തിരുവനന്തപും: സൈബർ സഖാക്കൾക്ക് വേണ്ടി പിആർഡിയിൽ പ്രത്യേക സോഷ്യൽ മീഡിയാ വിഭാഗം. എംഎൽഎ ഹോസ്റ്റലിൽ സിപിഎം വ്യവസായിക്ക് വേണ്ടി കുടുംബശ്രീയെ കെട്ടുകെട്ടിച്ച് സിപിഎം മുതലാളിക്ക് ഹോട്ടൽ നടത്താനും അവസരം. സംസ്ഥാനത്തെ പ്രധാന ബാർ മുതലാളിയുടെ ഹോട്ടലാണ് എംഎൽഎ ഹോസ്റ്റലിനുള്ളിൽ തുടങ്ങിയത്. നിലവിൽ കോഫീ ഹൗസ് പ്രവർത്തിച്ച സ്ഥലത്താണ് ചൈനാ സുനിലിന്റെ വൈറ്റ് ഡാമർ ഹോട്ടൽ. ഈ ഹോട്ടലിനെ എംഎൽഎ ഹോസ്റ്റലിൽ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിയമസഭാ സ്പീക്കറുടെ ചുമതലയിലാണ് ഹോസ്റ്റൽ. പക്ഷേ സിപിഎമ്മിലെ ഉന്നതരാണ് ചൈനാ സുനിലിന് എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ ഹോട്ടൽ തീറെഴുതാൻ നീക്കം നടത്തുന്നത്.

എംഎൽഎ ഹോസ്റ്റൽ ക്യാന്റീൻ നടത്തിപ്പ് ബാർ ഹോട്ടൽ ശൃംഖലയ്ക്ക് നൽകിയതിൽ എംഎൽഎ ഹോസ്റ്റലിനുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നു. ചൈന സുനിൽ എന്ന ബാർ ഉടമയുടെ വൈറ്റ് ഡാമർ എന്ന ബാർ ഹോട്ടൽ ശൃംഖലയ്ക്കാണ് ക്യാന്റീൻ നടത്തിപ്പിന് കരാർ നൽകിയിരിക്കുന്നത്. സാധാരണഗതിയിൽ എംഎൽഎ ഹോസ്റ്റലിൽ നടത്തിവരുന്ന ക്യാന്റീനുകൾക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ പേര് നൽകാറില്ലെന്നും വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ ഹോട്ടൽ അല്ലെങ്കിൽ ക്യാന്റീൻ എന്ന ബോർഡ് മാത്രമെ നൽകാറുള്ളുവെന്നതാണ് കീഴ് വഴക്കം. സഹകരണ സ്ഥാപനമെന്ന നിലയിൽ കോഫീ ഹൗസിന് ബോർഡ് വയ്ക്കാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ മുകളിലെ നിലയിലേത് വെറും ക്യാന്റീൻ മാത്രമായിരുന്നു ഇതുവരം.

കോഫീ ഹൗസിന് മുകളിലെ നില ചൈനാ സുനിലിന് എത്തിയപ്പോൾ അതിന് മുന്നിൽ വൈറ്റ് ഡാമർ ഹോട്ടൽ എന്ന പേരും വന്നു. വൈറ്റ് ഡാമറിന്റെ ബോർഡുകൾ കൊണ്ട് കെട്ടിടം തന്നെ നിറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ ഹോട്ടലിന്റെ പേര് ബാനർ പതിപ്പിച്ച് നടത്തുന്നത് എംഎൽഎ ഹോസ്റ്റലിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണെന്നും ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമായ കുടുംബശ്രീക്കാരെ കെട്ടു കെട്ടിച്ച് വൈറ്റ് ഡാമറിനെ കുടിയിരുത്താൻ നീക്കം. ഇപ്പോൾ വൈറ്റ് ഡാമറിന് ഫുഡ് കോർട്ട് നടത്താൻ സമ്മതം നൽകിയിരിക്കുന്നത് നിള ബിൽഡിങ്ങിന് വലത് വശത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ്. ഇവിടെ തന്നെയാണ് ഇന്ത്യൻ കോഫി ഹൗസും സ്ഥിതി ചെയ്യുന്നത്.

