ചെന്നൈ: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഏറ്റവും നാണംകെട്ട അവസ്ഥയിലേക്ക് തള്ളപ്പെടാതിരിക്കാൻ ഇനി ഒരൊറ്റ വഴി മാത്രമേയുള്ളൂ. ഇപ്പോൾ ശിക്ഷിക്കപ്പെട്ട അഴിമതി കേസിൽ ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചിന്നമ്മ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്താൽ മാത്രമേ ഈ അവസ്ഥ ഇല്ലാതാകൂ. അതു സംഭവിച്ചില്ലെങ്കിൽ തമിഴ്‌നാട് എത്തിപ്പെടാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്കായിരിക്കും.

ജയലളിത 'ജയിൽലളിത' ആയത് തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവമായിരുന്നു. 28 കിലോ സ്വർണവും 750 ജോഡി ചെരുപ്പുകളും 10,500 സാരികളും ഒക്കെ അനധികൃതമായി ശേഖരിച്ചു എന്നതായിരുന്നു ജയലളിതയ്‌ക്കെതിരെ ഉയർന്ന പ്രധാന കേസ്. അഞ്ചു വർഷം കൊണ്ട് പതിന്മടങ്ങ് സ്വത്തുക്കൾ ഉണ്ടായത് എങ്ങനെ എന്ന് കണ്ടെത്താൻ ആയിരുന്നു പ്രോസിക്യൂഷൻ ശ്രമിച്ചത്. ഇത്തരമൊരു കേസ് ഉണ്ടാവാനും അത് വിചാരണയിലേക്കെത്താനും 18 വർഷം എങ്ങനെ വേണ്ടി വന്നു എന്നും ചോദ്യമുയർന്നു. സർവ തെളിവുകളും ഉണ്ടായിട്ടു കൂടി ഒരു കേസിന്റെ ആദ്യ വിചാരണ പൂർത്തിയാകാനും പ്രാഥമിക കോടതിയുടെ ശിക്ഷ നിർണയിക്കാനും എടുത്തതാണ് ഈ 18 വർഷം എന്നത് ഇന്ത്യൻ നീതിപീഠത്തിന്റെ പരാജയം തന്നെയാണെന്നും ആക്ഷേപമുണ്ടായി.

ജയലളിതയുടെ ഉറ്റ തോഴിയായി ദശാബ്ദങ്ങൾ കൂടെക്കഴിഞ്ഞ ശശികലയ്ക്കും ഈ അനധികൃത സമ്പാദനങ്ങളിൽ തുല്യപങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചാണ് ഇതിൽ അവർക്ക് ശിക്ഷ ലഭിച്ചത്. ജയലളിത ആദ്യ തവണ മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവിൽ അനധികൃതമായി 66.65 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ബംഗളൂരുവിലെ പരപ്പനഅഗ്രഹാര പ്രത്യേക കോടതി നാലുവർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. 2014 സെപ്റ്റംബർ 27ന് വന്ന വിധിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. അപ്പീലിൽ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കി. 2015 മെയ്‌ 11ന് വിധി വന്നു.

കർണാടക സർക്കാർ നൽകിയ അപ്പീലിൽ വാദംകേട്ട സുപ്രീംകോടതി ഇനി ഈ കേസിൽ വിധി പറയാനിരിക്കുന്നു. ജയലളിതയ്ക്കും തോഴി ശശികലയ്ക്കുമൊപ്പം ശശികലയുടെ ഭർതൃ സഹോദരി ഇളവരശി, ജയലളിതയുടെ ദത്തുപുത്രനായിരുന്ന സുധാകരൻ എന്നിവരും കൂട്ട് പ്രതികളാണ് ഈകേസിൽ. ഇതിൽ സുപ്രീംകോടതി പ്രതികൂലമായാൽ പണ്ട് ജയലളിതയ്്ക്ക് ശിക്ഷ വിധിച്ചപ്പോൾ ഉണ്ടായതുപോലെ ഉള്ള ഒരു വികാരമൊന്നും ഇനി തമിഴ്‌നാട്ടിൽ ഉണ്ടാകാൻ സാധ്യതയില്ല. കാരണം ജയലളിതയുടെ വെറും നിഴൽ മാത്രമായിരുന്നു ശശികല.

