തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ ഒന്നാമൻ മുഖ്യമന്ത്രിയാണ്. എന്നാൽ, രണ്ടാമൻ എന്ന് ഔദ്യോഗികമായി ഒരു പദവിയൊന്നും ഇല്ലതാനും. എന്നാൽ, മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രിസഭയിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഭരണം കൊണ്ടുപോകോനും നിയമസഭയിൽ സാമാജികരുടെ ചോദ്യത്തിന് മറുപടി പറയുകയുമെല്ലാം ചെയ്യുന്ന മന്ത്രിയെ അനൗദ്യോഗികമായി രണ്ടാമനെന്ന് വിശേഷിപ്പിച്ചു വരുന്നുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇങ്ങനെ അനൗദ്യോഗികമായി രണ്ടാമനെന്ന സ്ഥാനമുണ്ടായിരുന്നത് മന്ത്രി ഇ പി ജയരാജനായിരുന്നു. മുഖ്യമന്ത്രിയുടെ തൊട്ടടുത്തായിരുന്നു ഇ പി യുടെ ഇരിപ്പിടവും. എന്നാൽ, ബന്ധു നിയമന വിവാദത്തിൽ പെട്ട് സ്ഥാനം രാജിവെക്കേണ്ടി വന്നതോടെ പിണറായിക്ക് അടുത്തുള്ള സീറ്റിലേക്ക് പ്രമോഷൻ ലഭിച്ചത് മന്ത്രി എകെ ബാലനായിരുന്നു.

ഇ പി ജയരാജന്റെ കസേര എ കെ ബാലനു നൽകിയപ്പോൾ അദ്ദേഹമാണ് രണ്ടാമനെന്നാണ് പൊതുവേ ധരിച്ചത്. വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടി ബാലന് നൽകുമെന്നും സൂചനയും അന്ന് പുറത്തുവന്നിരുന്നു. പിണറായ മന്ത്രിസഭയിലെ മുതിർന്ന അംഗമായ തോമസ് ഐസക്കിനെ ജയരാജന്റെ പകരക്കാരനായി പരിഗണിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ പിണറായി മന്ത്രിസഭയിലെ രണ്ടാമനെന്ന പദവി അദ്ദേഹത്തിനു ലഭിച്ചില്ല. ഇപിക്ക് പകരം എ കെ ബാലൻ വന്നെങ്കിലും ബാലനല്ല രണ്ടാമനെന്നാണ് ഇപ്പോഴും വ്യക്തമാകുന്ന കാര്യം. കാരണം, മന്ത്രിസഭയിൽ രണ്ടാമനായിരുന്നിട്ടും ഇന്ന് മുഖ്യമന്ത്രിക്ക് വേണ്ടി സഭയിൽ മറുപടി നൽകിയത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനായിരുന്നു.

നിയമസഭയിലെ സീറ്റ് ക്രമത്തിൽ രണ്ടാമനായ എ കെ ബാലൻ മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകുമെന്ന് കരുതിയിടത്താണ് എ കെ ബാലന്റെ അടുത്ത കസേരയിൽ ഇരിക്കുന്ന മന്ത്രി ജി സുധാകരനെ പിണറായി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ചുമതലപ്പെടുത്തിയത്. മറ്റ് ചില പരിപാടികളുടെ തിരക്കിൽപെട്ട് മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എ കെ ബാലൻ മറുപടി നൽകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അതുണ്ടായില്ല. ഇത് സംബന്ധിച്ച് പ്രശ്‌നം പി ടി തോമസ് എംഎൽഎ സഭയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയില്ലാത്തപ്പോൾ ആരാണ് രണ്ടാമനെന്നും ആരാണ് മറുപടി നൽകുക എന്നുമുള്ള ചോദ്യമാണ് അദ്ദേഹം സ്പീക്കറോട് ഉന്നയിച്ചത്. എന്നാൽ, മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആർക്കും മറുപടി നൽകാമെന്നും രണ്ടാമൻ പ്രശ്‌നം ഉദിക്കുന്നില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറയുകയും ചെയ്തു.