ഇതിന് പുറമെ കുടുംബശ്രീയുടെ ഒരു ക്യാന്റീനും പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു കെട്ടിടത്തിലാണ് കുടുംബശ്രീയുടെ കാന്റീൻ. ഈ മൂന്ന് ക്യാന്റീനുകളിൽ നിന്നുമാണ് ജീവനക്കാരും എംഎൽഎ ഹോസ്റ്റലിലെ സന്ദർശകരുമുൾപ്പടെ ഭക്ഷണം കഴിക്കാനായി ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറ്റ് ഡാമർ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം ഉടൻ തന്നെ പൊളിച്ച് പുതുക്കി പണിയാൻ ഹോസ്റ്റൽ ഹൗസിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കുടുംബശ്രീ എംഎൽഎ ഹോസ്റ്റൽ അധികാരികളുടെ കണ്ണിലെ കരടാകുന്നത്. വൈറ്റ് ഡാമർ സഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റുന്നതോടെ ചൈനാ സുനിലിന് ഹോട്ടൽ നടത്താൻ സ്ഥലമില്ലാതെയാകും. കോഫീ ഹൗസിനൊപ്പം വൈറ്റ് ഡാമറിനേയും നിലനിർത്തണം. അതിന് പോംവഴി ഒന്നേയുള്ളൂ. കുടുംബ ശ്രീയെ കെട്ടുകെട്ടിക്കുക.

വൈറ്റ് ഡാമർ ഇരിക്കുന്ന കെട്ടിടം പൊളിക്കുന്നതോടെ കുടുംബശ്രീയുടെ ക്യാന്റീൻ തന്നെ ഇല്ലാതാകും. ഇവിടേക്കായിരിക്കും വൈറ്റ് ഡാമറിന്റെ പ്രവർത്തനം മാറുക. പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകർ പണിയെടുക്കുന്ന ഒരു ക്യാന്റീൻ അടച്ച് പൂട്ടി അവിടെ ഒരു ബാർ ഹോട്ടൽ ശൃംഖലയുടെ പ്രവർത്തനം മാറുന്നതിനോടും ഭൂരിഭാഗം പേർക്കും യോജിപ്പില്ലെന്നാണ് വിവരം. പക്ഷേ ആരും ചോദിക്കാനും പറയാനുമില്ലാത്ത കുടുംബശ്രീക്കാർ പറയുന്നതിനെ ആർക്കും ഇപ്പോൾ കേൾക്കാൻ സമയമില്ല. കുടുംബശ്രീക്കാരുടെ ക്യാന്റീനിലൂടെ മികച്ച ഭക്ഷണമാണ് നൽകിയിരുന്നത്. പല എംഎൽഎമാരും ഇവിടുത്തെ ഉച്ചയൂണ് ആസ്വദിച്ചാണ് കഴിച്ചിരുന്നത്. അതിനിടെയാണ് ചൈനാ സുനിലിന്റെ വരവ്. ഇതോടെ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും കുടുംബശ്രീക്കാരെ വേണ്ടതെയായി. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുന്ന നിയമസഭയുടെ ഭരണസംവിധാനമാണ് ഈ കള്ളക്കളികൾ നടത്തുന്നത്.

