അമിതമായ മദ്യപാന സമൂഹമായി കേരളീയർ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ സാമൂഹികകാരണങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും ശ്രമിക്കാതെ മദ്യവില്പനയെ നികുതിവരുമാനത്തിനും അഴിമതിക്കുമുള്ള വൻ ഉറവിടങ്ങളായി കണക്കാക്കുകയാണ് മാറിവന്ന എല്ലാ സർക്കാരുകളും ചെയ്തത്. മദ്യപാനത്തെ ഒരു സദാചാരവിഷയമായി അഭിസംബോധന ചെയ്യുന്ന കാപടം, മദ്യം വാങ്ങുന്നയാൾക്ക് ഒരു ഉപഭോക്താവ് എന്ന രീതിയിൽ ലഭിക്കേണ്ട എല്ലാ അവകാശവും നിഷേധിച്ചു. നിലവാരം കുറഞ്ഞ ഏതു സ്പിരിറ്റും കളർചേർത്ത് സെക്കന്റ് സെയിലായി വിറ്റ് കൊള്ളലാഭം കൊയ്യാനുള്ള അവകാശം ബാറുടമകൾക്ക് സ്വന്തമായി. വർഷംതോറും എത്രവേണമെങ്കിലും മദ്യത്തിനുമുകളിൽ ടാക്‌സ് ചുമത്താമെന്നായി. മദ്യവിൽപന ബഹുമുഖമാനങ്ങളുള്ള ചൂഷണവ്യവസായമായി വളർന്നു.

ബാറുകളുടെ നിലവാര പരിശോധനയ്ക്കിറങ്ങിയവർ മദ്യത്തിന്റെ നിലവാരം ഒരിക്കൽ പോലും പരിശോധിക്കാൻ തയ്യാറായിട്ടില്ലെന്ന് ഓർക്കുക. നമ്മുടെ കള്ളുഷാപ്പുകളുടെ കാര്യം തന്നെ നോക്കുക. പത്തുരൂപ അടച്ച് വിവരാവകാശപ്രകാരം അപേക്ഷിച്ചാൽ കേരളത്തിൽ എത്ര തെങ്ങ് ചെത്തുന്നു, എത്ര റേഞ്ചുണ്ട്, ഏകദേശം എത്ര കള്ള് അളക്കുന്നു എന്നതിന്റെ വിവരം ആർക്കും ലഭിക്കും. കാലങ്ങളായി ഷാപ്പുകൾ ലേലം വിളിച്ചെടുക്കുന്ന തുകയും കള്ളിന്റെ ലഭ്യതയും തമ്മിലുള്ള കണക്കിലെ വിടവാണ് ഡസിപാമും, വൈറ്റ് പേസ്റ്റും പിന്നെയും മറ്റെന്തെയോ കലക്കി കള്ളാക്കി മാറ്റി കോൺട്രാക്റ്റർ നികത്തുന്നതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. സ്വന്തം അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്ത രാഷ്ട്രീയചരിത്രമുള്ള തെങ്ങ് ചെത്ത് തൊഴിലാളിയൂണിയനുകളൊന്നും ഉപോക്താവിന് വ്യാജകള്ള് നൽകരുതെന്ന് പറഞ്ഞ ചരിത്രവുമില്ല.

അമിതമദ്യപാനത്തിന്റെ തെറ്റുകളെ ശരിയാക്കാനുള്ള വഴി സമ്പൂർണ്ണ മദ്യനിരോധനമല്ല. മദ്യപാനം പലർക്കും പലതായിരിക്കും. പല തരത്തിലുള്ള സോഷ്യൽ ഇന്ററാഷ്‌നാണത്. നിർദ്ദോഷമായ മാനസികോല്ലാസമോ, സമ്മർദ്ദങ്ങളെ അകറ്റലോ, സൗഹൃദങ്ങളുടെ പുതുക്കലോ, ഓർക്കലോ, മറക്കലോ, മനസ്സ് തുറക്കലോ, സങ്കടങ്ങളോ, സർഗ്ഗാത്മകതയോ അങ്ങനെ പലതും... എല്ലാവരും കുടിച്ചുമരിക്കാനല്ല ബാറുകളിൽ പോയിരിക്കുന്നതെന്ന് ചാനൽ ചർച്ചകളിൽ വന്നിരുന്ന് വിഡ്ഢിത്തങ്ങൾ വിളമ്പുന്ന മതമേലധ്യക്ഷന്മാരോട് വാർത്താ അവതാരകർ പറഞ്ഞുകൊടുക്കണം. എല്ലാ ആനന്ദങ്ങളും നിരോധിക്കപ്പെട്ട ഒരു സമൂഹമായിരിക്കും യഥാർത്ഥത്തിൽ മനോരോഗികളുടെയും കുറ്റവാളിളുടെയും സമൂഹമായി മാറുക.

