- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആരാണ് ജെ പി നദ്ദ, അദ്ദേഹം എന്റെ പ്രൊഫസറാണോ?' തന്നോട് ചോദ്യങ്ങൾ ചോദിച്ച ബിജെപി അധ്യക്ഷനെ പരിഹസിച്ച് രാഹുൽ ഗാന്ധി; താൻ രാജ്യത്തിന് ഉത്തരം നൽകുമെന്നും കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: തന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരാണ് ജെ പി നദ്ദയെന്ന മറുചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "അദ്ദേഹം ആരാണ്, ഞാൻ എന്തുകൊണ്ട് അദ്ദേഹത്തിന് ഉത്തരം നൽകണം?" മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. "ഞാൻ ഉത്തരം നൽകാൻ അദ്ദേഹം ആരാണ്? അദ്ദേഹം എന്റെ പ്രൊഫസറാണോ? ഞാൻ രാജ്യത്തിന് ഉത്തരം നൽകും."- രാഹുൽ ഗാന്ധി പറഞ്ഞു.
അരുണാചൽപ്രദേശിൽ ചൈന കടന്നുകയറി ഗ്രാമം നിർമ്മിച്ച വാർത്ത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സർക്കാറിനെതിരെ രംഗത്തെത്തിയപ്പോഴാണ് ജെപി നദ്ദ പ്രതികരണവുമായി എത്തിയത്. അവധിക്കാലം കഴിഞ്ഞെത്തിയ രാഹുൽ ഗാന്ധിയോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നായിരുന്നു നദ്ദയുടെ പരാമർശം. 'ചൈനയെ സംബന്ധിച്ച പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും അസത്യം പറയുന്നത് എപ്പോൾ അവസാനിപ്പിക്കും. രാഹുൽഗാന്ധി പരാമർശിക്കുന്ന അരുണാചൽ പ്രദേശ് ഉൾപ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ ചൈനക്കാർക്ക് നെഹ്റു അല്ലാതെ മറ്റാരും സമ്മാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് നിഷേധിക്കാമോ. എന്തുകൊണ്ടാണ് കോൺഗ്രസ് ചൈനയ്ക്ക് കീഴടങ്ങുന്നത്' -എന്നായിരുന്നു നദ്ദയുടെ ട്വീറ്റ്. കർഷകരെയും രാഹുൽ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്നും നദ്ദ ആരോപിച്ചു.
നേരത്തേ, കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൽ പിൻവലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തിന്റെ കാർഷിക മേഖലയെ തകർക്കാൻ രൂപീകരിച്ചവയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് 'ഖേതി കാ ഖൂൻ' എന്ന ലഘുപുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത കർഷകരുടെ ദുരിതാവസ്ഥ പരാമർശിക്കുന്ന പുസ്തകമാണ് 'ഖേതി കാ ഖൂൻ'.
കേന്ദ്രം കാർഷിക നിയമങ്ങളെ കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഒരു ദുരന്തം ചുരുളഴിഞ്ഞു കൊണ്ടിരിക്കുകയാണെന്നും കർഷക പ്രതിഷേധത്തെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പോരാട്ടം കർഷകർക്കു വേണ്ടി മാത്രമുള്ളതല്ലെന്നും രാജ്യത്തിന്റെ ഭാവിയായ യുവാക്കൾക്കു കൂടിയുള്ളതാണെന്നും രാഹുൽ പറഞ്ഞു.
രാജ്യത്ത് ഒരു ദുരന്തം ചുരുളഴിഞ്ഞു കൊണ്ടിരിക്കുകയാണ്. സർക്കാർ വിഷയത്തെ അവഗണിക്കാനും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ദുരന്തത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ കർഷകർക്കു വേണ്ടി മാത്രമല്ല താൻ സംസാരിക്കുന്നത്. ഇത് യുവാക്കൾക്കും പ്രധാനപ്പെട്ടതാണ്. ഇത് ഇന്നിനെ കുറിച്ചുള്ളതല്ല, നിങ്ങളുടെ ഭാവിയെ കുറിച്ചുള്ളതാണ്- രാഹുൽ പറഞ്ഞു.
താൻ കർഷകരെ പിന്തുണയ്ക്കുന്നു. നമുക്കു വേണ്ടി പോരാടുന്നതിനാൽ ഒരോരുത്തരും കർഷകരെ പിന്തുണയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ഒരേയൊരു പരിഹാരം മാത്രമാണ് വിഷയത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള 10-ാം വട്ട ചർച്ച നാളത്തേക്ക് മാറ്റി. ഇന്ന് 12 മണിക്ക് വിജ്ഞാൻ ഭവനിലായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ചർച്ച ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹി അതിർത്തികളിൽ റാലി നടത്തുന്നതടക്കം സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടന നേതാക്കളുടെ തീരുമാനം. ഈ സാഹചര്യത്തിൽ നാളത്തെ ചർച്ചയിലും സമവായത്തിലെത്തനുള്ള സാധ്യത കുറവാണ്.
മറുനാടന് ഡെസ്ക്