- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യമുയർത്തി യുഡിഎഫ് എംപിമാർ പാർലമെന്റിൽ; ചോദ്യത്തോട് മൗനം പാലിച്ച് കേന്ദ്ര സർക്കാർ; കേസിൽ ഉന്നതർക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് വ്യക്തതയില്ലാതെ കേന്ദ്രം; സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാകുമ്പോഴും പിണറായി വിജയന്റെ ഓഫീസിന്റെ പങ്ക് തേടി കോൺഗ്രസും ബിജെപിയും
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ കോൺഗ്രസും ബിജെപിയും സംസ്ഥാന സർക്കാരിനെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമ്പോഴും സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്സ് എംപിമാരാണ് ലോക്സഭയിൽ ഈ ചോദ്യം ഉന്നയിച്ചത്. എന്നാൽ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. കേരളത്തിൽ നിന്നുള്ള നാല് യുഡിഎഫ് എംപിമാരാണ് ഇത് സംബന്ധിച്ച് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചത്.
ബെന്നി ബഹ്നാൻ, കെ സുധാകരൻ, എൻ കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവരാണ് ചോദ്യമുന്നയിച്ചത്. സ്വർണ്ണക്കടത്തിന്റെ അന്വേഷണം ഏത് ഘട്ടത്തിൽ എത്തി എന്നും കേസിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാൽ ആദ്യ ചോദ്യത്തിന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരം നൽകിയത്. കേസിന്റെ വിശദാംശങ്ങൾ, രജിസ്റ്റർ ചെയ്ത തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ മാത്രമാണ് മറുപടിയായി നൽകിയത്. രണ്ട് ചോദ്യങ്ങൾക്കുമായി ഒറ്റ ഉത്തരമാണ് നൽകിയത്. കേസിൽ ഉന്നത ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
അതിനിടെ, സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിന് ക്ലീൻ ചീറ്റില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി മേധാവി വ്യക്തമാക്കി. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന മട്ടിൽ വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ടാണ് ഇഡി മേധാവി ഇക്കാര്യം അറിയിച്ചത്. മന്ത്രിക്കെതിരായ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവിൽ മന്ത്രിയിൽനിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.
മന്ത്രി ഇ.പി. ജയരാജന്റെ മകനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ അന്വേഷണ സംഘങ്ങൾ ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഇഡി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച മന്ത്രിയെ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെയും ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി ഈ ദിവസങ്ങളിൽ നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും പല ചോദ്യങ്ങൾക്കും ഇത്തരം കൃത്യമായിരുന്നില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.
നടക്കുന്നത് ശക്തമായ പ്രക്ഷോഭം
സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരായ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിപക്ഷം നടത്തിയ പ്രതിഷേധ സമരങ്ങളെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചതോടെ കേരളത്തിലെ പ്രധാന തെരുവുകളിലെല്ലാം ഇന്ന് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. കെ.എസ്.യു, എംഎസ്എഫ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, മഹിളാമോർച്ച എന്നീ സംഘടനകളുടെ പ്രതിഷേധങ്ങൾ കൂടാതെ യുഡിഎഫും സമരവുമായി രംഗത്തെത്തുകയായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പലയിടത്തും പൊലീസ് ലാത്തിവീശി. എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരീനാഥ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരീനാഥ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രകോപനമില്ലാതെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം ജില്ല പഞ്ചായത്തിന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹം സംഘടിപ്പിച്ചു. സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എങ്കിൽ കേരളം അത് പൊറുക്കില്ലെന്നും സത്യാഗ്രഹം ഉദ്ഘാടം ചെയ്തു കൊണ്ടു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതികളെ ഏത് സാഹചര്യത്തിൽ ആണ് തുടരെ തുടരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് എന്ന് സർക്കാർ വിശദീകരണം നൽകണം. തുടർച്ചായിയ ആശുപത്രിയിൽ നിർത്താൻ തക്ക അസുഖങ്ങൾ അവർക്ക് ഇല്ല എന്നാണ് കിട്ടിയ വിവരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.ടി.ജലീൽ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകർ വയനാട് - കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഹാൽ അടക്കം പത്ത് പേർക്ക് പരിക്കേറ്റു. വയനാട് കളക്റ്റ്രേറ്റിക്ക് കെഎസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് തിരക്കിന് ഇടയാക്കി. ബാരിക്കേഡ് മറികടന്നു വന്ന പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. ഇതു സംഘർഷത്തിന് കാരണമായി. പത്തനംതിട്ട കളക്റ്റ്രേറ്റിലേക്കും കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങാതെ വന്നതോടെ പൊലീസ് വീണ്ടും ലാത്തിവീശി. തുടർന്ന് കൂടുതൽ പ്രവർത്തകരെത്തി റോഡ് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. പി നന്ദകുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. യുവമോർച്ച പ്രവർത്തകരെ കള്ളകേസ്റ്റിൽ കുടുക്കുന്നു എന്ന് ആരോപിച്ചു കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കും മാർച്ച് നടന്നു.
പാപ്പിനിശ്ശേരിയിലെ മന്ത്രി ഇ.പി.ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തുകൊണ്ട് പോയ വാഹനത്തിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. സെക്രട്ടേറിയേറ്റിലേക്ക് ജനതാദൾ നടത്തിയ മാർച്ചിൽ ജലീലിന്റെ കോലം കത്തിച്ചു. ഇതേതുടർന്ന് പൊലീസ് ലാത്തി വീശി.
സ്വർണകടത്തുകേസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ മഹിളാമോർച്ചയും എബിവിപിയും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നെരിട്ടത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
മറുനാടന് ഡെസ്ക്