- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാനങ്ങളിലെ കൊലപാതകികൾ മുഴുവൻ കേരളത്തിലേയ്ക്കു കടക്കുകയാണോ? 30 പേരെ കൊല്ലാൻ വകുപ്പുണ്ടായിട്ടു പത്തു പേരെ പോലും കൊല്ലാത്ത ഈ പാവങ്ങളെ എന്തിനു കുറ്റപ്പെടുത്തണം? മാടമ്പള്ളിയിലെ യഥാർത്ഥ കൊലയാളിയെ തേടി മുരളി തുമ്മാരുകുടി
കേരളാ പൊലീസിനെ പറ്റി നല്ലതു പറയാൻ ഉള്ള അവസരം ഒന്നും സാധാരണ ഒത്തു വരാറില്ല. പൊലീസ് വാർത്തയിൽ വരുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമ്പോൾ ആണല്ലോ. പക്ഷെ നല്ലതു കാണുമ്പോഴും പറയണമല്ലോ. കൊലപാതകങ്ങളുടെ നിരക്ക് എടുത്തു നോക്കിയാൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കേരളത്തിൽ ആണ്, ഒരു ലക്ഷത്തിന് 0.9. ഇത് ഇന്ത്യയുടെ ശരാശരിയുടെ ഏതാണ്ട് മൂന്നിൽ ഒന്നാണ്. പക്ഷെ ഇക്കാര്യത്തിൽ നമ്മൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോട് മാത്രമല്ല കിടപിടിച്ചു നിൽക്കുന്നത്, കാനഡ ഒക്കെ പോലെ നമ്മൾ പൊതുവെ സമാധാനപരം എന്ന് കരുതുന്ന രാജ്യങ്ങളെക്കാൾ താഴെ ആണ് നമ്മുടെ മർഡർ റേറ്റ്. സ്വീഡൻ, നോർവേ, സ്വിറ്റസർലാൻഡ്, ജപ്പാൻ, സൗദി, യു എ ഈ ന്യൂസിലാൻഡ് തുടങ്ങി അപൂർവ്വം രാജ്യങ്ങളേ ഈ ഒരുലക്ഷത്തിന് ഒന്ന് എന്ന റേറ്റിലും താഴെ ഉള്ളൂ. ഇതിൽ തന്നെ പല രാജ്യങ്ങളിലും നമ്മുടെ അത്ര ജനസംഖ്യ ഒന്നുമില്ല. അപ്പോൾ ഇത് നമ്മുടെ പൊലീസിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടം ആണ്, നമുക്കും. എന്നാൽ ജിഷാവധക്കേസിനു ശേഷം മലയാളികളുടെയുള്ളിൽ പ്രബലമായിവരുന്ന ഒരു ചിന്തയാണ് കേരളത്
കേരളാ പൊലീസിനെ പറ്റി നല്ലതു പറയാൻ ഉള്ള അവസരം ഒന്നും സാധാരണ ഒത്തു വരാറില്ല. പൊലീസ് വാർത്തയിൽ വരുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമ്പോൾ ആണല്ലോ. പക്ഷെ നല്ലതു കാണുമ്പോഴും പറയണമല്ലോ. കൊലപാതകങ്ങളുടെ നിരക്ക് എടുത്തു നോക്കിയാൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കേരളത്തിൽ ആണ്, ഒരു ലക്ഷത്തിന് 0.9. ഇത് ഇന്ത്യയുടെ ശരാശരിയുടെ ഏതാണ്ട് മൂന്നിൽ ഒന്നാണ്. പക്ഷെ ഇക്കാര്യത്തിൽ നമ്മൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോട് മാത്രമല്ല കിടപിടിച്ചു നിൽക്കുന്നത്, കാനഡ ഒക്കെ പോലെ നമ്മൾ പൊതുവെ സമാധാനപരം എന്ന് കരുതുന്ന രാജ്യങ്ങളെക്കാൾ താഴെ ആണ് നമ്മുടെ മർഡർ റേറ്റ്. സ്വീഡൻ, നോർവേ, സ്വിറ്റസർലാൻഡ്, ജപ്പാൻ, സൗദി, യു എ ഈ ന്യൂസിലാൻഡ് തുടങ്ങി അപൂർവ്വം രാജ്യങ്ങളേ ഈ ഒരുലക്ഷത്തിന് ഒന്ന് എന്ന റേറ്റിലും താഴെ ഉള്ളൂ. ഇതിൽ തന്നെ പല രാജ്യങ്ങളിലും നമ്മുടെ അത്ര ജനസംഖ്യ ഒന്നുമില്ല. അപ്പോൾ ഇത് നമ്മുടെ പൊലീസിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടം ആണ്, നമുക്കും.
