ഭുവനേശ്വർ: അധികാരത്തിലേറും മുമ്പു ബിജെപിയും നരേന്ദ്ര മോദിയും വാഗ്ദാനം ചെയ്ത നല്ല ദിനങ്ങൾ എവിടെയെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങളെ അധികാരത്തിലേറി രണ്ടുദിവസം കൊണ്ടുതന്നെ പ്രധാനമന്ത്രി മറന്നുവെന്നും രാഹുൽ ആരോപിച്ചു.

തന്നെ ജയിപ്പിച്ച ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. അവർക്ക് വാഗ്ദാനം ചെയ്ത നല്ല ദിനങ്ങളെക്കുറിച്ച് ഇപ്പോൾ ഓർക്കാൻ കൂടി പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

മോദിയിൽ വിശ്വാസമർപ്പിച്ച പാവം ജനങ്ങളെ അദ്ദേഹം വഞ്ചിച്ചിരിക്കുന്നു. എന്നാൽ കോൺഗ്രസ് കർഷകർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി പോരാടും. പാവങ്ങളായ കർഷകരോട് നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത മോദി പ്രധാനമന്ത്രിയായ ശേഷം എല്ലാം മറന്നു. ഇന്ത്യയെന്നത് ചില കോർപറേറ്റ് കമ്പനികളും ഏതാനും വ്യക്തികളും മാത്രം ഉൾപ്പെടുന്നതല്ല. അത് കർഷകർക്കും സാധാരണക്കാരായ ജനങ്ങൾക്കും അവകാശപ്പെട്ടതാണ്. പാവപ്പെട്ട കർഷകരുടെ ഭൂമി തട്ടിയെടുക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്നും രാഹുൽ ആരോപിച്ചു.

യുപിഎ സർക്കാർ അവതരിപ്പിച്ച ഭൂമിയേറ്റെടുക്കൽ നിയമത്തിൽ വ്യത്യാസം വരുത്തി അവതരിപ്പിക്കാൻ മോദിയുടെ ബിജെപി സർക്കാർ ശ്രമിക്കുകയാണ്. എന്നാൽ, പൊതുജനങ്ങളുടെ എതിർപ്പ് കാരണം ഇനിയും അത് പാസാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഒഡീഷയിലെ ബാർഗഡ് ജില്ലയിൽ കർഷ റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിക്കും ബിജെപി സർക്കാരിനുമെതിരെ രാഹുൽ രൂക്ഷവിമർശനം ഉന്നയിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെയും രാഹുൽ വിമർശിച്ചു. പല കാര്യങ്ങളിലും മോദിയുമായി ചേർന്ന് ഒത്തുതീർപ്പുകൾക്ക് വഴങ്ങുകയാണ് നവീൻ പട്‌നായിക്കെന്ന് രാഹുൽ ആരോപിച്ചു.