.