എന്നാൽ ജിഷാവധക്കേസിനു ശേഷം മലയാളികളുടെയുള്ളിൽ പ്രബലമായിവരുന്ന ഒരു ചിന്തയാണ് കേരളത്തിൽ കൊലപാതകങ്ങൾ ഒക്കെ കൂടി വരികയാണ്, മറുനാടൻതൊഴിലാളികളാണ് അതിനു പിന്നിൽ എന്നൊക്കെ. സ്വന്തം നാടുകളിൽ നിന്നും വലിയ കുറ്റങ്ങൾ ചെയ്തുകൊടും കുറ്റവാളികൾ കേരളത്തിലേക്ക് കടക്കുന്നുവെന്നും, ഇവിടെ കൊടുംകുറ്റങ്ങൾ ചെയ്ത് അവരുടെ നാട്ടിലേക്ക് മുങ്ങുന്നുവെന്നുമൊക്കെയാണ് പൊതുവിശ്വാസം. ഇതെന്നോട് കേരളത്തിൽ ഏറെപ്പേർ പറഞ്ഞു. പോരാത്തതിന് ഗൾഫിൽ വന്നപ്പോൾ അവരും പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ എല്ലാവരും അവരുടെ ചിന്തയും തോന്നലുകളും വച്ചാണ് അഭിപ്രായം പറയുന്നത്. പത്രത്തിലും ടി വി യിലും വരുന്ന വാർത്തകളിലും അഭിപ്രായങ്ങളിലും ചർച്ചകളിൽ നിന്നും ഒക്കെയാണ് ഇത്തരം ചിന്തകളും അഭിപ്രായങ്ങളും രൂപപ്പെടുന്നത്. ഇത് സത്യമാണോ എന്ന് പൊതുജനങ്ങൾ പോയിട്ട് മാദ്ധ്യമപ്രവർത്തകരോ അനലിസ്റ്റുകളോ പോലും നോക്കാറില്ല. പക്ഷെ ഈ ചിന്തകളിൽ നിന്നാണ് മറുനാട്ടുകാരോടുള്ള നമ്മുടെ പെരുമാറ്റം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ മറു നാട്ടുകാർ വന്നപ്പോൾ ഇവിടെ കൊലപാതകങ്ങൾ കൂടിയോ, അതോ കൊലപാതകങ്ങളിൽ അവർക്ക് എന്തുമാത്രം പങ്കുണ്ട് എന്നൊക്കെ അന്വേഷിച്ച് നോക്കേണ്ടതാണ്.
നമുക്കീ കൊടുംകുറ്റകൃത്യങ്ങളുടെ കാര്യമെടുക്കാം. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്കനുസരിച്ച് കേരളത്തിൽ 2015 - ൽ 334 കൊലപാതകങ്ങൾ നടന്നു. അതേ സമയം കേരളത്തിൽ കൊലപാതകങ്ങളുടെ എണ്ണം കഴിഞ്ഞ കുറേ വർഷങ്ങൾ ആയി കുറഞ്ഞുവരികയാണ് (രണ്ടായിരത്തി എട്ടു മുതൽ 362, 343, 363, 365, 374, 372, 367 എന്നിങ്ങനെ). ഇതൊരു വലിയ കുറവോ പാറ്റേർണോ അല്ലെങ്കിലും കേരളത്തിൽ മറുനാട്ടുകാരുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായ ഈ കാലത്തൊന്നും കൊലപാതകത്തിൽ വലിയ മാറ്റമില്ല എന്നത് വ്യക്തം.
