കാഞ്ഞിരപ്പള്ളി: മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ (20) യെ കാണാതായിട്ട് 60 ദിവസം പിന്നിടുന്നു മാധ്യമ വാർത്തകളിൽ ശ്രദ്ധനേടിയ തിരോധാനത്തിന് ഇനിയും തുമ്പുണ്ടായിട്ടില്ല. ജസ്‌ന മരിയ എവിടെപോയി? പൊലീസിന് അന്വേഷണം നടത്തി കാലം കുറേയായിട്ടും ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. പൊലീസിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷയായ പെൺകുട്ടി മരിച്ചോ ജീവിപ്പിച്ചിരുപ്പുണ്ടോ എന്ന ചോദ്യമാണ് ഉയർത്തിയിരിക്കുന്നത്.

രണ്ടു മാസം നീണ്ട അന്വേഷണത്തിൽ കുട്ടി എവിടെയുണ്ടെന്ന് പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടയിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും പൊലീസിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് ജെസ്നയുടെ പിതാവും സഹോദരങ്ങളും. കഴിഞ്ഞ് മാർച്ച് 22 ന് രാവിലെ 9.30 നാണ് വീട്ടിൽ നിന്നും ബന്ധുവീട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ പെൺകുട്ടിയെ കാണാതാകുന്നത്.

മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള വീട്ടിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലെത്തി അവിടെ നിന്നും സ്വകാര്യ ബസിൽ കയറി എരുമേലി വരെ എത്തിയത് കണ്ടവരുണ്ട്. അവിടെ നിന്നും കുട്ടി എവിടേയ്ക്ക് പോയതെന്ന് യാതൊരു അറിവുമില്ല. എരുമേലി - മുണ്ടക്കയം പാതയിൽ പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്കാണ് ജസ്ന പോയതെന്നാണ് ലഭിച്ച വിവരം. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പിതാവ് ജെയിംസും, സഹോദരൻ ജെയ്സും വീട്ടിലില്ലായിരുന്നു.

ജസ്‌നയെ തേടി അന്വേഷണം പലയിടത്ത് നടത്തി. ബാംഗ്ലൂരിലും മൈസൂരിലും അന്വേഷണ സംഘം എത്തി പരിശോധിച്ചിട്ടും കേസിന് യാതൊരു തുമ്പുമുണ്ടായില്ല. കാണാതായ ദിവസം വൈകുന്നേരം മുതൽ ജസ്‌നയെ തിരിക്കി ഇറങ്ങിയതാണ് കുടുംബം. അന്നു തന്നെ എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇത് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ നൽകേണ്ട പരാതിയാണെന്ന് അറിയിച്ച് പൊലീസ് പരാതി തിരികെ നൽകി. പിന്നീട് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ജെസ്നയെന്ന പെൺകുട്ടിയെ കാണാതായിട്ട് അറുപത് ദിവസം പൂർത്തിയാകുമ്പോഴും ബന്ധുക്കൾക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുയാണ്. ജെസ്നയെ കാണാതായ നാൾ മുതൽ എന്തെങ്കിലും വിവരം ലഭിച്ചുവോയെന്ന് അന്വേഷിക്കാത്തവർ ഉണ്ടാകില്ല. പട്ടാപകൽ ഒരു പെൺകുട്ടിയെ കാണാതായിട്ട് പൊലീസിന് ഒരു വിവരവും കണ്ടെത്താനാവത്തതിൽ മാതാപിതാക്കളും ആശങ്കയിലാണ്.ആൾ കൂട്ടത്തിനിടയിൽ ജസ്ന ഉണ്ടോയെന്ന് തിരയുന്ന സുഹൃത്തുക്കളുമുണ്ട്. അവളെ കണ്ടെത്തുന്നതിനായി സുഹൃത്തുക്കളുടെയും സഹപാഠികളുടെയും കൂട്ടായ്മകളും സജീവമാണ്. സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൗനജാഥയും, കളക്റ്റ്രേറ്റു പടിക്കൽ നിരാഹാര സമരവുമൊക്കെ സംഘടിപ്പിച്ചു. ചില രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

നാട്ടുകാരുടെ അടക്കം പറച്ചിലുകൾക്കിടയിൽ രണ്ടു ചോദ്യങ്ങൾ മാത്രമാണ് ബാക്കിയാകുന്നത്. അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ എവിടെ, അവൾ മരിച്ചെങ്കിൽ എങ്ങനെ. ജെസ്‌ന മരിയയെ കാണാതായി രണ്ടു മാസത്തിനിടയിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അജ്ഞാത കോളിന്റെ ഉറവിടം തേടി പൊലീസ് ബാംഗളുരുവിലേയ്ക്ക് പോയി. എന്നാൽ അന്വേഷണത്തിൽ ഒന്നും കണ്ടത്താനായില്ല. പിന്നീട് വ്യാജ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് മുണ്ടക്കയത്ത് ഒരുവീട്ടിൽ പരിശോധന നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. നിരവധി പേരേ പൊലീസ് ചോദ്യം ചെയ്തു. വേളാങ്കണ്ണി, തേനി എന്നിവിടങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പൊലീസെത്തി പരിശോധിച്ചു.

