- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ റിസോർട്ടുകളും പാറമടകളും ഗ്രാൻഡീസ് മരവ്യവസായ കൃഷിയും നടത്തുന്നത് ആരാണ്? എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും വന്നവർ ഇടുക്കിയെ കൊള്ളയടിക്കുമ്പോൾ ഗവൺമെന്റും മറ്റു ജില്ലക്കാരും അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്; മൂന്നാർ ഇടുക്കിയുടെ പ്രവേശനകവാടമല്ല; വസ്തുതകൾ വെട്ടിത്തുറന്ന് പറഞ്ഞ് ജിജോ കുര്യൻ എഴുതുന്നു
മൂന്നാറിന്റെ മലമുകളിൽ ജെസിബിയുമായി പൊളിച്ചടുക്കാൻ എത്തും മുൻപ് ഗവണ്മെന്റും രാഷ്ട്രീയപ്പാർട്ടികളും പൊതുജനവും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരു ഇടുക്കിയുണ്ട്. മലകൾക്കും കാടുകൾക്കും അവയുടെ മനുഷ്യക്കയ്യേറ്റത്തിനും അപ്പുറം ഇടുക്കിയുടെ ജനകീയപ്രശ്നത്തെ പുറമേക്കാർക്ക് കാര്യമായി അറിയില്ല എന്നതാണ് സത്യം. ആ പ്രശ്നത്തെ മറകളില്ലാതെ സംബോധന ചെയ്താൽ മാത്രമേ ഇടുക്കിയുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകൂ. അതുകൊണ്ടാണ് പറയുന്നത് മൂന്നാർ ഇടുക്കിയുടെ പ്രവേശനകവാടമല്ലായെന്ന്. മൂന്നാറിലേയ്ക്കുള്ള വഴികൾ ഇടുക്കിക്ക് നെടുകെയും കുറുകെയുമാണ്. മൂന്നാറിലൂടെ ഇടുക്കിയിൽ കയറാം എന്ന് കരുതുന്ന രാഷ്ട്രീയത്തിനും ഗവണ്മെന്റ് വകുപ്പുകൾക്കും പൊതുപ്രവർത്തകർക്കും പരിസ്ഥിതിവാദികൾക്കും നിശ്ചമായും കാലിടറും. ഇടുക്കിയിലെ ജനതയെ ഇനിയെങ്കിലും പുറമേക്കാർ വിശ്വാസത്തിൽ എടുത്തേ മതിയാകൂ. ഇടുക്കി ജനതയെക്കുറിച്ച് അന്യജില്ലക്കാർ പൊതുവിൽ വെച്ചുപുലർത്തുന്ന ചിന്താഗതി ഇങ്ങനെയാണ്: ഇടുക്കിക്കാർ മുഴുവൻ വനംകയ്യേറ്റക്കാരാണ്. അവർക്ക് ഇടുക്കിയെ സംരക്ഷിക്
മൂന്നാറിന്റെ മലമുകളിൽ ജെസിബിയുമായി പൊളിച്ചടുക്കാൻ എത്തും മുൻപ് ഗവണ്മെന്റും രാഷ്ട്രീയപ്പാർട്ടികളും പൊതുജനവും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരു ഇടുക്കിയുണ്ട്. മലകൾക്കും കാടുകൾക്കും അവയുടെ മനുഷ്യക്കയ്യേറ്റത്തിനും അപ്പുറം ഇടുക്കിയുടെ ജനകീയപ്രശ്നത്തെ പുറമേക്കാർക്ക് കാര്യമായി അറിയില്ല എന്നതാണ് സത്യം. ആ പ്രശ്നത്തെ മറകളില്ലാതെ സംബോധന ചെയ്താൽ മാത്രമേ ഇടുക്കിയുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകൂ.
അതുകൊണ്ടാണ് പറയുന്നത് മൂന്നാർ ഇടുക്കിയുടെ പ്രവേശനകവാടമല്ലായെന്ന്. മൂന്നാറിലേയ്ക്കുള്ള വഴികൾ ഇടുക്കിക്ക് നെടുകെയും കുറുകെയുമാണ്. മൂന്നാറിലൂടെ ഇടുക്കിയിൽ കയറാം എന്ന് കരുതുന്ന രാഷ്ട്രീയത്തിനും ഗവണ്മെന്റ് വകുപ്പുകൾക്കും പൊതുപ്രവർത്തകർക്കും പരിസ്ഥിതിവാദികൾക്കും നിശ്ചമായും കാലിടറും. ഇടുക്കിയിലെ ജനതയെ ഇനിയെങ്കിലും പുറമേക്കാർ വിശ്വാസത്തിൽ എടുത്തേ മതിയാകൂ.
