- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ മലയാളി ഇസ്ലാമിക വിരുദ്ധമാണോ? ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ മറുനാടന് ഫണ്ട് നൽകുന്നത് ആര്? മറുനാടൻ മലയാളിയെ മറുനാടൻ കൊലയാളി ആക്കുന്നവരോട് സ്നേഹപൂർവ്വം ചില കാര്യങ്ങൾ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ചില പോസ്റ്റുകളിലെ വില്ലൻ വേഷം മറുനാടൻ മലയാളിക്കാണ്. നിരപരാധികളായ മുസ്ലീമുകളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മാഫിയ സംഘത്തിന്റെ ഭാഗമാണ് മറുനാടൻ എന്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ചില പോസ്റ്റുകളിലെ വില്ലൻ വേഷം മറുനാടൻ മലയാളിക്കാണ്. നിരപരാധികളായ മുസ്ലീമുകളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മാഫിയ സംഘത്തിന്റെ ഭാഗമാണ് മറുനാടൻ എന്ന രീതിയിലാണ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. അതിന് ഉപോൽബലകമായി ഇവർ പ്രചരിപ്പിക്കുന്ന പ്രധാന കാര്യം തൃശ്ശൂരിൽ ഒരു ഏഴാം ക്ലാസ്സുകാരനെ ഡോക്ടറും ഭീകരവാദിയുമാക്കി ചിത്രീകരിച്ച് മറുനാടനിൽ വാർത്ത വന്നു എന്നതാണ്. ഇതിനെ തുടർന്നാണ് മറുനാടനിൽ വന്നിട്ടുള്ള ഇസ്ലാമിക വിരുദ്ധമെന്ന് വ്യാഖ്യാനിക്കാൻ സാധിക്കുന്ന പല വാർത്തകളും തെരഞ്ഞു പിടിച്ച് മറുനാടൻ കൊലയാളി ബഹിഷ്‌കരിക്കുക തുടങ്ങിയ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.
മറുനാടനെ ഏതെങ്കിലും ഒരു മതത്തിന്റെ ലേബലിൽ കെട്ടി വായനക്കാരെ ഇല്ലാതാക്കാൻ ചിലർ നാളുകളായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ കള്ളക്കഥകൾ എന്ന് മനസ്സിലാക്കാതെ അനേകം പേർ സത്യത്തിന്റെ ഒരു വശം മാത്രം മനസ്സിലാക്കി ഈ ദുഷ്പ്രചരണത്തിന്റെ ഭാഗഭാക്കുകളാകുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം നൽകേണ്ടി വരുന്നത്. മറുനാടന്റെ തുടക്കം മുതൽ ഇത്തരം ഒരു ശ്രമം ചിലർ നടത്തിയിരുന്നു. ഏതെങ്കിലും ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ താറടിച്ച് കാണിക്കുന്നത് ഞങ്ങളുടെ രീതി അല്ലാത്തതിനാൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ഇതിനെ ഒരു സംവാദമായി കണക്കിലെടുത്ത് വായനക്കാർക്ക് പ്രതികരിക്കാവുന്നതാണ്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനോ ഏതെങ്കിലും ഒരു മതത്തിന്റെ അടിയുറച്ച വിശ്വാസിയോ മറുനാടൻ മലയാളി വായിച്ചാൽ അത് അവരുടെ മതത്തിന് അല്ലെങ്കിൽ രാഷ്ട്രീയത്തിന് വിരുദ്ധമായി തോന്നും എന്നതാണ് മറുനാടൻ മലയാളിയുടെ ഏറ്റവും വലിയ പ്രത്യേകത. മറുനാടന്റെ നിലപാട് സത്യത്തോടൊപ്പം മാത്രമാണ്, മതത്തോടും രാഷ്ട്രീയത്തോടുമല്ല എന്ന് തിരിച്ചറിയണമെങ്കിൽ നിഷ്പക്ഷമായി ചിന്തിക്കാൻ കഴിയണം. മതത്തെ കുറിച്ചുള്ള ഏത് ചർച്ചകളും അപകടകാരികൾ ആണ് എന്ന് ചിന്തിച്ച് വെള്ള പൂശൽ വാർത്തകൾ മാത്രം നൽകി വരുന്ന കാലഘട്ടത്തിലാണ് മറുനാടന്റെ തുടക്കം. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥ സമൂഹത്തെയും വിമർശിക്കാനും അവരുടെ തെറ്റുകൾ റിപ്പോർട്ട് ചെയ്യാനും മാദ്ധ്യമങ്ങൾക്ക് അവകാശം ഉണ്ടെങ്കിൽ അതിൽ നിന്നു മതത്തെയും മതനേതൃത്വത്തെയും മാറ്റി നിർത്തേണ്ടന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായി സർവ്വ മതങ്ങളിലെയും കൊള്ളരുതായ്മകളും അഴിമതിയും ചൂണ്ടി കാട്ടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മതത്തെ വെള്ള പൂശാനോ ഏതെങ്കിലും ഒരു മതത്തെ കരിവാരി തേക്കാനോ ഞങ്ങൾ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല എന്ന് ആദ്യം മുതൽ ഇതു വായിക്കുന്നവർക്ക് മനസ്സിലാവും.
