സിഡ്നി: സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഒരിക്കൽ പുലിവാല് പിടിച്ച താരമാണ് ടെന്നീസ് താരം മറിയം ഷറപ്പോവ. അന്ന് മലയാളികൾ അടക്കം ഉള്ള സച്ചിൻ ആരാധകർ കൂട്ടത്തോടെ എത്തി ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജിൽ ചീത്ത വിളിച്ചിരുന്നു. മലയാളത്തിലുള്ള ചീത്തകൾ കണ്ട് അന്ന് ഷറപ്പോവ പോലും ഞെട്ടി.

ഇത്തവണ മലയാളികൾ അടക്കമുള്ള സച്ചിൻ ആരാധകരുടെ കൂട്ടപൊങ്കാലയ്ക്ക് ഇരയായിരിക്കുന്നത് ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകനായ ഡെന്നീസ് ഫ്രീഡ്മാനാണ്. സച്ചിൻ ആരെന്ന് ചോദിക്കുന്ന ജഴ്‌സി ധരിച്ചെത്തിയാണ് ഫ്രെഡ്മാൻ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മാധ്യമ പ്രവർത്തകനാണ് ഡെന്നീസ്. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ട്രോളുകയാണ് ആശാന്റെ മുഖ്യ വിനോദം. വിരേന്ദ്ര സെവാഗ് സ്ഥിരം കൊമ്പു കോർക്കുന്ന മോർഗണിന്റെ ഓസീസ് പതിപ്പാണ് ഡെന്നീസ്.

ഡെന്നീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയാണ് സച്ചിൻ. കഴിഞ്ഞ ദിവസം അദ്ദേഹം സച്ചിനെ പരിഹസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. സച്ചിൻ ആരാണെന്ന് എഴുതിയിരിക്കുന്ന ജെഴ്സി ധരിച്ച പഴയ ചിത്രം വീണ്ടും പോസ്റ്റു ചെയ്തു കൊണ്ടായിരുന്നു ഡെന്നീസ് സച്ചിൻ ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ ഡെന്നീസിന് മറുപടിയുമായി സച്ചിൻ ആരാധകർ ഓടിയെത്തുകയായിരുന്നു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും അശ്ശീല കമന്റുകളും ആരാധകരുടെ മറുപടിയിലുണ്ട്.