- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ വൈറസിനെ നിസാരവൽക്കരിച്ചു; ആശുപത്രികളിലെ ജനക്കൂട്ടവും വാക്സിനേഷനിൽ ഉണ്ടായ കുറവും രോഗവ്യാപനത്തിന് കാരണം; ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നില്ല; രൂക്ഷവിമർശനവുമായി ലോകാരോഗ്യ സംഘടന
ജനീവ: അതിവേഗത്തിലുള്ള കോവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. വൈറസിനെ നിസാരമായി കണ്ടതാണ് ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് കാരണം. വലിയ ജനക്കൂട്ടം അനുവദിക്കുക, വളരെ കുറച്ച് പേർക്ക് മാത്രം വാക്സിനേഷൻ ലഭ്യമാക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം തുടങ്ങിയവ ഏത് രാജ്യത്തും സ്ഥിതിഗതികൾ വഷളാക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണം ജനങ്ങൾ കൂട്ടമായി ആശുപത്രികളിലേക്ക് എത്തുന്നതും വാക്സിനേഷനിൽ ഉണ്ടായ കുറവുമാണെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. രോഗവ്യാപനം കൂടിയതും കാര്യങ്ങൾ താളം തെറ്റിച്ചു.
ഹോം ക്വാറന്റെയ്നെപറ്റിയുള്ള അറിവില്ലായ്മ കാരണമാണ് ആളുകൾ കൂട്ടത്തോടെ ആശുപത്രിയിൽ എത്തുന്നത്. 15 ശതമാനത്തിൽ താഴെ കോവിഡ് ബാധിതർക്ക് മാത്രമേ ആശുപത്രിയിൽ പരിചരണം ആവശ്യമായി വരുന്നുള്ളു. ആശുപത്രികളിലെ തിരക്ക് രോഗ വ്യാപന സാധ്യത വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും 4,000 ഓക്സിജൻ കോൺസൻട്രേറ്റുകൾ അടക്കമുള്ളവയാണ് നൽകുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കൃത്യമായ ഉപദേശമോ വിവരങ്ങളോ ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ആളുകൾ കൂട്ടമായി ആശുപത്രികളിൽ എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരോട് വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും വിദഗ്ധ ചികിൽസ ലഭ്യമാക്കുകയാണ് ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള മാർഗം. ഹോട് ലൈൻ സംവിധാനം, ഡാഷ്ബോർഡുകൾ എന്നിവ ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് തൽസമയം വിവരങ്ങൾ ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്തത്. 2,51,827 പേർ രോഗമുക്തി നേടി. 2,771 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,97,894 ആയി.
മറുനാടന് മലയാളി ബ്യൂറോ