കൊച്ചി: സനു മോഹനെയും വൈഗയെയും കുറച്ചുകാലമേ ഫ്‌ളാറ്റിലുള്ളവർക്ക് അറിവുള്ളൂ. ഈ ചെറിയ കാലത്ത് അയൽാസികളും ബന്ധുക്കളും അറിയുന്നത് സ്‌നേഹനിധിയായ പിതാവ് എന്ന നിലയിലാണ്. മകളാകട്ടെ മിടുമിടുക്കിയും. അങ്ങനെയുള്ള മകൾ എങ്ങനെയാണ് കൊല്ലപ്പെട്ടത്. അതോ സനു മോഹനെ അപായപ്പെടുത്താൻ എത്തിയവർ കൊലപ്പെടുത്തിയതാണ്. സ്വന്തം പിതാവ് തന്നെയാണ് വൈഗയെന്ന മിടുക്കിയുടെ ഘാതകനായത് എന്നറിയാൻ ഇനി വേണ്ടത് മണിക്കൂറുകൾ മാത്രമാണ്.

പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയെ കുറിച്ച് ഫ്ളാറ്റിലുള്ളവർക്ക് പറയാനുള്ളത് നല്ല നല്ല ഓർമകൾ മാത്രം. എപ്പോഴും കളിച്ചും ചിരിച്ചും ഒരു പൂമ്പാറ്റയെപ്പോലെ ഫ്ളാറ്റ് അങ്കണത്തിൽ ആ 13 വയസ്സുകാരി ഓടിനടന്നിരുന്നു. ഫ്ളാറ്റിലുള്ളവരുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന വൈഗ, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കിയായിരുന്നു. വൈഗയുടെ വിയോഗം കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലുള്ളവരെയും വേദനിപ്പിച്ചിരുന്നു. കർവാറിൽ സനുമ മോഹൻ പിടിയിലായതോടെ കേരളം തേടുന്ന പ്രധാനപ്പെട്ട ഉത്തരം അതാണ്.

വൈഗയെ കൊലപ്പെടുത്തിയില്ലെങ്കിൽ എന്തിനാണ് അദ്ദേഹം പൊലീസിനെ ഒളിച്ചു കളിച്ചത് എന്ന ചോദ്യം അടക്കം ഉയരുന്നുണ്ട്. എന്തായാലും ഉടൻ തന്നെ ഈ ദുരൂഹത നീങ്ങുമെന്നാണ് സൂചന. നാളെയാണ് കൊച്ചി പൊലീസ് കമ്മീഷണർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഇന്ന് പ്രതിയുമായി പൊലീസ് കേരളത്തിലേക്കുള്ള ചോദ്യം ചെയ്യലിലാണ്. അന്വേഷണസംഘത്തിന് പ്രതിയെ വിശദമായി തന്നെ ചോദ്യം ചെയ്യേണ്ടി വരും.

മാർച്ച് 21-നാണ് ആലപ്പുഴയിലെ ഭാര്യവീട്ടിൽനിന്ന് മടങ്ങിയ സനുമോഹനെയും മകൾ വൈഗ(13)യെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. കൊച്ചി കങ്ങേരിപ്പടിയിലെ ഫ്ളാറ്റിലെത്തിയ സനുവിനെക്കുറിച്ചും മകളെക്കുറിച്ചും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഫ്ളാറ്റിൽനിന്ന് കാറിൽ മകളുമായി യാത്രതിരിച്ചെന്ന വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

മാർച്ച് 22-ന് മുട്ടാർ പുഴയിൽനിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സനു മോഹൻ 'അപ്രത്യക്ഷനായി' തുടരുകയായിരുന്നു. ഇതോടെ സംഭവത്തിലെ ദുരൂഹതയും വർധിച്ചു. സനുമോഹനും പുഴയിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ ആദ്യദിവസങ്ങളിൽ പൊലീസും അഗ്‌നിരക്ഷാസേനയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനുവിന്റെ കാറിനെക്കുറിച്ചും ഒരു വിവരവും ലഭിക്കാതായതോടെ ദുരൂഹത മണത്തു. തുടർന്ന് കാർ എവിടേക്ക് പോയെന്ന് കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. കൊച്ചിയിലെ വിവിധ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അവസാനം കാർ വാളയാർ കടന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ നിർണായകമായത്.