നിർഭാഗ്യവശാൽ ഏതെങ്കിലും ഒരു മതത്തിലോ രാഷ്ട്രീയ പാർട്ടിയിലോ അന്ധമായി വിശ്വസിക്കുന്നവർ അവർക്കെതിരെയുള്ള വിമർശനത്തെ ശത്രുതയോടെ കാണുകയും ആ വിശ്വാസത്തിന് വിരുദ്ധമാണ് മറുനാടൻ എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഒരു ദിവസം സംഘി എന്ന് ചിലർ വിളിച്ചാക്ഷേപിക്കുമ്പോൾ പിറ്റേ ദിവസം വേറൊരു കൂട്ടരെത്തി സുഡാപ്പി എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ഒരർത്ഥത്തിൽ ഇത്തരത്തിൽ ലഭ്യമായ എല്ലാ വിശേഷണങ്ങളും ഞങ്ങൾക്ക് ലഭിച്ച് കഴിഞ്ഞിരിക്കുന്നു. കടുത്ത സിപിഐ(എം) പത്രമാണ് എന്ന് പറയുന്ന കോൺഗ്രസ്സുകാരനെ പോലെയുള്ള വായനക്കാരെയും വിഷം പുരട്ടിയ സിപിഐ(എം) വിരുദ്ധ പത്രമാണ് എന്ന് ആക്ഷേപിക്കുന്ന സഖാക്കന്മാരെയും ധാരാളം മറുനാടനിൽ വച്ച് വായനക്കാർ കണ്ട് മുട്ടുന്നുണ്ട്. ഈ ആരോപണങ്ങൾ സജീവമാകുമ്പോൾ തന്നെ മോദിക്കും ബിജെപിക്കും വേണ്ടി ഓശാന പാടാൻ മോദി ബ്രിഗേഡുകൾ പണം കൊടുത്ത് ഇറക്കിയതാണ് മറുനാടൻ എന്ന് പ്രചരിപ്പിക്കുന്നവരും ഏറെയാണ്. കടുത്ത ക്രൈസ്തവ വിരുദ്ധ പത്രമാണ് മറുനാടൻ എന്ന് പറഞ്ഞ് പിണങ്ങി പോയ അനേകം വായനക്കാരുണ്ട്. ഇത്തരം ആരോപണങ്ങൾ എല്ലാം തന്നെ ദൈനംദിനം മറുനാടന്റെ കമന്റ് ബോക്‌സുകളിൽ പ്രത്യക്ഷപ്പെടുന്നു.