കേരളത്തിൽ ആശ്വാസകരമല്ലാത്ത രീതിയിൽ മദ്യപാനം പെരുകുന്നതിന് കാരണം മാനസിക സമ്മർദ്ദമുള്ളവരുടെ വലിയ സമൂഹമായി നാം മാറിയിട്ടുള്ളതുകൊണ്ടായിരിക്കാം. അവ എന്തൊക്കെയെന്ന് സാമൂഹിക ചിന്തകർ അന്വേഷിക്കട്ടെ. എന്തിന് ആൺ-പെൺ പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ ലൈംഗികാകർഷണത്തിന്റെയോ പോലും എല്ലാ സർഗ്ഗാത്മകതയും തല്ലികെടുത്തിയ ഒരു കെട്ട സമൂഹമാണ് നമ്മുടെത്. നമ്മുടെ ബാറുകളൊക്കെ ഗേ ബാറുകളായിരിക്കുന്നത് അതുകൊണ്ടാണ്.
എങ്ങനെയൊക്കെയോ, എവിടെയൊക്കെയോ കൈമോശം വന്ന ജീവിതാഹ്ലാദത്തിന്റെ ശൂന്യതകളായിരിക്കാം കേരളത്തിലെ കുറെ മനുഷ്യരെ അനിയന്ത്രിതമായ മദ്യാപനികളാക്കി മാറ്റിയിട്ടുണ്ടാകുക. അതിനെ തിരുത്താനുള്ള വഴി നിരോധനങ്ങൾ വർദ്ധിപ്പിക്കലല്ല. പലവിധത്തിലുള്ള മതമൗലികവാദികളും ആൾദൈവങ്ങളും, മന്ത്രവാദികളും, ജാതിഭ്രാന്തരുമെല്ലാം കൂടി കേരളീയസമൂഹത്തോട് ചെയ്യുന്ന അത്രയും ദ്രോഹമൊന്നും മദ്യം കഴിക്കുന്നവർ ചെയ്യുന്നില്ല.

പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ജനാധിപത്യസമൂഹങ്ങളായി മാറാനാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ പൗരന്മാർക്ക് മറ്റുള്ളവർക്ക് ഉപദ്രവമില്ലാത്ത, അവരവരുടെ സന്തോഷത്തിനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടായിരിക്കണം. മനുഷ്യന്റെ വൈയക്തികമായ ആനന്ദങ്ങൾക്കും ചോയ്‌സുകൾക്കും മേൽ സ്‌റ്റേറ്റിന്റെ നിരോധനങ്ങളും, വിലക്കുകളും വ്യക്തിസ്വാതന്ത്ര്യമോ ജനാധിപത്യമോ വികസിക്കാത്ത പ്രാകൃത കാലത്തെ രീതികളാണ്. മദ്യത്തിന്റെ മാത്രമല്ല, വിശ്വാസങ്ങൾ, കല, പ്രണയം, സൗഹൃദം, ലൈംഗികത തുടങ്ങിയ വ്യക്തി-സമൂഹ ബന്ധത്തിലെ എല്ലാ വ്യവഹാരങ്ങളും ഭരണകൂടോപരണങ്ങളിൽനിന്ന് എത്രമാത്രം മുക്തമാകുന്നുവോ അത്രയും ജനാധിപത്യം വികസിക്കുകയേയുള്ളു. അവയൊക്കെ എത്രമാത്രം നാം സ്റ്റേറ്റിനെ ഏൽപിച്ചുകൊടുക്കുന്നുവോ അത്രയും വ്യക്തിവികാസം പ്രാപിക്കാത്ത, മാനസികസമ്മർദ്ദമനുഭവിക്കുന്ന, വ്യക്തിസ്വാതന്ത്ര്യങ്ങളെ ഭയക്കുന്ന അസ്വതന്ത്രസമൂഹങ്ങളാണ് ഉണ്ടാവുക.