സനുമോഹൻ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിൽ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ, സനുവിന്റെ മുൻകാല ജീവിതത്തെക്കുറിച്ച് സംശയാസ്പദമായ പലവിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. മഹാരാഷ്ട്രയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് സനുമോഹനെന്നും മഹാരാഷ്ട്ര പൊലീസ് ഇയാളെ തിരയുകയാണെന്നും വിവരം ലഭിച്ചതോടെ വൈഗയുടെ മരണവും പിതാവായ സനുമോഹന്റെ തിരോധാനവും തികച്ചും ആസൂത്രിതമാണെന്ന് പൊലീസ് ഉറപ്പിച്ചു.

ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹൻ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു. പുണെയിൽനിന്ന് അഞ്ച് വർഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാൻ ഒരു താത്പര്യവും കാണിച്ചിരുന്നില്ല. എന്നാൽ അടുത്തയിടെ ഓണത്തിനുൾപ്പെടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുൾപ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാൾ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

മകൾ വൈഗയെ അഭിനയരംഗത്ത് എത്തിക്കാൻ സനു ആഗ്രഹിച്ചതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. വൈഗയെ സിനിമ-പരസ്യ മേഖലകളിൽ എത്തിക്കാൻ സനു മോഹൻ താത്പര്യപ്പെട്ടതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.

ഏറെ ദുരൂഹതനിറഞ്ഞതായിരുന്നു സനുമോഹന്റെ കൊച്ചിയിലെ ജീവിതം. ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി ഏകദേശം 11 ലക്ഷം രൂപയാണ് ഇയാൾ വായ്പയെടുത്തിരുന്നത്. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് ആരുമറിയാതെ സ്വകാര്യവ്യക്തിക്ക് പണയത്തിന് നൽകുകയും ചെയ്തു. ഫ്ളാറ്റിൽ റസിഡന്റ്സ് അസോസിയേഷൻ രൂപവത്കരിച്ചതു തന്നെ സനു മോഹൻ മുന്നിട്ടിറങ്ങിയാണ്. അങ്ങനെ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയുമായി. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ഇടപെടുകയും ചെയ്തിരുന്ന സനു മോഹൻ ഇവിടെയുള്ളവരുടെ വിശ്വാസം ആർജിച്ചെടുത്തു.

അഞ്ചുവർഷം മുമ്പാണ് സനു മോഹൻ ഭാര്യയുടെ പേരിൽ ഫ്ളാറ്റെടുത്തത്. ഒരു മുറിയും ഹാളും അടുക്കളയുമുൾപ്പടെയുള്ള ചെറിയ ഫ്ളാറ്റായിരുന്നു ഇത്. തുടക്കത്തിൽ എല്ലാവരോടും ആകർഷകമായ രീതിയിൽ ഇടപെട്ടിരുന്ന സനു മോഹൻ പിന്നീട് ഫ്ളാറ്റിലുള്ളവരോടും കടം വാങ്ങിയതായി ചിലർ വ്യക്തമാക്കുന്നു. ബിസിനസ് ആവശ്യം ചൂണ്ടിക്കാട്ടിയാണ് കടം വാങ്ങിയിരുന്നത്. ചിലർക്ക് പകരം ചെക്ക് നൽകിയെങ്കിലും ചെക്ക് മടങ്ങിയപ്പോൾ പലരിലും സംശയം ജനിച്ചു.

