- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശ്രീലങ്കൻ സ്ഫോടനത്തിലെ അദൃശ്യസാന്നിദ്ധ്യം ഡി.ജെ സജങ്ക എന്തിന് കേരളത്തിൽ; ഇരുട്ടിൽ തപ്പി രഹസ്യാന്വേഷണ ഏജൻസികൾ; രഹസ്യ റെയ്ഡ് തീരുമാനം എങ്ങനെ ചോർന്നു എന്നതിനും ഉത്തരമില്ല; അന്വേഷണ ഏജൻസികൾക്കുള്ളിൽ അന്താരാഷ്ട്ര ഭീകര സംഘടനകൾക്ക് ചാരന്മാരോ?
ഇന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളാകെ തല പുകയ്ക്കുന്നത് ഡി.ജെ സജങ്ക എന്ന പേരിനെ ചൊല്ലിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനിടയിൽ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കു വിദേശത്തുനിന്നു രാസലഹരിമരുന്നുകൾ വൻതോതിൽ എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റിവ്, എക്സൈസ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിവർ സംയുക്തമായി ഹോട്ടലുകളിൽ റെയ്ഡുകൾക്കു പദ്ധതിയിട്ടിരുന്നു. നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടത്. എന്നാൽ ഏപ്രിൽ 11 ന് രാത്രി ഫോർട്ട് കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ ഡി.ജെ നടത്താൻ നിശ്ചയിച്ചു ടിക്കറ്റുകൾ വിറ്റഴിച്ച ഡി.ജെ സജങ്ക റെയ്ഡ് വിവരം മണത്തറിഞ്ഞ്് പാർട്ടി പൊടുന്നനെ ഉപേക്ഷിച്ചു മുങ്ങിയതാണ് സംശയത്തിന് വഴിവച്ചത്. ഫോർട്ട് കൊച്ചിയിലെ പരിപാടി ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ നടത്താനിരുന്ന ഡിജെ പാർട്ടികളും ഉപേക്ഷിച്ചാണു കിടന്നിടത്തു പൂടപോലും ശേഷിപ്പിക്കാതെ സജങ്ക ഇന്ത്യവിട്ടു പോയത്.
ആരാണ് ഡി.ജെ സജങ്ക എന്നോ എന്തിനാണ് അയാൾ മുങ്ങിയതെന്നോ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഡി.ജെ സജങ്ക എന്നറിയപ്പെടുന്നത് ഒരു വ്യക്തി മാത്രമാണോ? അല്ലെങ്കിൽ ഒരു സംഘമോ? ഇസ്രയേൽ സ്വദേശിയെന്നാണു പറയുന്നതെങ്കിലും ഇയാൾക്കു പിന്നിലുള്ള യഥാർഥ്യം എന്താണ്? രഹസ്യമായി നടത്തിയ റെയ്ഡ് നീക്കങ്ങൾ ഇയാൾ മാത്രം അറിഞ്ഞതെങ്ങനെ? ഇങ്ങനെ നൂറായിരം ചോദ്യങ്ങൾക്ക് മുന്നിൽ ഇരുട്ടിൽ തപ്പുകയാണ് റോ അടക്കമുള്ള കേന്ദ്രഏജൻസികൾ.
സജങ്ക ഡിജെ പാർട്ടിയുടെ മറവിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന ഏതെങ്കിലും ഡീലർ ആയിരിക്കാമെന്ന വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 2019 ഏപ്രിൽ 21 ന് ശ്രീലങ്കയിലെ കൊളൊംബോയിൽ നടന്ന സ്ഫോടനത്തിൽ ഡി.ജെ സജങ്കയുടെ അദൃശ്യസാന്നിദ്ധ്യം അന്താരാഷ്ട്ര ഏജൻസികൾ സംശയിക്കുന്നുണ്ട്. അന്ന് കൊളംബോയിലെ 3 പള്ളികളും 3 ആഡംബര ഹോട്ടലുകളും അടക്കം 8 ഇടങ്ങളിലാണു സ്ഫോടനം നടന്നത്. ഇതിൽ ആഡംബര ഹോട്ടലുകളുടെ ഡിസ്പ്ലേ ബോർഡിൽ സജങ്കയുടെ ഡിജെ പാർട്ടികളുടെ പോസ്റ്റർ പതിച്ചിരുന്നത് അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഈ പാർട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ബോംബു സ്ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, സിയോൺ പള്ളികളുടെ അതേ ടവർ ലൊക്കേഷനുകളിൽ അന്വേഷണ സംഘം പിന്നീടു തിരിച്ചറിയുകയും ചെയ്തു. സ്ഫോടനം നടന്ന ഈസ്റ്റർ ഞായറാഴ്ചയ്ക്കു ശേഷം ഈ ഫോണുകളെല്ലാം നിർജീവമാണ്.
ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു രണ്ടു വയസ്സു തികയുന്ന വേളയിൽത്തന്നെ സജങ്ക ഇന്ത്യയിലേക്കെത്തിയതും ഏജൻസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ട് വർഷങ്ങൾക്ക് ശേഷം അതേ ഏപ്രിലിൽ സജങ്കയുടെ ഇന്ത്യയിലെ സാന്നിധ്യത്തിനു പിന്നിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോയെന്നാണു രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. ലഹരി റെയ്ഡിന്റെ വിവരം ചോർന്നു കിട്ടിയതാണ് ഏപ്രിൽ 11ലെ ഇവരുടെ ഫോർട്ട് കൊച്ചിയിലെ ഡിജെ പാർട്ടി ഉപേക്ഷിക്കാൻ കാരണമെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. അതീവരഹസ്യമായി നടത്തിയ റെയ്ഡ് നീക്കം സജങ്കയ്ക്കു മാത്രം ചോർന്നു കിട്ടിയതാണ് കേന്ദ്ര ഏജൻസികളെ അലോസരപ്പെടുത്തുന്നത്. കേരളത്തിലെ ഏജൻസികളിൽ ദേശവിരുദ്ധ ശക്തികളുടെ ചാരന്മാർ കടന്നുകൂടാനോ ഉദ്യോഗസ്ഥരെ വിലയ്ക്കെടുക്കാനോ ഉള്ള സാധ്യതയും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
ശ്രീലങ്കൻ സ്ഫോടനത്തിൽ ചാവേറുകളായ 9 പേരിൽ ചിലർക്കു രാജ്യാന്തര ലഹരികടത്തു സംഘങ്ങളുമായുള്ള ബന്ധം എൻഐഎ തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട മുഖ്യസൂത്രധാരൻ സഹ്റാൻ ഹാഷിം തമിഴ്നാട്ടിലും ബെംഗളൂരുവിലും കേരളത്തിലും വ്യാജപ്പേരിൽ എത്തിയെന്ന വിവരവും കേന്ദ്ര ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