ഈ ആരോപണങ്ങൾ എല്ലാം നിഷ്പക്ഷതയ്ക്കുള്ള അംഗീകാരമായി കാണാനാണ് ഞങ്ങൾക്ക് താല്പര്യം. വിമർശനത്തിന് അതീതരായി ആരുമില്ല എന്ന ഉത്തമ ബോധ്യത്തോടൊപ്പം തൊട്ട് കൂടാത്തവരായും ആരുമില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നരേന്ദ്ര മോദിയും അരവിന്ദ് കേജ്രിവാളും ദേശീയ രാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകലും അവരുടെ വളർന്ന് വരുന്ന സ്വാധീനവും കേരളത്തിലെ മാദ്ധ്യമങ്ങൾ ആദ്യ കാലത്ത് കണ്ടില്ലെന്ന് നടിച്ചപ്പോൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്തത് തൊട്ടുകൂടായ്മ ആരോടും ഇല്ല എന്ന സമീപനത്തിന്റെ അടയാളമായിരുന്നു. രാഹുൽ ഗാന്ധിയും സോണി ഗാന്ധിയും കേരളത്തിൽ എത്തിയാൽ ഒന്നാം പേജിൽ മുഴുവൻ നിറയ്ക്കുന്ന മനോരമയെ പോലെയുള്ള പത്രങ്ങൾ മോദിയുടെ സന്ദർശനം ഒറ്റക്കോളത്തിൽ ഒതുക്കിയപ്പോൾ മറുനാടൻ വൻ പ്രാധാന്യം നൽകിയതിന്റെ കാരണവും ഇത് തന്നെയായിരുന്നു. എസ്ഡിപിഐ പ്രസിഡന്റിന്റെ അഭിമുഖവും എസ്ഡിപിയുടെ തെരഞ്ഞെടുപ്പ് വാർത്തകളും അർഹിക്കുന്ന പ്രാധാന്യത്തോടെ ഞങ്ങൾ പ്രസിദ്ധീകരിച്ചതും രാഷ്ട്രീയത്തിൽ തൊട്ടുകൂടാത്തവരായി ആരുമില്ല എന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ്.
അതുകൊണ്ട് തന്നെ ഞങ്ങൾക്കെതിരായുള്ള ആരോപണങ്ങളുടെ മുന സ്വയം ഒടിയുമെന്ന് വിശ്വസിച്ച് അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി മനഃപൂർവ്വം ക്രൈസ്തവ ഗൂഡാലോചന എന്ന ഒരു തിയറി ഉണ്ടാക്കി നുണ പ്രചരിപ്പിക്കാൻ ഫേസ് ബുക്കിൽ ഗണ്യമായ തോതിൽ ഇടപെടുന്ന ഒരു ക്രൈസ്തവ നാമധാരി തന്നെ രംഗത്തുള്ളത് കൊണ്ട് ചില മുസ്ലിം സഹോദരങ്ങൾ എങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് സമ്മതിക്കേണ്ടതിൽ ഖേദമുണ്ട്. മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നത് പോലെ ക്രൈസ്തവ വിരുദ്ധമായ വാർത്തകൾ മറ്റൊരു മാദ്ധ്യമവും പ്രസിദ്ധീകരിക്കുന്നില്ല എന്നതാണ് വാസ്തവം. തൊടുപുഴ ന്യൂമാൻ കോളേജ് സംഭവത്തിൽ ഞങ്ങൾ എടുത്ത നിലപാട് അറിയാത്ത ഏത് വായനക്കാരൻ ആണുള്ളത്. പോപ്പിനെ കുറിച്ച് ഇടയ്ക്കിടെ നല്ലത് എഴുതുന്നത് മാനദണ്ഡമാക്കിയും ഈ പത്രത്തിന്റെ എഡിറ്ററും എഡിറ്റർ ഇൻ ചാർജും ക്രൈസ്തവ നാമധാരികൾ ആണ് എന്നത് മുതലാക്കിയുമാണ് ഈ പ്രചരണം നടത്തുന്നത്. ക്രൈസ്തവ നാമധാരികൾ എന്നതിനപ്പുറം ഇരുവരും തികഞ്ഞ മതേതരവാദികൾ ആണ് എന്ന് ഇവരുടെ പ്രവർത്തനം അറിയാവുന്നവർക്കെല്ലാം അറിവുള്ളതാണ്. ഫ്രാൻസിസ് പാപാ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച മത ഭരണാധികാരിയാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെ തന്നെയാണ് ഞങ്ങൾ. സഭയിൽ ജീർണ്ണതകൾ ഇല്ലാതാക്കാൻ പോപ്പ് നടത്തുന്ന ശ്രമങ്ങൾക്ക് ഒരു മലയാള മാദ്ധ്യമം എന്ന നിലയിൽ പിന്തുണ കൊടുക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമേ ഉള്ളൂ. ഏത് മതത്തിൽ ആണെങ്കിലും ഇത്തരം വിപ്ലവങ്ങൾ സംഭവിച്ചാൽ അതിന് പിന്തുണ നൽകാൻ ഞങ്ങൾ ഉണ്ടാവുമെന്നും അറിയിക്കട്ടെ.