ജെസ്‌നയുടേതെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ച ചിത്രം സാമ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് ബംഗളുരുവിൽ ജസ്‌നയെയും ഒരു ആൺ സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം പരന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ തിരിച്ചു മടങ്ങി. ജെസ്‌നയെ കണ്ടെത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ അവാർഡ് പൊലീസ് പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലും കണ്ടതായി ഫോൺ വിളികളിൽ അന്വേഷണം നടത്തിയിട്ടും സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല.

ഇതിനിടെ പീരുമേട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ കൊക്കയിലും പരിസരത്തും മുപ്പതു പൊലീസുകാർ വനംവകുപ്പിന്റെ സഹായത്തോടെ തെരച്ചിൽ നടത്തി. എഡിജിപി സന്ധ്യ നേരിട്ട് അന്വേഷിച്ചിട്ടും പക്ഷെ തുമ്പൊന്നും ലഭിച്ചില്ല. വീട്ടുകാരും നാട്ടുകാരും തങ്ങളാലാവുംവിധം കഴിയുന്നിടത്തെല്ലാം അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു മാസം പിന്നിട്ടതോടെ നാടും നാട്ടുകാരും സഹപാഠികളും പ്രക്ഷോഭത്തിന്റെ പാതയിറങ്ങി. കേരള ജനപക്ഷത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് നാട്ടുകാർ തെരുവിലിറങ്ങി. മുണ്ടക്കയം-ഭരണിക്കാവ് ദേശീയപാത ഉപരോധിച്ചു. അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം എങ്ങും മുഴങ്ങി. എസ് ഡി കോളേജിലെ സഹപാഠികളും വെറുതേയിരുന്നില്ല, അവരും പ്രതിഷേധിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും നടത്തി, മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.

പക്ഷെ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. അന്വേഷണം പിന്നെയും നീണ്ടു. കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ നിർണായക വിവരങ്ങൾ അവഗണിച്ചുവെന്നും ജസ്‌നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഇതിനിടെ പരാതിയുമുയർന്നു.

സഹായം തേടി ഫേസ്‌ബുക്കിൽ

അങ്ങനെ പ്രതീക്ഷകൾ നഷ്ടപ്പെട്ടുതുടങ്ങിയ കുടുംബം ഫേസ്‌ബുക്ക് ലൈവിലൂടെ അഭ്യർത്ഥനയുമായി നാൽപ്പത്തിനാലാം ദിവസം രംഗത്തെത്തി. സഹോദരൻ ജെയ്‌സ് ജോണും സഹോദരിയുമാണ് ജസ്‌നയെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് ലൈവിലെത്തിയത്. ജസ്‌നയെയും കുടുംബത്തെയുംകുറിച്ച് മോശമായി പറയുന്നവർ സത്യാവസ്ഥ മനസിലാക്കണമെന്ന അപേക്ഷയും അവർക്കുണ്ടായിരുന്നു. തൊട്ടുപിന്നാലെകേസന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഇടപെടൽ

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനവും തീരുമാനത്തിന് കാരണമായി. ഇതിനിടെയാണ് ജസ്‌നയെ ബംഗലുരുവിൽ കണ്ടെത്തി എന്ന വിവരമെത്തിയത്. വാഹനാപകടത്തിൽ പരുക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നായിരുന്നു സന്ദേശം. ബംഗളുരുവിലെ ആശ്രയഭവനിലെത്തിയിരുന്നു ജസ്‌നയെന്നും അഭ്യൂഹങ്ങൾ പരന്നു. തൃശൂർ സ്വദേശിയായ സമ്പന്ന യുവാവിനൊപ്പം ജസ്‌ന ബംഗളുരുവിലേക്ക് പോയെന്നും അവിടെ വച്ച് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടെന്നും അഭ്യൂഹങ്ങളുണ്ടായി. പൊലീസ് സംഘം ഉടൻ തന്നെ മടിവാളയിലെ ആശ്വാസഭവനിലും നിംഹാൻസിലും എത്തിയെങ്കിലും അവിടങ്ങളിലൊന്നും ജസ്‌ന എത്തിയതിന് തെളിവുകളൊന്നും ലഭ്യമായില്ല. ആന്റോ ആന്റണി എംപിയും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടൊപ്പം തിരുവല്ലയിലെ കല്യാണപാർട്ടിയിൽ ജസ്‌നയെയും യുവാവിനെയും കണ്ടുവെന്ന ചിത്രങ്ങളും കഥകളും പ്രചരിച്ചെങ്കിലും അതും വ്യാജമായിരുന്നു എന്ന് തെളിഞ്ഞു.