പാവപ്പെട്ടവന്റെ ഒപ്പമെന്ന് പറഞ്ഞ ശേഷം ഇത്തരം മുതലാളിമാരെ സഹായിക്കുന്ന നിലപാടിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. എംഎൽഎ ഹോസ്റ്റൽ ഹൗസിങ്ങ് കമ്മിറ്റി ഭാരവാഹി സിപിഎമ്മിന്റെ തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവാണ്. ജയിംസ് മാത്യുവുമായി ഹോട്ടൽ ഉടമയ്ക്ക് അടുത്ത സൗഹൃദമുണ്ടെന്നും ഇതാകാം കരാറിന് പിന്നിലെന്നും ആരോപണമുണ്ട്. പുറത്ത് നിന്ന് ഭക്ഷണം ഉണ്ടാക്കിയ ശേഷമാണ് ഇവിടെ എംഎൽഎ ഹോസ്റ്റലിലെത്തിക്കുന്നത്. വൈറ്റ് ഡാമർ ഇവിടെ പ്രവർത്തിക്കുന്നതിനോട് എതിർപ്പില്ലെങ്കിലും അത് പാവപ്പെട്ട കുടുംബശ്രീ ജീവനക്കാർ നടത്തുന്ന ക്യാന്റീൻ അടച്ച് പൂട്ടിയ ശേഷമാകരുതെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. പക്ഷേ ഇത് കേൾക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നുമില്ല. വനിതാ ദിനത്തിൽ എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീക്കാർ ജോലിയെടുക്കുന്നത് ആശങ്കയുടെ ഇടയിലാണ്.

ബാർ കോഴ ഇടപാടിൽ ഉൾപ്പെടെ ഉയർന്ന പേരാണ് ചൈനാ സുനിലിന്റേത്. ബിജു രമേശിന്റെ അടുപ്പക്കാരനായാണ് ചൈനാ സുനിൽ മദ്യ വ്യവസായത്തിലേക്ക് കടക്കുന്നത്. പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. ബിജു രമേശുമായി ചൈനാ സുനിൽ തെറ്റിയതും ഏറെ ചർച്ചാ വിഷയമായിരുന്നു. ബാർ കോഴയിൽ ബിജുരമേശ് പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച ചൈനാ സുനിൽ മാണിക്ക് കോഴ നൽകിയിട്ടില്ലെന്ന് വിജിലൻസിന് മൊഴി നൽകിയ ബാറുടമയാണ്. കേസ് നടത്തിപ്പിനായി ബാറുടമകളിൽ നിന്ന് പിരിവുനടത്തിയത് സത്യമാണ്. എന്നാൽ അത് കോഴ നൽകാനായിരുന്നില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെ ബാർ കോഴ ആരോപണം മുക്കി കളയാൻ ശ്രമിച്ചവരിൽ പ്രധാനിയാണ് ചൈനാ സുനിൽ.

കുട്ടിക്കാലം മുതലേ സിപിഎമ്മുമായി അടുത്ത ബന്ധം ചൈനാ സുനിലിനുണ്ട്. വൈറ്റ് ഡാമർ ഉടമയായ സുനിൽ തിരുവനന്തപുരത്തെ പഴയ എസ്എഫ്ഐ പ്രവർത്തരിൽ പ്രമുഖനായിരുന്നു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസുള്ള മേട്ടുക്കട കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ ചൈനാ സുനിലിന്റെ പ്രവർത്തനം. സഹോദരങ്ങളും ജില്ലയിലെ സിപിഎം നേതാക്കളാണ്. ഇടത് പക്ഷവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുനിലിന് ഈ ബന്ധമാണ് ഫുഡ് കോർട് നടത്താൻ ലൈസൻസ് ലഭിക്കുന്നതിലെത്തിച്ചതെന്നാണ് ആരോപണം. ബാർ ഉടമകളുമായി സർക്കാരിനുള്ള രഹസ്യ ബന്ധമാണ് ഇത്തരം ഒരു ഫുഡ് കോർട് അനുവദിച്ചതിന് പിന്നിലെന്ന ചില യുഡിഎഫ് അംഗങ്ങൾ പറയുന്നു.

മദ്യലോബി കഴിഞ തെരഞ്ഞെടുപ്പിൽ കോടികൾ നൽകിയതിനുള്ള പ്രത്യുപകാരങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്നും യുഡിഎഫ് എംഎൽഎമാർ കുറ്റപ്പെടുത്തുന്നു. പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ക്യാന്റീൻ ജീവനക്കാർക്ക് വലിയ ആശ്വാസമായിരുന്നു.