ഇടുക്കി ജനതയെക്കുറിച്ച് അന്യജില്ലക്കാർ പൊതുവിൽ വെച്ചുപുലർത്തുന്ന ചിന്താഗതി ഇങ്ങനെയാണ്: ഇടുക്കിക്കാർ മുഴുവൻ വനംകയ്യേറ്റക്കാരാണ്. അവർക്ക് ഇടുക്കിയെ സംരക്ഷിക്കാൻ യാതൊരു താത്പര്യവുമില്ല. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറഞ്ഞാൽ മനസിലാക്കാൻ മാത്രം ബോധവും വിവരവും ഇല്ലാത്ത ഒരു ജനതയാണ് അവിടെയുള്ളത്. അതുകൊണ്ട് നമ്മൾ മുൻകൈയെടുത്ത് ഇറങ്ങിയാലേ ഇടുക്കിയുടെ സംരക്ഷണം ഇനി സാധ്യമാകൂ. അവരോട് ഇത്രയും ഉത്തരം പറഞ്ഞിട്ട് കാര്യങ്ങളിലേയ്ക്ക് കടക്കാം.
1) ഇടുക്കിക്കാർ മുഴുവൻ വനംകയ്യേറിയവരാണ് എന്നത് സത്യം. അത് അവർ മാത്രമല്ല പശ്ചിമഘട്ട മേഖലകളിലുള്ള കേരളത്തിലെ എല്ലാ ജില്ലകളുടേയും കിഴക്കൻ വനങ്ങൾ കഴിഞ്ഞ രണ്ടുനൂറ്റാണ്ടിൽ ജനങ്ങൾ കയ്യേറി വെട്ടിത്തെളിച്ച് കൃഷിയും പാർപ്പും തുടങ്ങിയതാണ്. അവരൊന്നും അഭിമുഖീകരിക്കാത്ത ചില പ്രശ്നങ്ങൾ ഇന്ന് ഇടുക്കിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അത് നിങ്ങൾ മനസ്സിലാക്കിയേ മതിയാകൂ.
2) ഇടുക്കിയെ നിങ്ങൾ പറയുന്ന രീതിയിൽ സംരക്ഷിക്കാൻ പ്രധാനമായും കർഷക ജനതയായ ഇടുക്കിക്കാർക്ക് താത്പര്യമില്ല. കാരണം ഇടുക്കിജനത ഏതാണ്ട് പൂർണ്ണമായി തന്നെ കർഷക ജനതയാണ്. ഒരു കർഷകജനത എന്ന നിലയിൽ ഇടുക്കിക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് സമതലത്തിൽ താമസിക്കുന്നവർ ഇതുവരെ ഗൗരവമായി അന്വേഷിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ല.
3) നിങ്ങൾ പറയുന്ന ബോധവും വിവരവും ഇന്നും വൈദ്യുതിപോലും കിട്ടാതെ വനത്തിലും ഉൾനാടൻ ഗ്രാമത്തിലും താമസിക്കുന്ന ജനതയ്ക്ക് ഉണ്ടാകണമെന്ന് പറഞ്ഞാൽ അത്ര എളുപ്പമല്ല. ഇന്ന് നാൽപ്പത് പിന്നിട്ട ഇടുക്കിക്കാരിൽ നല്ല വിദ്യാഭ്യാസം കിട്ടിയവർ തുലോംതുച്ഛമാണ്. അവർ ജീവിച്ചുവളർന്ന സാഹചര്യങ്ങൾ അപ്രകാരമാണ്. ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ജില്ലകളിൽ ഏറ്റവും അരക്ഷിതരായ ജനം അധിവസിക്കുന്ന സ്ഥലമാണ് ഇടുക്കി.