മറുനാടൻ മലയാളി എന്റെ താല്പര്യത്തിന് വിരുദ്ധമാണ് എന്ന് സ്ഥാപിക്കാൻ ഉറച്ച ഒരാൾക്ക് അതിന് ഉപോൽബലകമായ അനേകം വാർത്തകൾ കണ്ടെത്താൻ കഴിഞ്ഞേക്കും. മുസ്ലീമോ, ഹിന്ദുവോ, ക്രിസ്ത്യനോ, സിപിഎമ്മുകാരനോ കോൺഗ്രസ്സുകാരനോ ലീഗുകാരനോ ഒക്കെ ഇത്തരം അനേകം വാർത്തകൾ കണ്ടെത്താൻ എളുപ്പമാണ്. അത്തരം ഒരു ഗവേഷണവും അതിന്റെ അടിസ്ഥാനത്തിലുള്ള അർത്ഥമില്ലാത്ത പ്രചാരണവുമാണ് ഇപ്പോൾ നടക്കുന്നത്. തൃശ്ശൂരിലെ ഏഴാം ക്ലാസ്സുകാരന്റെ വാർത്ത എങ്ങനെ സംഭവിച്ചു എന്ന് ഞങ്ങൾ തന്നെ പ്രാധാന്യത്തോടെ വ്യക്തമാക്കിയതാണ്. മറ്റ് പത്രങ്ങളിൽ വന്ന മറുനാടന് തലേ ദിവസം പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്ന വാർത്തകൾ ആവശ്യമായ മറ്റങ്ങളോടെ പ്രസിദ്ധീകരിച്ച് കൊണ്ടാണ് മറുനാടന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഏതെങ്കിലും ഒരു പത്രം എക്‌സ്‌ക്ലൂസീവ് ആയി അച്ചടിച്ച വാർത്ത ആണെങ്കിൽ ആ പത്രത്തിന്റെ പേര് സൂചിപ്പിച്ച് നൽകാറുണ്ട്. ആ ഏഴാം ക്ലാസ്സുകരന്റെ വാർത്ത കേരള കൗമുദിയെ ഉദ്ധരിച്ചാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് തെറ്റാണ് എന്നു തിരിച്ചറിഞ്ഞപ്പോൾ അനേ്വഷണം നടത്തിയ ശേഷം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇങ്ങനെ സംഭവിക്കുന്നത് ആദ്യമല്ല. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ അതിന്റെ സത്യത്തെക്കുറിച്ച് മറച്ച് വയ്ക്കുമ്പോൾ സത്യം തിരിച്ചറിഞ്ഞാൽ അത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ കാട്ടുന്ന മര്യാദ പോലും അംഗീകരിക്കാതെയാണ് വിമർശകർ രംഗത്തിറങ്ങിയതെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വാർത്ത ആദ്യം പ്രക്ഷേപണം ചെയ്ത ചാനലുകളും പ്രസിദ്ധീകരിച്ച പത്രങ്ങളും പിന്നീട് മൗനം പാലിച്ചപ്പോൾ തെറ്റ് സമ്മതിച്ച് തിരുത്തിയതാണോ ഞങ്ങൾ ചെയ്ത കുറ്റം?
