ന്യൂ ഡൽഹി: യുപിയിൽ സമാജ് വാദി പാർട്ടിയിൽ അച്ഛനും മകനും തമ്മിൽ പാർട്ടി ചിഹ്നത്തിനുവേണ്ടിയുള്ള കൊമ്പുകോർക്കലിൽ തീരുമാനമായില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ വിഷയം ഇന്ന് ചർച്ചചെയ്‌തെങ്കിലും ഇക്കാര്യത്തിൽ ഇരുകൂട്ടരുടേയും വാദംകേട്ട് കമ്മീഷൻ തീരുമാനമെടുക്കൽ തൽക്കാലം മാറ്റിവച്ചു. 

പാർട്ടി രൂപീകരിച്ച അച്ഛൻ മുലായംസിങ് തന്റേതാണ് സൈക്കിൾ ചിഹ്നമെന്നു വാദിക്കുമ്പോൾ മകൻ അഖിലേഷിന്റെയും കൂട്ടരുടേയും വാദം തങ്ങൾക്കാണ് പാർട്ടി ചിഹ്നത്തിൽ അവകാശമെന്നാണ്.

കുടുതൽ ജനനേതാക്കളുടെയും എംഎൽഎമാരും എംപിമാരും ഉൾപ്പെടെ ജന പ്രതിനിധികളുടേയും പിന്തുണ തങ്ങൾക്കാണെന്ന് അഖിലേഷ് വാദിക്കുന്നു. മാത്രമല്ല 90 ശതമാനം അണികളുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നും തങ്ങളുടേതാണ് യഥാർത്ഥ സമാജ് വാദി പാർട്ടിയെന്നുമാണ് അവരുടെ പക്ഷം. ഇതോടെ ഇരുകൂട്ടരുടേയും വാദംകേട്ട കമ്മീഷൻ തീരുമാനമെടുക്കൽ മാറ്റിവച്ചു.

നാല് മണിക്കൂറിലധികം ഇരു വിഭാഗത്തിന്റെയും അവകാശ വാദമുഖങ്ങൾ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ മുഴങ്ങി. മുലായം സിങ് യാദവും സഹോദരൻ ശിവ്പാൽ യാദവും ഒന്നിച്ചാണ് കമ്മീഷന് മുന്നിൽ ഹാജരായത്. എന്നാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് പകരം വിശ്വസ്തരായ രാം ഗോപാൽ യാദവും നരേഷ് അഗർവാളുമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മുന്നിൽ ഹാജരായത്.

ഫെബ്രുവരി 11ന് ആരംഭിക്കുന്ന യുപി തെരഞ്ഞെടുപ്പിന് പാർട്ടി ചിഹ്നമായ സൈക്കിൾ വേണമെന്നാണ് അഖിലേഷ് പക്ഷത്തിന്റേയും മുലായം പക്ഷത്തിന്റേയും ആവശ്യം. പാർട്ടി എംഎൽഎമാരുടെ പിന്തുണ ചൂണ്ടികാണിച്ചാണ് അഖിലേഷ് പക്ഷം അവകാശവാദം ഉന്നയിക്കുന്നത്. സമാജ്‌വാദി പാർട്ടി സ്ഥാപകനായ താനാണ് ഇപ്പോഴും പാർട്ടി അധ്യക്ഷനെന്നും സൈക്കിൾ തനിക്ക് അവകാശപ്പെട്ടതാമെന്നുമാണ് മുലായത്തിന്റെ വാദം.

പാർട്ടി പിളർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഒന്നിച്ച് നിൽക്കാനാണ് താൽപര്യമെന്നും പാർട്ടി കുലപതി കമ്മീഷന് മുമ്പാകെ ആവർത്തിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത ദിവസം തന്നെ കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും. ഉടനടി സൈക്കിൾ ഒരു പക്ഷത്തിന് അനുവദിക്കുന്നതിന് പകരം ഇരുകൂട്ടർക്കും വേറെ ചിഹ്നങ്ങൾ നൽകിയേക്കുമെന്നാണ് സൂചനകൾ. അങ്ങനെവന്നാൽ എതിർകക്ഷികളായ എസ്‌പിക്കും ബിജെപിക്കുമായിരിക്കും അതിന്റെ ഗുണം ലഭിക്കുകയെന്നാണ് വിലയിരുത്തലുകൾ.