ജനീവ: കൊവിഡിന്റെ വിളയാട്ടത്തിന് ഇനിയും അറുതിയില്ലെന്ന് ലോകാരോഗ്യ സംഘടന. പുതിയ തരംഗത്തിൽ വലയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ 2022 മാർച്ച് മാസം ആകുമ്പോഴേക്കും ഏഴ് ലക്ഷം പേർ കൂടി രോഗം ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്സിൻ എടുക്കാത്തവരുടെ ഉയർന്ന നിരക്കും ഡെൽറ്റ വകഭേദത്തിന്റെ പകർച്ചയുമാണ് പുതിയ തരംഗത്തിന് കാരണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

53 രാജ്യങ്ങളെയാണ് യൂറോപ്യൻ രാജ്യങ്ങളായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. ഇവയിലെല്ലാം കൂടി ഇതുവരെ 15 ലക്ഷത്തിലധികം പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.മാർച്ച് മാസത്തോടെ ഇതിൽ 49 രാജ്യങ്ങളിലെ ഇന്റൻസീവ് കെയർ യൂണിറ്റുകളിലും (ഐ.സി.യു) രോഗികളുടെ എണ്ണത്തിലെ വർധനവ് കാരണം വലിയ സമ്മർദ്ദമുണ്ടാവുമെന്നും സംഘടന പറയുന്നു. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം കോവിഡ് ആണെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

യൂറോപ്പിലെ ദിവസേനയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം 4200 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റഷ്യയിലാണ് മരണനിരക്ക് ഏറ്റവും കൂടുതൽ. ദിവസേനയുള്ള മരണനിരക്ക് റഷ്യയിൽ 1200 കടന്നു.മുഴുവനായും വാക്സിനേറ്റഡ് ആയി എന്ന് കണക്കാക്കണമെങ്കിൽ കൊവിഡിന്റെ ബൂസ്റ്റർ ഡോസും എടുത്തിരിക്കണം എന്നത് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് ഫ്രാൻസ്, ജർമനി, ഗ്രീസ് എന്നീ രാജ്യങ്ങൾ.

യൂറോപ്പിലെ ജർമനി, റഷ്യ, ഓസ്ട്രിയ, നെതർലൻഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ കൊവിഡിന്റെ മൂന്നാം തരംഗം ശക്തി പ്രാപിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ആളുകൾ തെരുവിലിറങ്ങുകയാണ്.

നെതർലൻഡ്‌സ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലാണ് ജനങ്ങൾ തെരുവിലിറങ്ങുകയും അക്രമം അഴിച്ച് വിടുകയും ചെയ്യുന്നത്. നെതർലൻഡ്‌സിൽ ഭാഗിക ലോക്ഡൗണും ഓസ്ട്രിയയിൽ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ട്.