ആഴ്ചകൾക്ക് മുൻപ് ഇടിമിന്നലേറ്റ് ഫ്ളാറ്റിലെ സി.സി.ടി.വി. ക്യാമറ തകരാറിലായിരുന്നു. എന്നാൽ, ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറിയായിട്ടും സനു മോഹൻ തകരാർ പരിഹരിക്കാൻ ശ്രമിച്ചില്ലത്രെ. നിലവിലെ സാഹചര്യവുമായി കൂട്ടിവായിക്കുമ്പോൾ ക്യാമറ തകരാർ പരിഹരിക്കാതിരുന്നത് മനഃപൂർവമായിരുന്നോ എന്ന സംശയവും ചിലർക്കുണ്ട്. കങ്ങേരിപ്പടിയിലെ ഫ്ളാറ്റിനുള്ളിൽ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽ നിന്നും നിരവധി ഓൺലൈൻ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സാമ്പത്തിക ഇടപാടുകൾ തന്നെയാണ് ഇത്തരമൊരു തിരോധാനത്തിന് പിന്നിലെന്ന് പൊലീസും സംശയിച്ചു.

സനുവിന്റെ തിരോധാനം ഒരുവശത്ത് നിൽക്കവേ മറുവശത്ത് മകൾ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങളും ദുരൂഹതകളും വർധിക്കുകയായിരുന്നു. വൈഗയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചെങ്കിലും പുഴയിൽ വീണതാണോ പുഴയിലേക്ക് എറിഞ്ഞതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. മാത്രമല്ല, സംഭവദിവസം വൈഗയെ അബോധാവസ്ഥയിലാണ് സനുമോഹൻ കാറിൽ കയറ്റി കൊണ്ടുപോയെന്ന വിവരവും നിർണായകമായി.

വൈഗയുടെ ശരീരത്തിൽ വിഷാംശമോ മറ്റോ ആദ്യഘട്ട പരിശോധനയിൽ കണ്ടെത്താനായിരുന്നില്ല. ശരീരത്തിൽ പീഡനമേറ്റിട്ടില്ലെന്നും വ്യക്തമായി. ഏറ്റവുമൊടുവിൽ ആന്തരാവയവങ്ങളുടെ പരിശോധനഫലം പുറത്തുവന്നതോടെയാണ് നിർണായകമായ വിവരം ലഭിച്ചത്. വൈഗയുടെ ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു പരിശോധനഫലം. ഇതോടെ മയക്കികിടത്തിയാണ് വൈഗയെ ഫ്ളാറ്റിൽനിന്ന് കൊണ്ടുപോയതെന്ന സംശയവും വർധിച്ചു. വൈഗയുടെ മരണത്തിന് പിന്നാലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ ചില രക്തക്കറകൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വൈഗയുടേതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.

വെഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ മദ്യം നൽകി വൈഗയെ ബോധരഹിതയാക്കി പുഴയിൽ തള്ളിയിട്ടതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ഇതോടെ സനു തന്നെയാണ് കൊലപായളഇ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അതിനിടെ, സനു മോഹൻ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നതാണ് ഇയാളെ പിടുകൂടുന്നതിൽ നിർണായകമായത്. സ്വന്തം ആധാർ കാർഡ് ഉപയോഗിച്ചാണു മുറിയെടുത്തതെന്നും വ്യക്തമായി. ഹോട്ടലിലെ ബിൽ അടയ്ക്കാതെയാണ് ഇയാൾ മുങ്ങിയത്. ലോഡ്ജിൽ നൽകിയത്, നേരത്തെ ഇയാൾ ഉപേക്ഷിച്ച, പ്രവർത്തന രഹിതമായ ഫോൺ നമ്പറാണ്. ലോഡ്ജിലെ ജീവനക്കാർ ഇതിൽ വിളിച്ചു നോക്കിയിരുന്നു. ലോഡ്ജ് ജീവനക്കാർ മലയാളികളുടെ സഹായത്തോടെ അന്വേഷണം തുടങ്ങിയതിനെ തുടർന്നാണു സിറ്റി പൊലീസിനു വിവരം ലഭിച്ചത്. സ്വന്തം മൊബൈൽ ഫോണോ എടിഎം കാർഡോ ഇയാൾ ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ദൃക്സാക്ഷി മൊഴികളിൽ നിന്നുമാണു സനു മോഹനെ പൊലീസ് തിരിച്ചറിഞ്ഞത്.