അതുകൊണ്ട് പുറംജില്ലക്കാരായ തീവ്ര പരിസ്ഥിതി പ്രവർത്തകരും ഉദ്യോഗത്തിന്റെ സുരക്ഷിത കസേരകളിൽ ഇരിക്കുന്നവരും ജനപക്ഷത്തുനിന്ന് പ്രശ്നങ്ങൾ പഠിക്കാത്ത രാഷ്ട്രീയക്കാരും ഇടുക്കിയെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ മറക്കുന്ന ചില കാര്യങ്ങൾ ഉണ്ട്:
1. ഒരു പ്രദേശത്തിന്റെ പരിസ്ഥിതിസംരക്ഷണം പ്രാഥമികമായി നിർവ്വഹിക്കേണ്ടത് അവിടെ അധിവസിക്കുന്ന ജനതയാണ്. അതാണ് വികേന്ദ്രീകൃത-ജനാധിപത്യത്തിന്റെ ആദ്യത്തെ പരിസ്ഥിതിപാഠം.
2. ഒരു ജനതയെ മുഴുവൻ വിശ്വാസത്തിൽ എടുക്കാതെ അവർ മുഴുവൻ കയ്യേറ്റക്കാർ ആണെന്ന ധാരണയിൽ പുറമേനിന്ന് നടത്തുന്ന ആരോപണങ്ങൾ മുഴുവൻ ക്രിയാത്മകമാകണമെന്നില്ല.
3. ഇടുക്കിയിൽ റിസോർട്ടുകളും പാറമടകളും ഗ്രാൻഡീസ് മരവ്യവസായകൃഷിയും നടത്തുന്ന നൂറുകണക്കിന് വരുന്ന മാഫിയകളുടെ ലിസ്റ്റ് എടുത്തുകഴിഞ്ഞാൽ അതിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇടുക്കിക്കാർ. ശേഷം വരുന്നവർ മുഴുവൻ ഇടുക്കിക്ക് പുറത്തുനിന്ന് (പ്രധാനമായും എറണാകുളം തിരുവനന്തപുരം) ഉള്ളവരാണ് എന്ന വൈരുദ്ധ്യമാണ് ഇടുക്കിക്കാരെ ഇത്രയേറെ പ്രകോപിതരാകുന്നത്.
4. മതനേതൃത്വത്തിന് നല്ല വേരോട്ടം ഉള്ള മണ്ണാണ് ഇടുക്കിയുടേത്. ഇടുക്കിയുടെ ഭൂമി-പരിസ്ഥിതി വിഷയത്തിൽ മതം കൈകടത്താതിരിക്കാനായി രാഷ്ട്രീയ-സാസ്കാരിക നേതൃത്വം മുൻകരുതലുകൾ സ്വീകരിച്ചില്ല എന്നുമാത്രമല്ല, മതത്തെ കൂട്ടുപിടിച്ചാണ് ഇടുക്കിയിൽ കാലങ്ങളായി എല്ലാ പാർട്ടികളും രാഷ്ട്രീയം കളിച്ചത്.
ഇടുക്കിയുടെ പ്രശ്നങ്ങൾ ഇനിയും മൂടിവെക്കേണ്ടവയല്ല. സത്യം പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും അറിയണം. അതിൽ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഉണ്ട്, പ്രകൃതിയുടെ നിലനിൽപ്പിന്റെ അടിയന്തിരാവശ്യമുണ്ട്, വനം-സർക്കാർ ഭൂമിയുടെ കയ്യേറ്റത്തിന്റെ കരിപുരണ്ട മാഫിയാക്കഥയുണ്ട്. ഇടുക്കിയിൽ നെല്ലുംപതിരും തിരിക്കണമെങ്കിൽ ഇടുക്കിയുടെ ഭൂമിപ്രശ്നത്തെ വിശാലമായി ജനപക്ഷത്തുനിന്ന് പഠിച്ചേമതിയാകൂ. മൂന്നാറിന് മാത്രമായി ഇവിടെ ഒരു ചികിത്സയില്ല. ഇടുക്കിയുടെ രോഗം തേടിയുള്ള അന്വേഷണമാണ് വരും ഖണ്ഡങ്ങളിൽ.
നാളെ: ഇടുക്കിയുടെ വിമോചനം തുടങ്ങേണ്ടത് എവിടെനിന്ന്?