- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കേസുകൾ കൂടുന്നു; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന; പല രാജ്യത്തും വാക്സിന്റെയും ഓക്സിജന്റെയും ക്ഷാമമെന്നും വിലയിരുത്തൽ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കുന്നത് വലിയ വിപത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ്
ജനീവ: കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ അനിയന്ത്രിതമായി വർദ്ധിക്കുന്നതായാണ് കണ്ടുവരുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും കേസുകൾ കുറയുകയല്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും സൗമ്യ കൂട്ടിച്ചേർത്തു.
ചില രാജ്യങ്ങളിലെ വാക്സിനേഷൻ യജ്ഞം വിജയകരമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയുന്നുണ്ട്. എന്നാൽ ലാേകജനതയുടെ ഭൂരിഭാഗവും വാക്സിൻ ഓക്സിജൻ ക്ഷാമം ആശുപത്രി കിടക്കകളുടെ ദൗർലഭ്യം എന്നിവ മൂലം വലയുകയാണ്. ഇവിടുങ്ങളിൽ മരണ നിരക്ക് വളരെ കൂടുതലാണെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിനടുത്ത് കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കോവിഡ് വ്യാപനത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ്.കോവിഡ് വ്യാപനത്തിൽ കുറവ് കണ്ടതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്താൻ ഒരുങ്ങുന്ന രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കേസുകൾ കുറയുന്നത് താല്കാലികമാണെന്നും ഇത് കാരണം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കുന്നത് വലിയ വിപത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