കോഴിക്കോട്: എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ എൻ സി കെയ്ക്ക് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തിയതിന് പിന്നാലെ മത്സരരംഗത്തേക്ക് ഭാരതീയ നാഷണൽ ജനതാദളുമെത്തുന്നത് യു ഡി എഫിനെ പ്രതിസന്ധിയിലാക്കുന്നു. യു ഡി എഫിലെ ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് യു ഡി എഫ് അനുവദിച്ച സീറ്റാണ് എലത്തൂരെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പാർട്ടി വിദ്യാർത്ഥി സംഘടനയായ വിദ്യാർത്ഥി ജനതയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സെനിൻ റാഷിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സെനിൻ റാഷി നാമനിർദ്ദേശ പത്രികയും സമർപ്പിച്ചിട്ടുണ്ട്. ഇതോടെ യു ഡി എഫ് സ്ഥാനാർത്ഥികളാണെന്ന പേരിൽ മൂന്നു പേരാണ് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.

യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ മാണി സി കാപ്പന്റെ എൻ സി കെയുടെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി, കോൺഗ്രസ് പ്രവർത്തകർ മത്സര രംഗത്തേക്കിറക്കിയ കോൺഗ്രസ് നേതാവ് യു വി ദിനേശ് മണി, ഭരതീയ നാഷണൽ ജനതാദളിന്റെ സെനിൻ റാഷി എന്നിവരാണ് യു ഡി എഫ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് മത്സര രംഗത്തുള്ളത്.

പാർട്ടി ആവശ്യപ്പെട്ടതുപ്രകാരം രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം എം ഹസൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ച് എലത്തൂർ സീറ്റ് ഭാരതീയ നാഷണൽ ജനതാദളിന് അനുവദിച്ചതാണെന്ന് നേതാക്കൾ പറയുന്നു. ഇതിന് പുറമെ യു ഡി എഫിന് വേണ്ടി മലമ്പുഴ മണ്ഡലത്തിൽ ഭാരതീയ നാഷണൽ ജനതാദൾ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാർട്ടി അത് അംഗീകരിച്ചില്ല. എലത്തൂർ മണ്ഡലത്തിൽ സംഘടനാ സംവിധാനമുള്ള പാർട്ടിയാണ് ഭാരതീയ നാഷണൽ ജനതാദൾ. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിൽ പാർട്ടിക്ക് കമ്മിറ്റികളുണ്ട്. അഞ്ചു പഞ്ചായത്ത് മെമ്പർമാരുമുണ്ട്. ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയത് ജനതാദളിന്റെ രണ്ട് മെമ്പർമാരെ കൂടി ചേർത്തിട്ടാണ്. എം പി വീരേന്ദ്രകുമാർ യു ഡി എഫ് വിട്ടുപോയപ്പോൾ യു ഡി എഫിൽ ഉറച്ചു നിന്നവരാണ് ഭാരതീയ നാഷണൽ ജനതാദൾ എന്നും നേതാക്കൾ വ്യക്തമാക്കി.

എലത്തൂർ മണ്ഡലത്തിൽ ഒരാൾ പോലുമില്ലാത്ത എൻ സി കെ എന്ന പാർട്ടി സീറ്റ് ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവുമില്ല. സംസ്ഥാനത്ത് എലത്തൂർ മാത്രമാണ് ജനതാദളിന് ലഭിച്ചത്. ഇവിടെ പാർട്ടി മത്സരിക്കുന്നതിന് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ എൻ സി കെയ്ക്ക് സീറ്റ് നൽകാൻ യു ഡിഎഫ് തീരുമാനിച്ചതോടെയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കാൻ തീരുമാനിച്ചത്. എൻ സി കെ പ്രതിനിധിയായി സുൽഫിക്കർ മയൂരി മത്സരിച്ചാൽ യു ഡി എഫിന് വലിയ തിരിച്ചടിയാവും. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ ജനതാദൾ പ്രതിനിധി മത്സരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് യു ഡി എഫിനോട് ആവശ്യപ്പെടുമെന്നും ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന ജന. സെക്രട്ടറിമാരായ ഷംനാദ് കൂട്ടിക്കട, സി കെ സഹജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ തൈവളപ്പിൽ എന്നിവർ പറഞ്ഞു.

ആദ്യം ഭാരതീയ നാഷണൽ ജനതാദളിന് നൽകുമെന്ന് പറഞ്ഞ എലത്തൂർ സീറ്റ് യു ഡി എഫ് പിന്നീട് മാണി സി കാപ്പന്റെ എൻ സി കെയ്ക്ക് വിട്ടു നൽകുകയായിരുന്നു. ഇതോടെ സ്ഥാനാർത്ഥിയായി സുൽഫിക്കർ മയൂരി പ്രചരണം ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരെത്തിയത്. ഡിസിസി ഓഫീസ് ഉപരോധവും പരസ്യപ്രകടനവും ഉൾപ്പെടെ സംഘടിപ്പിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടാവാതെ വന്നതോടെയാണ് കെ പി സി സി നിർവ്വാഹക സമിതി അംഗമായിരുന്ന യു വി ദിനേശ് മണിയെ ഇവർ സ്ഥാനാർത്ഥിയി പ്രഖ്യാപിച്ചത്. ഇരുവരും പ്രചാരണവുമായി മുന്നോട്ടു പോകുമ്പോഴാണ് ആദ്യം സീറ്റ് അനുവദിച്ചു കിട്ടിയ ഭാരതീയ നാഷണൽ ജനതാദളും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മത്സര രംഗത്തേക്കിറങ്ങിയിട്ടുള്ളത്.