ഈ ചർച്ചകളുടെ ഭാഗമായി അനേകം മുസ്ലിം വിരുദ്ധ വാർത്തകൾ ചിലർ കണ്ടെത്തിയിട്ടുണ്ട്. ഇറാനിലെ കിഷ്ദ്വീപുമായി ബന്ധപ്പെട്ട ഒരു വാർത്തയ്യാണ് ഇക്കൂട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. രഹസ്യാനേ്വഷണ ഏജൻസികളെ ഉദ്ധരിച്ച് കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ച വാർത്ത തന്നെയാണ് ഇത്. അല്ലാതെ മറുനാടൻ മലയാളി സ്വന്തമായി കണ്ടെത്തിയതല്ല. ആ വാർത്തയുടെ പേരിലുള്ള വിചാരണയ്ക്ക് ഞങ്ങളെ മാത്രമായി വിധേയമാക്കുന്നതിൽ ചാഞ്ഞിടത്ത് ഓടിക്കയറാം എന്ന സൗകര്യമാവും പലരും കാണുന്നത്. വായനക്കാരുടെ പ്രതിഷേധത്തെ വിലവയ്ക്കുന്നതിനാൽ ആ വാർത്ത ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അതിനിടയിലാണ് സെക്‌സ് ജിഹാദ് എന്നൊരു പ്രയോഗത്തിന്റെ പേരിൽ മറുനാടനെ ആക്ഷേപിച്ച ചിലർ രംഗത്തിറങ്ങിയത്. കേരളത്തിൽ ഒരു കൂട്ടം ആളുകൾ ലൗ ജിഹാദ് എന്ന് പ്രചരിപ്പിക്കുമ്പോൾ പാശ്ചാത്യ ലോകം സെക്‌സ് ജിഹാദ് എന്ന് പ്രചരിപ്പിക്കുന്നു എന്ന് ആക്ഷേപിച്ചുകൊണ്ടാണ് വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ വാർത്തയുടെ തലക്കെട്ട് മാത്രം വായിച്ച് വാളും പരിചയുമായി ഇറങ്ങിയവരാണ് ഇത്തരം ദുഷ്പ്രചരണങ്ങൾക്ക് കുട പിടിക്കുന്നത്. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾ വ്യാജമായി ചിലർ നിർമ്മിച്ചതാണ് എന്ന് ശക്തമായ രീതിയിൽ വാർത്തകളിലൂടെ പ്രചരിപ്പിച്ചവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ട് എന്ന കാര്യം മറന്നാണ് ഇത്തരക്കാർ കുറ്റാരോപണം നടത്തുന്നത്.
മറുനാടനെ ഇസ്ലാം വിരുദ്ധമാക്കാൻ ശ്രമിക്കുന്നത് ചില ആളുകളുടെ രഹസ്യ അജണ്ടകളുടെ ഭാഗമാണ്. അവർ അതിന് ബുദ്ധിജീവികളുടെയും മുസ്ലിം നാമധാരികളുടെയും വേഷം വരെ കെട്ടുന്നുണ്ട്. അവരുടെ അജണ്ട വലിയൊരു വിഭാഗം വായനക്കാരെ മറുനാടനിൽ നിന്നും അകറ്റുക എന്നത് മാത്രമാണ്. ഈ കെണിയിൽ ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാർ ആരും വീണുപോകില്ല എന്ന് വിശ്വസിക്കട്ടെ. ഇത്തരം കുപ്രചരണങ്ങളെ ചെറുത്ത് തോല്പിക്കാനും നിഷ്പക്ഷമായ മാദ്ധ്യമ പ്രവർത്തനം നടത്താനുള്ള ഞങ്ങളുടെ ദൃഢ നിശ്ചയത്തെ പിന്തുണയ്ക്കാനും വായനക്കാർ പ്രതിരോധം തീർത്ത് രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുകയാണ്. പക്ഷം ചേർത്തും മായം കലർത്തിയും മാത്രം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾക്കുള്ള താക്കീത് കൂടിയാണ് ഞങ്ങളുടെ പത്രപ്രവർത്തനം. പുതിയ ജീവനക്കാരും കടുത്ത നിലപാടുകളുമായി മുമ്പോട്ട് പൊയ്‌ക്കോണ്ടിരിക്കുമ്പോൾ വായനക്കാരുടെ പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വിഷയത്തിൽ നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന കമന്റ് ബോക്‌സിൽ അഭിപ്രായം രേഖപ്പെടുത്തുമല്ലോ - എഡിറ്റർ