ജയലളിത ശിക്ഷിക്കപ്പെടുമ്പോൾ അത് തമിഴകത്തിന്റെ വികാരമായി മാറുന്ന രസതന്ത്രം ശശികലയ്‌ക്കെതിരെ ശിക്ഷയുണ്ടായാൽ ഉണ്ടാവില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടുകൂടിയാണ് ഇപ്പോൾ തിടുക്കപ്പെട്ട് ശശികല അധികാരത്തിലേറുന്നതെന്നാണ് സംസാരം. തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ കോടതി വിധി എന്ന നിലയിൽ ജനവികാരമുണർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കമെന്നും സൂചനയുണ്ട്. തമിഴകം കട്ടുമുടിച്ചുവെന്ന ചീത്തപ്പേര് ഉണ്ടായിരുന്നെങ്കിലും അവസാനകാലത്ത് ജയലളിത നിരവധി ജനസേവന പ്രവർത്തനങ്ങൾ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സൗജന്യങ്ങൾ വാരിക്കോരി നൽകിയെന്ന പ്രതീതിയെങ്കിലും ഉണ്ടാക്കാൻ ജയലളിതയ്ക്ക് ആയതിന്റെ ഫലമായാണ് അവർ തുടർച്ചയായി വീണ്ടും അധികാരത്തിലെത്തിയത്.

ഇത്തരത്തിൽ ഏകാധിപതിയായിരുന്നപ്പോഴും തമിഴകത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിരുന്നു ജയലളിതയെങ്കിൽ അവരുടെ പേരിൽ ചീത്തപ്പേരുണ്ടാക്കാൻ മുഖ്യകാരണക്കാരിയായി നിന്ന മാന്നാർഗുഡി മാഫിയയുടെ അധിപതി ഇപ്പോ്ൾ തമിഴകത്തിന്റെ മുഖ്യമന്ത്രിയാവുകയാണ്. ഇതോടെ തമിഴ്‌നാട് ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തീവെട്ടിക്കൊള്ളയ്ക്കാവും സാക്ഷ്യം വഹിക്കേണ്ടിവരിക. ജയലളിത ഉള്ളപ്പോൾ തന്നെ തമിഴ്‌നാട്ടിൽ വേരുകളാഴ്‌ത്തി പിടിമുറുക്കിക്കഴിഞ്ഞ ശശികലയ്ക്ക് നേരിട്ട് അധികാരം കിട്ടുമ്പോൾ എന്താവും തമിഴ്‌നാടിന്റെ ഭാവിയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ജയലളിത മത്സരിച്ച് ജയിച്ച ആർ കെ നഗറിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ശശികല ഇപ്പോൾ മുഖ്യമന്ത്രിയാകുന്നത്. ഇവിടെ ജനവിധി തേടുമ്പോൾ അമ്മയോടുള്ള സഹതാപ തരംഗത്തിൽ പിടിച്ച് ജയിച്ചുകയറാമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ അത് എത്രത്തോളം നടക്കുമെന്ന കണ്ടുതന്നെ അറിയണം. കാരണം ശശികലയെ തോൽപിക്കാൻ എതിരാളികൾ സർവ തന്ത്രങ്ങളും പയറ്റുമെന്ന് ഇപ്പോൾ തന്നെ വ്യക്തമായിക്കഴിഞ്ഞു. ജയലളിതയുടെ ആജ്ഞാശക്തിയും ജനപിന്തുണയും ശശികലയ്ക്കില്ല എന്നത് മറ്റൊരു കാരണം.

ആർകെ നഗറിൽ ശശികലയ്‌ക്കെതിരെയുള്ള വികാരം ശക്തമാണെന്നത് അണ്ണാഡിഎംകെയെ ഉലയ്ക്കുന്നുണ്ട്. പാർട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറാണ് അമ്മയുടെ യഥാർത്ഥ പിൻഗാമിയെന്നാണ് ആർകെ നഗറുകാരുടെ വാദം.ഇതാവും ശശികല നേരിടുന്ന വലിയ വെല്ലുവിളി. ഇനി ഇതെല്ലാം മറികടന്ന് അധികാരത്തിലെത്തിയാലും സുപ്രീംകോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസിൽ പ്രതികൂല വിധിയുണ്ടായാൽ വീണ്ടും തമിഴകത്ത് ഭരണമാറ്റം ആവർത്തിച്ചേക്കും. ഇഷ്ടക്കാരനെ മുഖ്യമന്ത്രിയാക്കി അവരോധിച്ച് ജയലളിത നടത്തിയ നാടകത്തിന്റെ തനിയാവർത്തനമാകും അത്.