ന്യൂയോർക്ക്: അധികാരം നഷ്ടപ്പെട്ട രാജാവിനെ പോലെ ട്രംപ് പടിയിറിങ്ങുമ്പോൾ രാജ വസതിയിൽ നിന്ന് കുടിയൊഴിയുന്നവർ എങ്ങോട്ടെന്ന് ചോദ്യമാണ് അമേരിക്ക ഉള്ളുനോക്കുന്നത്. ട്രംപിനെ പോലെ അദ്ദേഹത്തിന്റെ മക്കളും രാഷ്ട്രീയ ഗതിയിലേക്ക് എത്തുമെന്നാണ് റിപ്പപ്ലിക്കൻ അനുകൂലികൾ കരുതിയിരുന്നത്. എന്നാൽ സ്ഥാനഭൃഷ്ടനായ രാജാവിനെ പോലെ ട്രംപ് പടിയിറങ്ങുമ്പോൾ പിതാവിനൊപ്പം നിന്ന് അധികാരത്തിന്റെ രുചി നുണഞ്ഞ ട്രംപിന്റെ മക്കളുടെ ഭാവിയും ചോദ്യചിഹ്നമായി മാറും.

മകൾ ഇവാൻകയും മരുമകൻ ജറാദ് കുഷ്‌നറും എങ്ങോട്ടുപോകുമെന്ന ചർച്ച സജീവമാകുന്നു. ഡോണൾഡ് ട്രംപ് ഭരണത്തിന് അന്ത്യം കുറിച്ച് ജോ ബൈഡന്റെ വിജയ വാർത്ത ന്യൂയോർക്ക് തെരുവുകളിൽ ആവേശപൂർവം ആഘോഷിക്കപ്പെട്ടപ്പോൾ ഒന്നു വ്യക്തമായി ഇവാൻകയും ജറാദ് ഇവർക്കു സ്വീകാര്യരല്ല.

കഴിഞ്ഞ വർഷം തന്നെ ട്രംപ് തന്റെ വസതി ഫ്‌ളോറിഡയിലേക്കു മാറ്റിയിരുന്നു. ഇവാൻകയും കുഷ്‌നറും ഇങ്ങോട്ടു മാറിയേക്കാമെന്ന സാധ്യതയുണ്ട്. എന്നാൽ ഇവിടെയും അവർക്ക് അധികാരത്തിലിരുന്നത്ര സ്വീകരണം ലഭിക്കുമോയെന്ന സംശയം പലരും ഉയർത്തുന്നു.എന്നാൽ ഇവാൻകയിൽ രാഷ്ട്രീയ ഭാവിയുണ്ടോ എന്ന ചോദ്യമാണ് റിപ്പബ്ലിക്കന്മാർ ഉയർത്തുന്നത്.

ന്യൂയോർക്കിനെക്കുറിച്ച് ട്രംപിന് മോശം അഭിപ്രായമായിരുന്നു. ഇതൊരു ദുഃസ്വപ്നമാണെന്നും ശൂന്യമാണെന്നുമൊക്കെയാണ് ട്രംപ് പറഞ്ഞിരുന്നതെന്ന് എഴുത്തുകാരിയായ ജിൽ കാർഗ്മാൻ പറയുന്നു. ഇവിടുള്ളവരാരും അതു മറക്കാൻ ഇടയില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും ഇങ്ങോടു അവർ തിരിച്ചുവരുമ്പോൾ ആരും ഒന്നും മറക്കാൻ പോകുന്നില്ലെന്നും ഇവാൻകയ്ക്കും ജറാദിനുമൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുമുള്ള കാർഗ്മാൻ കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസിൽ ആയിരുന്ന കാലത്ത് ദമ്പതികൾ ന്യൂയോർക്ക് ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. മെറ്റ് ഗാലയിൽ എല്ലാ വർഷവും ഇവർ പങ്കെടുത്തിരുന്നു. ഫാഷൻ പരിപാടികളിൽ ഇവാൻക സ്ഥിര സാന്നിധ്യമായിരുന്നു. എന്നാൽ വൈറ്റ് ഹൗസിൽനിന്ന് പടിയിറങ്ങുമ്പോൾ ഇതിൽ എത്ര ചടങ്ങുകൾ അവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുമെന്ന് കാണേണ്ടിയിരിക്കുന്നുവെന്നാണ് യുഎസ് മാധ്യമങ്ങൾ പറയുന്നത്.

കഴിഞ്ഞ മാസം ട്രംപ് വിരുദ്ധ ലിങ്കൺ പ്രോജക്ട് സംഘം ടൈംസ് സ്‌ക്വയറിലെ ബിൽബോർഡുകൾ വാടകയ്ക്ക് എടുത്ത് കോവിഡ് മരണനിരക്കും അതിനു സമീപം ഇരുവരും ചിരിച്ചുനിൽക്കുന്ന ചിത്രവും മൃതദേഹങ്ങൾ വയ്ക്കുന്ന ബോഡി ബാഗുകളുടെ ഇലസ്‌ട്രേഷനും സഹിതം പ്രദർശിപ്പിച്ചിരുന്നു. നിയമപരമായി നേരിടുമെന്ന് ദമ്പതികൾ ഭീഷണിപ്പെടുത്തിയപ്പോൾ ലിങ്കൺ പ്രോജക്ട് സംഘം ട്രംപിന്റെ വസതിയായ മാറെലാഗോയുടെ ചിത്രവും ട്രംപ് ടവറിന്റെ ചിത്രവുമാണ് പുറത്തുവിട്ടത്.

അതേസമയം, എവിടെ താമസിക്കണമെന്ന് ഇരുവരും തീരുമാനിച്ചിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന മറുപടി. ന്യൂയോർക്കിലെ അപ്പർ ഈസ്റ്റ് സൈഡിലെ അപ്പാർട്‌മെന്റ് ഇവർ കൈവശം വച്ചേക്കുമെന്നും ന്യൂജഴ്‌സിയിൽ കൂടുതൽ സമയം ചെലവഴിച്ചേക്കുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ താമസത്തിന് ഇവർ ഫ്‌ളോറിഡ തിരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും നിരവധി ബന്ധങ്ങൾ ഇവാൻക ഇവിടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈയടുത്ത മാസങ്ങളിൽ ഫ്‌ളോറിഡയിലേക്ക് കുറഞ്ഞത് 5 തവണയെങ്കിലും ഇവാൻക യാത്ര ചെയ്തിരുന്നു. സാറസോട്ടയിലൊക്കെ റിപ്പബ്ലിക്കൻ മേധാവിത്തമുള്ള മേഖലയാണ്. ഇവിടങ്ങളിലെ പ്രചാരണത്തിന് ഇവാൻക മുന്നിട്ടിറങ്ങിയിരുന്നു. മിയാമിയിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്‌ളോറിഡയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ രാഷ്ട്രീയ ഭാവി കെട്ടിപ്പെടുക്കാനുള്ള നീക്കമാണ് ഇവാൻകയുടേതെന്നും വിലയിരുത്തുന്നവരുണ്ട്.