അൻവർ ജിറ്റോ... ഫേസ്‌ബുക്കിൽ ഇന്ന് എല്ലാവരും ചർച്ച ചെയ്യുന്നത് ഈ പേരാണ്. ശരിക്കും ഈ ഹാക്കർ ആരാണെന്നുള്ള അന്വേഷണമാണ് സൈബർ ലോകത്ത് നടക്കുന്നത്. അൻവർ ജിറ്റോ എന്ന പേരിൽ ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ സ്വീകരിക്കരുതെന്നും ഇയാൾ ഒരു ഫേസ്‌ബുക്ക് ഹാക്കറാണെന്നുമാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങൾ പറയുന്നത്. ഈ റിക്വസ്റ്റ് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആര് സ്വീകരിച്ചാലും നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ ശരിക്കും ഇത്തരത്തിൽ പ്രചരിക്കുന്ന മെസേജുകൾ വ്യാജമാണെന്നാണ് റിപ്പോർട്ട്.

അതേസമയം ഇപ്പോൾ പ്രചരിക്കുന്ന മെസേജിന് പിന്നിൽ യാതൊരു ആധികാരികതയും ഇല്ലെന്നാണ് സൈബർ സുരക്ഷാ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന്റെ പേരിൽ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് ഇവർ പറയുന്നത്. മാത്രവുമല്ല അങ്ങനെയൊരു സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ ഇതിനോടകം തന്നെ ഫേസ്‌ബുക്ക് അധികൃതർ ഈ അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ടാകുമെന്നും ഇവർ പറയുന്നു. ഇതിന് മുമ്പും ഇത്തരത്തിൽ ചില ഫേസ്‌ബുക്ക് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് കാട്ടിയുള്ള മെസേജുകൾ പ്രചരിച്ചിട്ടുണ്ട്.

എന്നാൽ ഫേസ്‌ബുക്കിൽ അപരിചിതരായ ആളുകളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പക്ഷേ അത് ഇപ്പോൾ പ്രചരിക്കുന്ന മെസേജിൽ പറഞ്ഞത് പോലെയായിരിക്കില്ല. നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ അപരിചതർക്ക് അവസരമുണ്ടാകും എന്നതാണ് ഭീഷണി.

എന്നാൽ ഇതിനെ പ്രതിരോധിക്കാൻ അടുത്തിടെ പ്രൊഫൈൽ പിക്ചർ ഗാർഡ് പോലുള്ള ചില സുരക്ഷാ സംവിധാനങ്ങൾ ഫേസ്‌ബുക്ക് നടപ്പാക്കുകയും ചെയ്തിരുന്നു. അതകൊണ്ടുതന്നെ അൻവർ ജിറ്റോ ഒരു കടലാസുപുലി ആകാനാണ് സാധ്യത.