ഇനി ആരാണീ മലയാളികളെ കൊല്ലുന്നതെന്നു നോക്കാം. കേരളത്തിലെ ജനസംഖ്യ മൂന്നുകോടി മുപ്പത് ലക്ഷമാണ്. അതിന്റെ മീതെ ഏതാണ്ട് മുപ്പതുലക്ഷം മറുനാട്ടുകാർ ഇവിടെ ജോലിചെയ്യുന്നുവെന്നാണ് ഏകദേശക്കണക്ക്. അപ്പോൾ മറുനാട്ടുകാർ മലയാളികളുടെ പത്തുശതമാനം വരും. മറുനാട്ടിൽ നിന്നുവരുന്നവരിൽ ശരാശരി നമ്മുടെയത്രയും കുറ്റവാളികളുണ്ടെങ്കിൽ നാട്ടിൽ നടക്കുന്ന കൊലപാതകത്തിന്റെ പത്തുശതമാനം അവരായിരിക്കണം ചെയ്യുന്നത്. അതായത് ഏകദേശം മുപ്പതെണ്ണം. എന്നാൽ വർഷത്തിൽ മുപ്പത് പോയിട്ട് പത്തു കൊലപാതകം പോലും മറുനാട്ടുകാർ കേരളത്തിലുണ്ടാക്കുന്നില്ല. തൽക്കാലം ആളോഹരി വച്ചുനോക്കിയാൽ മലയാളികളേക്കാൾ കുറവ് കൊലപാതകമേ മറുനാട്ടുകാർ നടത്തുന്നുള്ളു. മലയാളികളെ കൊല്ലുന്നത് മലയാളികൾ തന്നെയാണ്, അതിന് വെറുതെ മറുനാട്ടുകാരെ കുറ്റം പറയേണ്ട.
കണക്കിന്റെ ഈ കളി ഞാനൽപ്പം കൂടി ശരിയാക്കിത്തരാം. കേരളത്തിൽ മുപ്പത്തിമൂന്ന് കോടിയാളുകൾ ഉണ്ടെങ്കിലും അതിൽ കൊലപാതകം നടത്തുന്നത് ഭൂരിഭാഗവും ആണുങ്ങളാണ്. അതിൽത്തന്നെ ഇരുപതിനും അറുപതിനുമിടയിൽ പ്രായമുള്ളവർ. കേരളത്തിൽ എത്തുന്ന ഭൂരിഭാഗം മറുനാട്ടുകാരും ആണുങ്ങളും ഇരുപതിനും അറുപത്തിനും ഇടക്ക് പ്രായം ഉള്ളവരും ആണ്. അങ്ങനെ വരുന്‌പോൾ കേരളത്തിലെ ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള ആണുങ്ങളേക്കാൾ പത്തിലൊന്നിൽ പോലും കൊലയാളികൾ അല്ല മറുനാട്ടുകാർ എന്ന് വ്യക്തം. ഇവരെയാണ് നാം കൊടുംകുറ്റവാളികളായി മുദ്രകുത്തുന്നതും പേടിക്കുന്നതും. മാടമ്പള്ളിയിലെ യഥാർത്ഥ കൊലയാളി മലയാളി തന്നെയാണ്.
ദേ ഇനി മർഡർ അല്ല റേപ്പ്, അല്ലെങ്കിൽ ഡ്രഗ്‌സ് ഉപയോഗമാണ്. മറുനാട്ടുകാരുടെ പ്രധാന കുറ്റകൃത്യങ്ങൾ എന്നൊക്കെ പറഞ്ഞ് ഇതിന് കമന്റ് എഴുതാൻ വരുന്നതിനു മുൻപ് ആധികാരികമായ കണക്കും അതിൽ മറുനാട്ടുകാരുടെ പങ്കും ഒക്കെ കണ്ടുപിടിച്ചിട്ടു വരണം. കൊലപാതകത്തിന്റെ കണക്ക് ഞാൻ പഠിച്ചുപറഞ്ഞല്ലോ. അപ്പോൾ അൽപ്പം ഗൃഹപാഠമൊക്കെ ചെയ്തിട്ട് അഭിപ്രായം പറയാൻ വന്നാൽ മതി. അല്ലാതെ പത്രവാർത്തയും അന്തി ചർച്ചയും അടിസ്ഥാനമാക്കി അഭിപ്രായം പറയാൻ വന്നാൽ ഏറെ ആളുകളെ വെട്ടിനിരത്തിയിട്ടുള്ള ഒരു ഫേസ്‌ബുക്ക് കൊലയാളിയായ മലയാളിയോടാണ് കളി എന്നോർക്കണം. ഞാൻ അപ്പോഴേ വെട്ടി നിരത്തും.
(രണ്ടായിരത്തി പതിനേഴിൽ കേരളത്തിൽ കൊലചെയ്യപ്പെടാനുള്ള സാധ്യതയുടെ രണ്ടായിരം ശതമാനം അധികമാണ് ഒരു അപകടത്തിൽ പെട്ട് മരിക്കാനുള്ള സാധ്യത. ഇവിടെയാണ് ശരിക്കും നമ്മുടെ ശ്രദ്ധ പതിയേണ്ടത്)
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)