അടുത്തിടെ നിയമസഭയിൽ മന്ത്രി നൽകിയ മറുപടി ഉടനടി തന്നെ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയ സംഭവവും ഉണ്ടായിരുന്നു. ആദിവാസി വിഭാഗത്തിലെ പ്രഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കു സർക്കാർ നേരിട്ടു നിയമനം നടത്തുമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തിയത്. ബിരുദധാരികളും പ്രഫഷണൽ യോഗ്യതയുള്ളവരുമായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ജോലി നൽകുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണിക്കുകയാണെന്നും ഇതിന്റെ ആദ്യപടിയായി വയനാട് ജില്ലയിലെ 241 സ്‌കൂളുകളിൽ ഗോത്രബന്ധു പദ്ധതി പ്രകാരം നിയമനം നടത്തുമെന്നുമായിരുന്നു ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയായി ബാലന്റെ പ്രഖ്യാപനം. പിന്നീട് ഇവരുടെ നിയമനം റഗുലേറ്റ് ചെയ്യണമെന്നു പി.എസ്.സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഉടൻ ഇടപെട്ട മുഖ്യമന്ത്രി കേരളത്തിൽ ഒരു നിയമന വ്യവസ്ഥയുണ്ടെന്നും അതു മറികടന്ന് ഒരു വകുപ്പിനും മുന്നോട്ടുപോകാൻ കഴിയില്ലെന്നും വ്യക്തമാക്കി. ഇതോടെ വെട്ടിലായ ബാലൻ മുഖ്യമന്ത്രി പറഞ്ഞതു സുപ്രീംകോടതിയുടെ വിധിയാണെന്നു വ്യക്തമാക്കി തലയൂരി.

ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് നിയമസഭയിലെ ചോദ്യോത്തര വേള ശ്രദ്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് എ കെ ബാലനേക്കാൾ വിശ്വാസം ജി സുധാകരനിലാണ് എന്ന തോന്നൽ പൊതുവിൽ ഈ സംഭവത്തോടെ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറുപടി നൽകാൻ ചുമതല വഹിക്കുക എന്നത് ഒരു നേട്ടം തന്നെയാണ്. മന്ത്രിമാരിൽ അടക്കം മുഖ്യമന്ത്രിയുടെ വിജിലൻസ് കണ്ണുകൾ ഉണ്ടെന്ന വിധത്തിലുള്ള സന്ദേഹങ്ങളുണ്ട്. അഴിമതി സംശയത്തിന്റെ സാഹചര്യത്തിൽ പിണറായി വിജയനെ വിശ്വസ്തനായ മന്ത്രിയെ അദ്ദേഹം ശാസിച്ചെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സിപിഐ(എം) കേന്ദ്രക്കമ്മിറ്റിയിൽ എ കെ ബാലനെക്കാൾ ഏറെ സീനിയറാണ് തോമസ് ഐസക്. കേന്ദ്രക്കമ്മിറ്റി പട്ടികയിൽ ഐസക് മുപ്പത്തിമൂന്നാമനുമാണ്. ബാലൻ എഴുപത്തി അഞ്ചാം സ്ഥാനത്താണുള്ളത്. ജി സുധാകരൻ ആകട്ടെ കേന്ദ്രകമ്മിറ്റിയിൽ അംഗവുമല്ല. പിണറായി മന്ത്രിസഭയിൽ പാർട്ടിയിലെ സീനിയോറിറ്റി പ്രകാരമായിരുന്നു സീറ്റു വിഭജനം നടത്തിയിരുന്നത്. മുഖ്യമന്ത്രിക്കു ശേഷമുള്ള രണ്ടാമന്റെ കാര്യത്തിലും ഈ മാനദണ്ഡമാണ് പരിഗണിക്കുക എന്നായിരുന്നു പാർട്ടി കേന്ദ്രങ്ങൾ ഉൾപ്പടെ പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രക്കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും സീനിയോറിറ്റി അനുസരിച്ചാണ് നിയമസഭയിൽ സിപിഐ(എം) അംഗങ്ങൾക്കു സീറ്റ് നൽകിയിരുന്നത്. കേന്ദ്രക്കമ്മിറ്റിയിൽ ഇ പി ജയരാജൻ, വൈക്കം വിശ്വൻ, തോമസ് ഐസക്, എ വിജയരാഘവൻ, കെ കെ ശൈലജ എന്നിങ്ങനെയാണ് സീനിയോറിറ്റി ക്രമം.

ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം നഷ്ടമായതോടെ മന്ത്രിസഭയിലും സിപിഎമ്മിന് അകത്തും ചില സമവാക്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. ഇ പി ജയരാജനൊപ്പമാണ് കോടിയേരി ബാലകൃഷ്ണനും. ഐസക്കും കോടിയേരി ചേരിയോട് അടുത്തു നിന്നാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് എ കെ ബാലൻ പിണറായിയുടെ വിശ്വസ്തനായത്. എന്നാൽ, മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറയാൻ ജി സുധാകരനെ നിയോഗിച്ചതോടെ എ കെ ബാലനല്ല രണ്ടാമനെന്ന പ്രഖ്യാപനം കൂടിയായി.